Friday, March 14, 2014

പി കരുണാകരന്‍: ജനപിന്തുണയോടെ മൂന്നാമൂഴം

വികസന നേട്ടങ്ങളുടെ പൊന്‍പ്രഭയില്‍, ജനപക്ഷ പോരാട്ടങ്ങളുടെ നേതൃത്വം വഹിച്ച് പി കരുണാകരന്‍ വീണ്ടും അങ്കത്തിനിറങ്ങുമ്പോള്‍ കാസര്‍കോട് കൂടുതല്‍ കരുത്തോടെ ഇടതുപക്ഷത്തേക്ക്. എല്ലാ പ്രശ്നങ്ങളിലും ജനങ്ങള്‍ക്കൊപ്പംനിന്ന പി കരുണാകരന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് മൂന്നാമൂഴമാണ്. 2004ലെ കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷം നേടിയ അദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പിലും വന്‍ ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. സംസ്ഥാനത്തെ കൂടുതല്‍ മണ്ഡലങ്ങളും യുഡിഎഫ് ജയിച്ചപ്പോഴും 65,000 വോട്ടിന്റെ ഭൂരിപക്ഷം നേടി കാസര്‍കോട് ഇടതുപക്ഷത്തിന്റെ ഇളകാത്ത കോട്ടയാണെന്ന് തെളിയിച്ചു.

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും പാര്‍ലമെന്ററി പാര്‍ടി ഉപനേതാവുമായ പി കരുണാകരന്‍ പാര്‍ലമെന്റിനകത്തും പുറത്തും തിളക്കമാര്‍ന്ന പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ലോക്സഭയില്‍ മണ്ഡലത്തിന്റെ ആവശ്യങ്ങളുന്നയിക്കുന്നതിനൊപ്പം സംസ്ഥാനത്തിനുവേണ്ടി ശബ്ദിക്കാനുമായി. ഭരണപക്ഷ എംപിമാരെയും കൂട്ടിയോജിപ്പിച്ച് സംസ്ഥാനത്തിന്റെ ആവശ്യത്തിനായി ശബ്ദമുയര്‍ത്തി. പാര്‍ലമെന്റിനുമുന്നില്‍ നിരവധി സമരങ്ങള്‍ കരുണാകരന്റെ നേതൃത്വത്തില്‍ നടന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 98 തവണ പാര്‍ലമെന്റില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് മറ്റ് എംപിമാരേക്കാള്‍ മുന്നിലായി. ദേശീയ ശരാശരി 37.26 മാത്രം. 582 ചോദ്യമുന്നയിച്ച് കാസര്‍കോടിന്റെയും കേരളത്തിന്റെയും ശബ്ദം ലോക്സഭയില്‍ മുഴക്കി. ചോദ്യങ്ങളുടെ ദേശീയ ശരാശരി 297 ആണ്. പാര്‍ലമെന്റിനുപുറത്ത് ജനങ്ങളുടെ എല്ലാ പ്രശ്നത്തിലും എംപിയുടെ ശക്തമായ ഇടപെടലുണ്ടായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാനുള്ള പോരാട്ടത്തിന്റെ നേതൃത്വം പി കരുണാകരനായിരുന്നു.

