Wednesday, March 12, 2014

ബലാത്സംഗ പരാതിയില്‍ മാതൃകാനടപടി വേണം

ഒരു സര്‍ക്കാര്‍ വിലയിരുത്തപ്പെടുക അതിന്റെ ചെയ്തികളിലൂടെയാണ്. അതിലൂടെയാണ് ജനപക്ഷം, ജനവിരുദ്ധം എന്നീ മുദ്രകള്‍ ചാര്‍ത്തപ്പെടുന്നതും. അങ്ങനെയെങ്കില്‍ ഉമ്മന്‍ചാണ്ടി നയിക്കുന്ന കേരളത്തിലെ ഐക്യജനാധിപത്യ മുന്നണി സര്‍ക്കാരിന് അഴിമതിക്കും സ്വജനപക്ഷപാതത്തിനും പുറമെ സ്ത്രീ പീഡനത്തിന്റെ മുഖമുദ്ര കൂടിയുണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ എ പി അബ്ദുള്ളക്കുട്ടിക്കെതിരെ സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ പൊലീസിനു നല്‍കിയ ബലാത്സംഗ പരാതി വിളിച്ചറിയിക്കുന്നു.

തട്ടിപ്പുകേസിലെ പ്രതി എന്നതിനപ്പുറം ഭരണമണ്ഡലമാകെ വ്യാപിച്ച സ്വാധീനവലയത്തിന്റെ ഉടമയാണ് സരിത. മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ഭരണത്തിലെ താക്കോല്‍സ്ഥാനങ്ങളില്‍ ഉള്ളവര്‍ എന്നിങ്ങനെ നിരവധിപേരാണ് സരിതയുടെ ചങ്ങാത്തത്തിലുള്ളത്. അതുകൊണ്ടുതന്നെയാണ് സരിതയും ബിജു രാധാകൃഷ്ണനും ഉള്‍പ്പെട്ട സോളാര്‍ കേസ് കോളിളക്കമുണ്ടാക്കിയതും വാര്‍ത്താപ്രാധാന്യം നേടിയതും.

ഈ കേസുമായി ബന്ധപ്പെട്ട് ഉന്നതരുമായുള്ള സരിതയുടെ ബന്ധം തുടക്കം മുതല്‍തന്നെ ചര്‍ച്ചചെയ്യപ്പെടുന്നതാണ്. അതൊക്കെ സൂചനകളുടെയും സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നുതാനും. ആര്‍ക്കെങ്കിലുമെതിരെ വ്യക്തമായി വിരല്‍ ചൂണ്ടാനുള്ള തെളിവുകള്‍ പുറത്തുവന്നിരുന്നില്ല. എന്നാല്‍ ആ സ്ഥിതി മാറി. അബ്ദുള്ളക്കുട്ടി തന്നെ മാനഭംഗപ്പെടുത്തിയെന്ന് സരിത എന്ന ഇര പൊലീസില്‍ പരാതി നല്‍കുകയും മാധ്യമങ്ങളോട് അക്കാര്യം തുറന്നുപറയുകയും ചെയ്തിരിക്കുന്നു.

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ സരിത എത്തുന്നതും പോകുന്നതും അവിടെവെച്ചു തന്നെ മാധ്യമങ്ങളുമായി സംസാരിക്കുന്നതുമൊക്കെ ദൃശ്യമാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ്. എന്നിട്ടും അടുത്തദിവസം പൊലീസ് അവകാശപ്പെട്ടത് അബ്ദുള്ളക്കുട്ടിക്കെതിരെ പീഡന പരാതി സരിത നല്‍കിയില്ലെന്നാണ്. അടുത്തദിവസം പൊലീസ് നിലപാട് മാറ്റി. കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷിക്കും എന്നുമുള്ള പൊലീസിന്റെ അറിയിപ്പുണ്ടായി.

തലസ്ഥാനത്തെ നക്ഷത്ര ഹോട്ടലില്‍ വിളിച്ചുവരുത്തി അബുദുള്ളക്കുട്ടി എംഎല്‍എ തന്നെ മാനഭംഗപ്പെടുത്തുകയും പരുക്കേല്‍പ്പിക്കുകയും ചെയ്തതായിട്ടാണ് സരിതയുടെ പരാതി. സോളാര്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഹോട്ടലില്‍ വിളിച്ചുവരുത്തിയതെന്നും പരാതിയില്‍ പറയുന്നുണ്ട്. കേസെടുക്കാന്‍ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയതറിഞ്ഞ് അബ്ദുള്ളക്കുട്ടി മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും കെപിസിസി അധ്യക്ഷനെയും അഭയം പ്രാപിച്ചതായാണ് റിപ്പോര്‍ട്ട്.

