Thursday, March 20, 2014

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പ്രചരണം തടയണം: കോടിയേരി

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് യുഡിഎഫിന് വേണ്ടി പ്രചരണം നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടയണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ യുഡിഎഫ് കണ്‍വെന്‍ഷനുകളില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നത് അതുപോലെ കൊടുക്കുകയാണ്. ഇത്തരത്തില്‍ ഭരണസംവിധാനം യുഡിഎഫ് ദുരുപയോഗപ്പെടുത്തുന്നത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു കോടിയേരി.

ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍കണ്ട് മുന്‍കൂര്‍ ജാമ്യമെടുക്കുകയാണ് മുഖ്യമന്ത്രി. 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ പുറത്താക്കാന്‍ മുന്നിട്ട് നിന്നത് ഉമ്മന്‍ചാണ്ടിയായിരുന്നു. അന്ന് യുഡിഎഫിന് 100എംഎല്‍എമാരുടെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് സര്‍ക്കാര്‍ താഴെവീഴുമെന്നതാണ് അവസ്ഥ.

എല്‍ഡിഎഫില്‍ നിന്ന് രണ്ട് എംഎല്‍എമാരെ ചാക്കിട്ട് പിടിച്ചതുകൊണ്ട് നിലവിലെ രാഷ്ട്രീയ സാഹചര്യം മാറില്ല. ഒരു മുന്നണിയില്‍ എത്ര പാര്‍ട്ടികള്‍ ഉണ്ട് എന്ന് നോക്കിയല്ല തെരഞ്ഞെടുപ്പില്‍ വിജയവും പരാജയവുമുണ്ടാകുക. 1980ലെ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഇതിന് ഉദാഹരണമാണ്. ഒരു മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമാണ് ജനങ്ങള്‍ വിലയിരുത്തുകയെന്നും കോടിയേരി പറഞ്ഞു.

ഒരുപാര്‍ട്ടിയെ അടര്‍ത്തിമാറ്റിയാല്‍ ദുര്‍ബലമാകുന്നതല്ല എല്‍ഡിഎഫിന്റെ അടിത്തറ. എല്‍ഡിഎഫിന്റെ ബഹുജന അടിത്തറ ശക്തമാണെന്ന് വരുന്ന തെരഞ്ഞെടുപ്പോടെ തെളിയിക്കപ്പെടും. 20 വര്‍ഷമായി എല്‍ഡിഎഫിനെ എതിര്‍ത്തിരുന്ന കെ ആര്‍ ഗൗരിയമ്മ ഇന്ന് എല്‍ഡിഎഫിനോട് സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് എതിര് നിന്ന പല പ്രസ്ഥാനങ്ങളും വ്യക്തികളും എല്‍ഡിഎഫിനെ പിന്തുണച്ച് മുന്നോട്ട് വരുന്നത് വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണ്.

എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് സര്‍ക്കാരിനെ അട്ടിമറിയ്ക്കാനില്ലെന്ന് എല്‍ഡിഎഫ് നേരത്തെതന്നെ വ്യക്തമാക്കിയതാണ്. സമീപകാല രാഷ്ട്രീയത്തില്‍ എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് അധികാരം നിലനിര്‍ത്താന്‍ ശ്രമിച്ചതില്‍ പ്രമുഖന്‍ മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയാണ്. വിവിധ പാര്‍ട്ടികളില്‍ നിന്ന് 12 എംഎല്‍എമാരെയാണ് യെദ്യൂരപ്പ ചാക്കിലാക്കിയത്. യെദ്യൂരപ്പയ്ക്ക് പോലും മുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറേണ്ടിവന്നു. യെദ്യൂരപ്പയുടെ അതേ അവസ്ഥയാണ് ഉമ്മന്‍ചാണ്ടിയേയും കാത്തിരിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.

deshabhimani

No comments:

Post a Comment