സമരങ്ങളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ആ പ്രവര്‍ത്തനം. നബാര്‍ഡില്‍നിന്ന് 200 കോടിയുടെ പാക്കേജ്് ദുരന്തബാധിത മേഖലക്കായി നേടിയെടുക്കാനായി. 13 വര്‍ഷം മുമ്പ് പട്ടികവര്‍ഗ ലിസ്റ്റില്‍നിന്ന് പുറത്തായ മറാഠി സമുദായത്തെ വീണ്ടും ലിസ്റ്റില്‍പെടുത്താനുള്ള ഭരണഘടനാ ഭേദഗതിക്കായി നിരന്തരം ശ്രമിച്ചതിനും ഫലമുണ്ടായി. നിരന്തര പോരാട്ടത്തിലൂടെ റെയില്‍വേ രംഗത്തുണ്ടായ നേട്ടങ്ങളും എംപിയുടെ പ്രവര്‍ത്തന മികവിന് തെളിവാണ്. റെയില്‍വേ ബോര്‍ഡിന്റെയും മന്ത്രാലയത്തിന്റെയും അംഗീകാരം കിട്ടിയ കാണിയൂര്‍ പാതയുടെ ശില്‍പിയാണ് പി കരുണാകരന്‍. ഇതിന്റെ തുടര്‍പ്രവര്‍ത്തനത്തിന് കരുണാകരന്‍ വീണ്ടും എംപിയാകുന്നതോടെ സാധിക്കും. പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് സ്റ്റേഷനുകള്‍ക്ക് എ ക്ലാസ് പദവി, ഒമ്പത് ആദര്‍ശ് സ്റ്റേഷന്‍, മേല്‍പ്പാലങ്ങള്‍, ലൈന്‍ വൈദ്യുതീകരണം തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കുപിന്നില്‍ എംപിയുടെ ഇടപെടലുണ്ട്. എംപി ഫണ്ടിന്റെ വിനിയോഗത്തിലും പി കരുണാകരന്‍ മുന്നിലാണ്. എംപി ഫണ്ട് എത്താത്ത പഞ്ചായത്തുകള്‍ മണ്ഡലത്തിലില്ല. ഗ്രാമീണ റോഡുകള്‍, പാലങ്ങള്‍, നിരവധി സ്കൂളുകള്‍ക്ക് കെട്ടിടം, ബസ്, കംപ്യൂട്ടര്‍ എന്നിവയൊക്കെ എംപി ഫണ്ടിലൂടെ ലഭിച്ചു. മണ്ഡലത്തിലെ ഇരുനൂറിലധികം ആളുകള്‍ക്ക് ചികിത്സാസഹായമായി മൂന്നു കോടി രൂപ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞു. പാര്‍ടിയുടെ ദേശീയ-സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും മണ്ഡലത്തിന്റെ ഏത് കാര്യത്തിനും ഓടിയെത്തുന്ന പി കരുണാകരന്റെ സാന്നിധ്യം അദ്ദേഹത്തെ കൂടുതല്‍ ജനകീയനാക്കുന്നു. ഈ തെരഞ്ഞെടുപ്പിലും അദ്ദേഹത്തെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മണ്ഡലം.

വികസന- ക്ഷേമപദ്ധതികള്‍ കരുത്താകും: പി കരുണാകരന്‍

നാടിന്റെ വികസനത്തോടൊപ്പം വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ മലയാളികളുടെ കണ്ണീരൊപ്പാനും കഴിഞ്ഞ ഓര്‍മകളുമായി പി കരുണാകരന്‍ എംപി പ്രസ്ക്ലബ്ബിന്റെ പടയൊരുക്കം പരിപാടിയില്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മണ്ഡലത്തിന്റെ വികസനക്കുതിപ്പിന് എംപി എന്ന നിലയില്‍ നല്‍കിയ സംഭാവനകള്‍ വിവരിക്കുമ്പോഴാണ് ശ്രീലങ്കന്‍ ജയിലില്‍ കാല്‍നൂറ്റാണ്ട് കിടന്ന മലയാളികളുള്‍പ്പെടെയുള്ളവരെ നാട്ടിലെ ജയിലിലെത്തിച്ചതിന്റെ ഹൃദയസ്പൃക്കായ ഓര്‍മകളും പങ്കുവച്ചത്.