പീഡനക്കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ഭരണകക്ഷിയിലെ ഒരു എംഎല്‍എ ആണ്. അപ്പോള്‍ നീതിയുടെ തുലാസ് പ്രതിഭാഗത്തേക്ക് നീങ്ങിയാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല. സരിതയുടെ പരാതിയില്‍ വിശദമായ അന്വേഷണത്തിനുശേഷം തുടര്‍നടപടിയെന്ന ഡിജിപിയുടെ അറിയിപ്പ് അത്തരത്തിലുള്ള ചൂണ്ടുപലകയാണ്. എന്നുമാത്രമല്ല, കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണ ചിത്രം ജനങ്ങളുടെ മുന്നിലുണ്ട്. തിരുവനന്തപുരത്ത് നിന്നും ഒന്നിച്ച് വിമാനം കയറി ഡല്‍ഹിയിലെത്തി തരൂരിനൊപ്പം ഹോട്ടലില്‍ തങ്ങിയ സുനന്ദയെ പിന്നെ കാണുന്നത് മരിച്ചനിലയിലാണ്. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍, പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍, തരുരിന്റെയും സ്റ്റാഫിന്റെയും മൊഴികളിലെ വൈരുദ്ധ്യം എന്നിങ്ങനെ മരണത്തില്‍ ദുരൂഹത കണ്ടെത്താവുന്ന തെളിവുകള്‍ ഉണ്ടായിരുന്നിട്ടും കേസ് അന്വേഷണം മരവിപ്പിച്ചത് പ്രതിപ്പട്ടികയില്‍ വരേണ്ടത് കേന്ദ്രമന്ത്രി ആണെന്നതിനാലാണ്.

ഇതുപോലെ തന്നെയാണ് നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ അടുത്തിടെ നടന്ന തൂപ്പുകാരി രാധയുടെ കൊലപാതകം. ഈ കേസിലും അന്വേഷണം ശരിയായ വഴിക്കല്ല നീങ്ങുന്നതെന്ന പരാതി വ്യാപകമാണ്. യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് ആദ്യം മുതല്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. കുറ്റകൃത്യം നടന്ന സ്ഥലം സീല്‍ ചെയ്യുക എന്നത് അന്വേഷണത്തിലെ മൗലീകമായ കാര്യമാണ്. നിലമ്പൂരിലെ കാര്യത്തില്‍ അതുണ്ടായില്ല. ഇപ്പോള്‍ വനിതാ എഡിജിപിയെ അന്വേഷണം എല്‍പ്പിച്ചെങ്കിലും അതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം തെളിവുകളൊക്കെ നശിപ്പിക്കപ്പെട്ട ശേഷമാണ് ഇത്തരമൊരു അന്വേഷണം എന്നതുതന്നെ.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തന്‍പിള്ള നയമാണ് ഈ കേസുകളിലൊക്കെ പ്രതിഫലിക്കുന്നത്. കുറ്റവാളികള്‍ സംരക്ഷിക്കപ്പെടുന്നു. നിയമ വ്യവസ്ഥക്ക് പുല്ലുവിലയാണ് ഈ ഭരണക്കാര്‍ കല്‍പ്പിക്കുന്നത്. കടുത്ത ശിക്ഷ നല്‍കി ബലാത്സംഗം കുറച്ചുകൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ ബലാത്സംഗ വിരുദ്ധ നിയമം. ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ഇരുപതു വര്‍ഷത്തില്‍ കുറയാത്തതും പരമാവധി ജീവപര്യന്തം തടവുമാണ് പുതിയ നിയമത്തില്‍ വ്യവസ്ഥചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിനുശേഷം നിയമം കര്‍ക്കശമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ എസ് വര്‍മ സമിതിയുടെ ശുപാര്‍ശകള്‍ കൂടി ഉള്‍ക്കൊള്ളിച്ചാണ് പുതിയ നിയമം രൂപപ്പെടുത്തിയിരിക്കുന്നത്.

ഇതനുസരിച്ച് ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. എന്നാല്‍ അബ്ദുള്ളക്കുട്ടിയുടെ കാര്യത്തില്‍ അത്തരമൊരു നീക്കം പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ഉണ്ടാകാന്‍ സാധ്യതയുമില്ല. അത് കാട്ടുനീതിയായി കാണാം. എന്നാല്‍ ഇവിടെ പ്രസക്തം ഒരു ജനപ്രതിനിധി ലൈംഗികാപവാദത്തില്‍ പെട്ടിരിക്കുന്നു എന്നതാണ്. ഭരണഘടനയും നിയമവും മുറുകെപ്പിടിക്കാന്‍ ബാധ്യസ്ഥനായ ഒരു എംഎല്‍എ നിയമത്തിനു മുന്നില്‍ കീഴടങ്ങുന്നതിനു പകരം അതിനെ നോക്കുകുത്തിയാക്കാനും വെല്ലുവിളിക്കാനുമാണ് ഇവിടെ ശ്രമിക്കുന്നത്.

കോണ്‍ഗ്രസ് സംസ്‌ക്കാരത്തിന് ഇത് അനുയോജ്യമാണെങ്കിലും പ്രബുദ്ധ കേരളത്തിന് അപമാനകരമാണിത്. കോണ്‍ഗ്രസിന്റെ മുഖം ഇത് കൂടുതല്‍ വികൃതമാക്കുന്നു. അതിനാല്‍ ജുഗുപ്‌സാവഹമായ ബലാത്സംഗ കുറ്റം ചുമത്തപ്പെട്ട സഹചര്യത്തില്‍ അബ്ദുള്ള കുട്ടി എംഎല്‍എ സ്ഥാനം രാജിവെക്കുകയും നിയമത്തിന് കീഴ്‌പ്പെടുകയുമാണ് വേണ്ടത്.

തെറ്റുചെയ്തവര്‍ക്കൊപ്പം ഇല്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ്-ഭരണ നേതൃത്വത്തിനുണ്ട് അവര്‍ അതില്‍ നിന്ന് ഒഴിഞ്ഞു മാറിയാല്‍ ജനങ്ങള്‍ അവരെ ശിക്ഷിക്കുക തന്നെ ചെയ്യും

janayugom editorial

No comments:

Post a Comment