Saturday, March 1, 2014

ചന്ദ്രശേഖരന്‍ കേസിന് പ്രത്യേകതയില്ല: കോടതി

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ കേസിന് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് ഹൈക്കോടതി. മറ്റു കേസുകള്‍പോലെ മാത്രമേ ഇതും കാണാനാവൂ എന്ന് ജസ്റ്റിസുമാരായ വി കെ മോഹനന്‍, ബി കമാല്‍പാഷ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. തെളിവു നശിപ്പിക്കല്‍ കുറ്റത്തിന് വിചാരണക്കോടതി മൂന്നുവര്‍ഷം തടവിനു ശിക്ഷിച്ച 31-ാം പ്രതി ലംബു പ്രദീപന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു. ഉപാധികളോടെ ജാമ്യം നല്‍കാനും നിര്‍ദേശിച്ചു.

ചന്ദ്രശേഖരന്‍ വധക്കേസ് പ്രത്യേക കേസായി പരിഗണിക്കണമെന്നും പ്രതിയുടെ ശിക്ഷ നടപ്പാക്കുന്നത് തടയരുതെന്നുമുള്ള പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി ആസഫലിയുടെ വാദം കോടതി തള്ളി. തെളിവുനശിപ്പിച്ച കുറ്റത്തിനാണ് ലംബു പ്രദീപനെ മൂന്നുവര്‍ഷം കഠിന തടവിനും 20,000 രൂപ പിഴക്കും ശിക്ഷിച്ചത്. വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാത്ത സര്‍ക്കാര്‍ എന്തിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കണമെന്ന് കോടതി ചോദിച്ചു.

ചെന്നിത്തലയുടെ പ്രസ്താവന ഭരണപരിചയമില്ലാത്തതിനാല്‍: തിരുവഞ്ചൂര്‍

കോട്ടയം: ""ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ ഫൈവ്സ്റ്റാര്‍ സൗകര്യമൊരുക്കാന്‍ വേറെ ആളെ നോക്കണമെന്"" ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഒളിയമ്പ്. ചെന്നിത്തലയ്ക്ക് വേണ്ടത്ര ഭരണപരിചയമില്ലാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച കോഴിക്കോട് ചേര്‍ന്ന യുഡിഎഫ് കണ്‍വന്‍ഷനിലാണ് ചെന്നിത്തല തിരുവഞ്ചൂരിനെതിരെ മുനവെച്ച് സംസാരിച്ചത്.

deshabhimani

No comments:

Post a Comment