Thursday, March 20, 2014

ഭക്ഷ്യസുരക്ഷ ഉറപ്പാക്കും, കസ്തൂരിയും എന്‍ഡോസള്‍ഫാനുമില്ല: സിപിഐ എം പ്രകടനപത്രിക

ലോകസഭാ തെര ഞ്ഞെടുപ്പിനുള്ള സിപിഐ എം പ്രകടന പത്രിക ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പുറത്തിറക്കി. വിലക്കയറ്റമടക്കമുള്ള ജനജീവിതം ദുരിതമാക്കുന്ന നയങ്ങള്‍ക്കെതിരെ ശക്തമായ നിര്‍ദ്ദേശ ങ്ങളടങ്ങുന്ന പ്രകടനപത്രികയാണ് സിപിഐ എം പുറത്തിറക്കിയത്.

പാര്‍ലമെന്റ് പാസാക്കുന്നതുവരെ ആധാര്‍ കാര്‍ഡ് നടപ്പാക്കില്ലെന്നും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്നും പത്രികയില്‍ പറയുന്നു. ഭക്ഷ്യസുരക്ഷക്കായി പ്രത്യേക നിയമം കൊണ്ടുവരും . ഓരോ കുടുംബത്തിനും 35 കിലോ ഭക്ഷ്യധാന്യമോ അല്ലെങ്കില്‍ ഓരോ വ്യക്തിക്കും 7 കിലോ ഭക്ഷ്യധാന്യമോ ഉറപ്പ് വരുത്തും . കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കില്ല. പശ്ചിമഘട്ട സംരക്ഷണത്തിനായി പുതിയ പഠന സമിതിയെ നിയോഗിക്കും. മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ രാജ്യത്താകമാനം നിരോധിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികില്‍സ സൗജന്യമാക്കും. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടും നടപ്പാക്കും.

ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപ നീക്കം തടയും . പെട്രോളിയം വില നിയന്ത്രണത്തിന് നടപടിയെടുക്കും. അടിക്കടിയുള്ള വില വര്‍ധന ഒഴിവാക്കും. ജനജീവിതത്തെ ദുരിതത്തിലാക്കുന്ന വിലക്കയറ്റത്തിന് കടിഞ്ഞാണിടാന്‍ പെട്രോളിയം വില നിയന്ത്രണത്തിന് പുതിയ സംവിധാനം കൊണ്ടുവരും. വധശിക്ഷ നിര്‍ത്തലാക്കും. വാര്‍ധക്യകാലപെന്‍ഷന്‍ നാലായിരം രൂപയാക്കും, വനിത സംവരണ ബില്‍ നടപ്പിലാക്കും . മതേതരത്വം ശക്തിപ്പെടുത്തും തുടങ്ങി നിരവധി ജനകീയ നിര്‍ദ്ദേശങ്ങളാണ് 42 പേജുള്ള പ്രകടനപത്രികയിലുള്ളത്.

പ്രകടന പത്രികയുടെ പൂര്‍ണരൂപം ഇവിടെ വായിക്കാം

കസ്തൂരി നിര്‍ദേശങ്ങള്‍ നടപ്പാക്കില്ല; പുതിയ സമിതിയെ നിയോഗിക്കും

ന്യൂഡല്‍ഹി: മാധവ് ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം നിര്‍ത്തിവയ്ക്കുമെന്ന് സിപിഐ എം പ്രകടനപത്രിക ഉറപ്പുനല്‍കുന്നു. പകരം വിശാലാടിസ്ഥാനത്തിലുള്ള വിദഗ്ധസമിതി രൂപീകരിക്കും. ജനതയുടെ ജീവിതോപാധിയും പശ്ചിമഘട്ടത്തിലെ ലോലമായ പരിസ്ഥിതിയും സംരക്ഷിക്കുന്ന സമഗ്രപദ്ധതി പുതിയ സമിതി തയ്യാറാക്കും.

പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ സമാഹരിച്ചും ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തിയുമാണ് പദ്ധതി തയ്യാറാക്കുക. പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി നല്‍കുന്നതിന് സംസ്ഥാനത്തിലും കേന്ദ്രത്തിലുമുള്ള സംവിധാനവും പ്രക്രിയയും കാര്യക്ഷമവും സമയബന്ധിതവും സുതാര്യവും അഴിമതിമുക്തവുമാക്കും. കാര്യക്ഷമമായ നിയന്ത്രണത്തിലൂടെ ഹരിതഗൃഹ വാതകങ്ങളുടെ വികിരണം കുറയ്ക്കും. ഉല്‍പ്പാദന മേഖലകളില്‍ ഊര്‍ജ കാര്യക്ഷമത ഉറപ്പാക്കും. സൗരോര്‍ജം, കാറ്റില്‍നിന്നുള്ള ഊര്‍ജം തുടങ്ങിയ ഊര്‍ജ മേഖലയെ പ്രോത്സാഹിപ്പിക്കും.

ഊര്‍ജ അസമത്വം കുറയ്ക്കുന്നതിനായി സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്നവര്‍ക്കുള്ള ഊര്‍ജ ലഭ്യത പ്രോത്സാഹിപ്പിക്കും. പ്രകൃതിദുരന്തവും കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങളും കൈകാര്യംചെയ്യുന്നതിന് സംസ്ഥാനങ്ങള്‍ക്കുള്ള ശേഷി വര്‍ധിപ്പിക്കും.

പിന്നോക്ക ജനവിഭാഗങ്ങള്‍ക്കായി പരിസ്ഥിതി സൗഹൃദ വികസനതന്ത്രങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കും. കേന്ദ്ര- സംസ്ഥാന നിയന്ത്രണസമിതികളെ ശക്തിപ്പെടുത്തിയും നിയന്ത്രണ സംവിധാനം കാര്യക്ഷമമാക്കിയും നദികള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകളിലെ മലിനീകരണം തടയും. നദീതടങ്ങളിലെ വിനാശകരമായ നിര്‍മാണപ്രവര്‍ത്തനം തടയാന്‍ നടപടിയുണ്ടാകും.

No comments:

Post a Comment