Thursday, March 20, 2014

ഉമ്മന്‍ സമ്മാനം...ദുസ്സഹം, ദുരിത ജീവിതം

വിപണിയില്‍ വില കുതിച്ചുയരുമ്പോഴും ജനങ്ങള്‍ക്ക് ആശ്വാസമായ പൊതുവിതരണകേന്ദ്രങ്ങള്‍ സ്തംഭനത്തില്‍. സപ്ലൈകോയിലും മാവേലിസ്റ്റോറുകളിലും സബ്സിഡി വിലയില്‍ ഭക്ഷ്യസാധനങ്ങളില്ല. ജനം വിലക്കയറ്റത്തില്‍ നട്ടംതിരിയുമ്പോഴും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ തുടരുന്നു. പൊതുവിതരണകേന്ദ്രങ്ങളിലൂടെ വിതരണംചെയ്യുന്ന ഭക്ഷ്യവിഹിതം കുറച്ചതുകൂടാതെ കൃത്യമായി വിതരണംചെയ്യുന്നില്ല.യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ശരാശരി അഞ്ചു കിലോ റേഷന്‍വിഹിതമാണ് മാസംതോറും മലയാളിക്ക് നഷ്ടമായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ 80 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് മാസംതോറും നല്‍കിയിരുന്ന അരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ എന്നിവയുടെ വിഹിതം കുത്തനെ വെട്ടിക്കുറച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ എപിഎല്‍ കാര്‍ഡിന് കുറഞ്ഞത് പത്തു കിലോ അരിയും മൂന്നു കിലോ ഗോതമ്പും ലഭിച്ചിരുന്നു.

ഇപ്പോള്‍ എപിഎല്‍ വിഭാഗത്തിന് ഒമ്പതു കിലോ അരിയും ഒരു കിലോ ഗോതമ്പും നല്‍കുന്നതായാണ് രേഖകളിലുള്ളത്. എപിഎല്‍ കാര്‍ഡുകളില്‍മാത്രം ഒരു കിലോ അരിയും രണ്ടുകിലോ ഗോതമ്പും വെട്ടിക്കുറച്ചു. വെട്ടിക്കുറച്ച വിഹിതവും ലഭിക്കുന്നില്ലെന്ന അവസ്ഥ വന്നതോടെ എപിഎല്‍ കാര്‍ഡുടമകള്‍ പൂര്‍ണമായി റേഷന്‍കടകളെ കൈയൊഴിഞ്ഞിരിക്കുന്നു.എല്‍ഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്ത് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് 25 കിലോ അരിയും ഏഴുകിലോ ഗോതമ്പും നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ യഥാക്രമം 22ഉം നാലും കിലോയുമാണ് ലഭിക്കുന്നത്. മൂന്നുകിലോവീതം അരിയും ഗോതമ്പും അര്‍ധപട്ടിണിക്കാരില്‍നിന്ന് സര്‍ക്കാര്‍ കവര്‍ന്നു. മുപ്പത്തിമൂന്ന് നിത്യോപയോഗ സാധനങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മാവേലിസ്റ്റോറുകളിലൂടെ വിലകുറച്ച് നല്‍കിയത്. അരിയും പയറും മുളകുമെല്ലാം സബ്സിഡി നിരക്കില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചു. കേരളത്തിന്റെ നിറഞ്ഞ കലവറകളാക്കി മാവേലിസ്റ്റോറുകളെ മാറ്റി.

ഇപ്പോള്‍ കരിഞ്ചന്ത വിലയ്ക്കല്ലാതെ ഒരു സാധനവും ഇവിടങ്ങളില്‍ കിട്ടില്ല. അരിപോലും സബ്സിഡി ഇല്ലാതെയാണ് നല്‍കുന്നത്. സബ്സിഡിയുള്ള സാധനങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതിയും. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറിയശേഷം കേന്ദ്രം മൂന്നു തവണ സംസ്ഥാനത്തിനുള്ള ഭക്ഷ്യവിഹിതം വെട്ടിക്കുറച്ചു. ഇത് പുനഃസ്ഥാപിച്ചെന്നാണ് മുഖ്യമന്ത്രിയും സംഘവും പ്രചരിപ്പിക്കുന്നത്. പുനഃസ്ഥാപിച്ച റേഷന്‍വിഹിതത്തിന് വിപണിവിലയാണ് വാങ്ങുന്നതെന്നുമാത്രം. വിപണി ഇടപെടലില്‍ നിശ്ചലമായ സപ്ലൈകോമന്ത്രി അഴിമതിത്താവളമായി മാറി. വിജിലന്‍സ് കേസുകളെ അഭിമുഖീകരിക്കുകയാണ് മന്ത്രി അനൂപ് ജേക്കബ്. കോടതികളുടെ പരിഹാസത്തിനുപാത്രമായിട്ടും സപ്ലൈകോയെ രക്ഷിക്കാന്‍ മന്ത്രിക്ക് താല്‍പ്പര്യമില്ല

എം വി പ്രദീപ്

No comments:

Post a Comment