Thursday, March 20, 2014

പോസ്റ്റോ, ഷെയറോ, ലൈക്കോ; നോ പ്രോബ്ലം, ബട്ട് നോ ബാഡ് കമന്റ്

ആലപ്പുഴ: സോഷ്യല്‍ മീഡിയയുടെ വായടപ്പിച്ച് അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാനുള്ള ശ്രമത്തിനെതിരെ നിയമവൃത്തങ്ങളില്‍ ഉത്കണ്ഠ. തനിക്കെതിരെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ പരാതിയുടെ പശ്ചാത്തലത്തിലുള്ള നിയമ നടപടിയാണ് വിവാദമായത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുംവിധം സ്ഥാനാര്‍ഥിക്കെതിരെ അശ്ലീല കമന്റോ, പരാമര്‍ശമോ ഇല്ലാത്ത ഒരു പോസ്റ്റും ഐടി നിയമപ്രകാരമുള്ള നടപടിക്ക് വിധേയമാക്കാനാകില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് ആശയവിനിമയം. എന്നാല്‍ അതിന് പ്രതിരോധം സൃഷ്ടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ചില മാധ്യമങ്ങളും ഇതിന് കൂട്ടുപിടിക്കുന്നു. ഇത് അറിയാനുള്ള സ്വാതന്ത്രിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനാകും ഉപകരിക്കുകയെന്ന് പ്രമുഖ അഭിഭാഷകന്‍ പ്രിയദര്‍ശന്‍തമ്പി "ദേശാഭിമാനിയോട്" പറഞ്ഞു. നേരറിയാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ മനോരമയടക്കമുള്ള ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഭീതി പരത്താനുള്ള ശ്രമം നവമാധ്യലോകത്തടക്കം വ്യാപക പ്രതിഷേധമാണുയരുന്നത്. അപകീര്‍ത്തികരമായ പരാമര്‍ശമുള്ള പോസ്റ്റുകള്‍ക്കെതിരെയുള്ള ഐടി ആക്ട് സെക്ഷന്‍ 66 പ്രകാരമുള്ള കേസ് എല്ലാത്തിനും ബാധകമാണെന്നുള്ള തരത്തിലാണ് മനോരമയുടെ യുഡിഎഫിനു വേണ്ടിയുള്ള കുഴലൂത്ത്.

"ഫെയ്സ് ബുക്കിലെ കളി തീക്കളി"യെന്ന് വെണ്ടയ്ക്കാ തലക്കെട്ടു വാര്‍ത്തയില്‍ നവമാധ്യമ ഉപയോക്താക്കളെ സൈബര്‍ പൊലീസ് പിന്തുടരുന്നുണ്ടെന്നും സൈബര്‍ സെല്‍ പ്രത്യേക വിഭാഗത്തെ നിയോഗിച്ചിട്ടുണ്ടെന്നും തട്ടിവിട്ടിട്ടുണ്ട്. സിനിമ- സീരിയല്‍ താരം ശാലുമേനോന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് സ്ഥലം എംപി അവര്‍ക്കൊപ്പം മുറിയില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ മുമ്പും വ്യാപകമായി പ്രചരിച്ചതാണ്. അപ്പോഴൊന്നും ഇതുസംബന്ധിച്ച് പരാതി ഉയര്‍ന്നിരുന്നില്ല. ഇതിന് "ഫെയ്സ്ബുക്കിലൂടെയുള്ള ആക്ഷേപങ്ങള്‍ക്ക് നേരെ ജനപ്രതിനിധികള്‍ കണ്ണടയ്ക്കാറാണ് പതിവെ"ന്നാണ് മാനോരമ ലേഖകന്റെ കണ്ടുപിടിത്തം. "ഇനി മുതലെങ്കിലും സമൂഹമാധ്യമങ്ങള്‍ വഴി ആരെയും വേദനിപ്പിക്കാതിരുന്നാല്‍ ഗുരുതരമായ കേസുകളില്‍നിന്ന് രക്ഷപ്പെടാമെന്ന്" മനേരമയുടെ ഉപദേശവുമുണ്ട്.

ആര്‍ രാജേഷ് deshabhimani

No comments:

Post a Comment