Friday, March 14, 2014

വടകര: ഇടതുചേര്‍ന്ന് കടത്തനാട്

തെക്ക് കോരപ്പുഴയും വടക്ക് വളപട്ടണം പുഴയുടെ കൈവഴിയായ അഞ്ചരക്കണ്ടി പുഴയും അതിരിടുന്ന വടകര ലോക്സഭാ മണ്ഡലം ഇടതുപക്ഷത്തെ നെഞ്ചേറ്റിയ മണ്ണാണ്. കോണ്‍ഗ്രസും മുസ്ലിംലീഗും ബിജെപിയും ചേര്‍ന്നുള്ള അവിശുദ്ധ മുന്നണിയായ കോ-ലീ-ബി സഖ്യത്തെ പരാജയപ്പെടുത്തി സിപിഐ എമ്മിനൊപ്പം മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച ചരിത്രമാണ് വടകരയുടേത്. കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി, കണ്ണൂര്‍ ജില്ലയിലെ തലശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് വടകര ലോക്സഭാ മണ്ഡലം.

സിപിഐ എമ്മിനെതിരായി മാര്‍ക്സിസ്റ്റ് വിരുദ്ധ -ഉപജാപ മുന്നണി ഇവിടെ പതിനെട്ടവുകളും പയറ്റുന്നുണ്ട്. ചന്ദ്രശേഖരന്‍ കേസില്‍ "സ്രാവുകളെ" പിടിക്കാന്‍ അധികാരവും പദവിയും ദുര്‍വിനിയോഗംചെയ്ത മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു അഞ്ചുവര്‍ഷം എംപി. കേന്ദ്ര സഹമന്ത്രിയായിട്ടും എടുത്തുകാട്ടാന്‍ വികസന പദ്ധതികളൊന്നുപോലും മുല്ലപ്പള്ളിക്കില്ല. ഒഞ്ചിയത്തിന്റെ പാരമ്പര്യം പേറുന്ന വടകരയുടെ പാര്‍ലമെന്ററി ചരിത്രത്തില്‍ മേധാവിത്വം എന്നും ഇടതുപക്ഷത്തിനാണ്.

കേരളപ്പിറവിക്കു ശേഷം 1957ലാണ് വടകര മണ്ഡലം രൂപീകരിച്ചത്. പിഎസ്പിയിലെ കെ ബി മേനോനായിരുന്നു ആദ്യ എംപി. 1962ല്‍ എ വി രാഘവനും(സ്വതന്ത്രന്‍), 67ല്‍ അരങ്ങില്‍ ശ്രീധരനും ജനപ്രതിനിധികളായി. 1971ലും 77ലും കോണ്‍ഗ്രസിന്റെ കെ പി ഉണ്ണിക്കൃഷ്ണനാണ് ലോക്സഭയിലെത്തിയത്. 1980 മുതല്‍ 96 വരെ നാല് തവണ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായും ഉണ്ണിക്കൃഷ്ണന്‍ വിജയിച്ചു. 91 ല്‍ ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യത്തിന്റെ സംയുക്തസ്ഥാനാര്‍ഥി അഡ്വ. എം രത്നസിങ്ങിനെയാണ് തോല്‍പ്പിച്ചത്. പിന്നീട് 96ല്‍ കാലുമാറി വലതുപക്ഷത്തേക്ക് ചേക്കേറിയ ഉണ്ണിക്കൃഷ്ണനെ നാട്ടുകാര്‍ മലര്‍ത്തിയടിച്ചു. ഇടതുമുന്നണി സ്ഥാനാര്‍ഥി ഒ ഭരതന്റെ വിജയം റെക്കോഡ് ഭൂരിപക്ഷത്തിനായിരുന്നു. 79,945 വോട്ടിന്. തുടര്‍ന്ന് മൂന്നുതവണ കടത്തനാടിനെ പ്രതിനിധാനംചെയ്ത് പാര്‍ലമെന്റിലെത്തിയത് വനിതകളാണ്. 98ലും 99ലും പ്രൊഫ. എ കെ പ്രേമജവും 2004ല്‍ അഡ്വ. പി സതീദേവിയും. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടു.

2009ല്‍ തലശേരി ഒഴികെയുള്ള നിയമസഭാമണ്ഡലങ്ങളില്‍ യുഡിഎഫിനായിരുന്നു മേല്‍ക്കൈ. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിത്രം പാടേ മാറി. എല്‍ഡിഎഫ് വര്‍ധിത മുന്നേറ്റത്തിലൂടെ ആറു നിയമസഭാമണ്ഡലങ്ങളും തിരിച്ചുപിടിച്ചു. കൂത്തുപറമ്പ് ഒഴികെയുള്ള മണ്ഡലങ്ങളില്‍നിന്ന് 57,979 വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ട്. 10,71,171 വോട്ടര്‍മാരായിരുന്നു 2009ല്‍ വടകരയുടെ ജനവിധി നിശ്ചയിച്ചത്. ഇക്കുറി 11,55,976 വോട്ടര്‍മാരുണ്ട്. പുരുഷന്മാര്‍ 5,46,313. സ്ത്രീകള്‍ 6,09,663.

പി വി ജീജോ deshabhimani

No comments:

Post a Comment