25 വര്‍ഷമായി ആരും തിരിഞ്ഞുനോക്കാനില്ലാതെ ശ്രീലങ്കന്‍ ജയിലില്‍ കഴിഞ്ഞ 32 തടവുകാരെയാണ് പി കരുണാകരന്റെ ഇടപെടലിന്റെ ഫലമായി നാട്ടിലെ ജയിലിലെത്തിച്ചത്. എംപിക്ക് കിട്ടിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ടാണ് നടപടി സ്വീകരിച്ചത്. കേരള ആഭ്യന്തരവകുപ്പില്‍ കുടുങ്ങിക്കിടന്ന ഫയല്‍ കണ്ടെത്തി ഏത് ജയിലിലേക്കാണ് തടവുകാരെ മാറ്റേണ്ടതെന്ന വിവരം വിദേശ മന്ത്രാലയത്തിലെത്തിച്ചാണ് കഴിഞ്ഞവര്‍ഷം തടവുകാരെ നാട്ടിലെത്തിച്ചത്. ജയിലിലെത്തിയ തടവുകാരെ സന്ദര്‍ശിച്ചപ്പോള്‍ അവരുടെ ഹൃദയം നിറഞ്ഞ നന്ദിപ്രകടനം ഒരിക്കലും മറക്കാനാവില്ലെന്ന് കരുണാകരന്‍ പറഞ്ഞു. ഇതുവരെ കണ്ടിട്ടില്ലാത്തവരാണെങ്കിലും നാട്ടിലെത്തിക്കാന്‍ നടത്തിയ ഇടപെടല്‍ അറിഞ്ഞ ആ തടവുകാര്‍ സന്തോഷംകൊണ്ട് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞത് വല്ലാത്ത അനുഭവമായിരുന്നു. കാല്‍നൂറ്റാണ്ടായി ജയിലില്‍ കിടക്കുന്നവരെ മോചിപ്പിക്കണമെന്നാണ് അവരുടെ കുടുംബത്തിന്റെ ആവശ്യം. വരുംനാളുകളില്‍ അതിനായി ശ്രമിക്കും. മറ്റ് പല രാജ്യങ്ങളിലും കുടുങ്ങിയവരും സഹായത്തിനായി വിളിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം ആവുന്ന സഹായം ചെയ്തുകൊടുത്തിട്ടുണ്ട്. രോഗംബാധിച്ച് കഷ്ടപ്പെടുന്നവരെ ചെറിയതോതിലെങ്കിലും സഹായിക്കാനായി. 3.5 കോടിയോളം രൂപ വാങ്ങി നല്‍കി. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അര്‍ഹരായ രോഗികളെ സഹായിക്കാന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസത്തിന് പുറമെ മറ്റെന്തെങ്കിലും ചെയ്യാന്‍ പറ്റുമോയെന്ന ആലോചനയിലാണ്. അത്രമാത്രം അപേക്ഷ ദിവസവും കിട്ടുന്നുണ്ട്. പ്രത്യേക ഫണ്ട് ഉണ്ടാക്കലാണ് പരിഹാരമാര്‍ഗം.

എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കായി ഈ നാട്ടിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനായതും അഭിമാനത്തോടെ ഓര്‍ക്കാന്‍ കഴിയും. പ്രശ്നം പാര്‍ലമെന്റില്‍ ഉയര്‍ത്തിയതിനോടൊപ്പം നബാര്‍ഡില്‍നിന്ന് ദുരന്തമേഖലയുടെ വികസനത്തിനായി 200 കോടി രൂപയുടെ പദ്ധതി വാങ്ങിയെടുക്കാന്‍ കഴിഞ്ഞു. രാജ്യത്തെവിടെയും രോഗത്തിന്റെ പേരില്‍ ഒരുപ്രദേശത്ത് ഇത്രയും വലിയ പദ്ധതി നടപ്പാക്കിയിട്ടുണ്ടാവില്ല.

എംപി ഫണ്ട് വിനിയോഗത്തിലും മണ്ഡലം ഏറെ മുന്നിലാണ്. സംസ്ഥാനസര്‍ക്കാരിന്റെ കണക്ക്പ്രകാരം ജില്ലയില്‍ 102 ശതമാനവും മണ്ഡലത്തില്‍ 98 ശതമാനവുമാണ് ഫണ്ട് വിനിയോഗം. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും കെട്ടിടവും ബസ് സൗകര്യവും എംപി ഫണ്ടിലൂടെയുണ്ടായി. സ്കൂള്‍ ബസ് വാങ്ങാന്‍ ആദ്യമായി എംപി ഫണ്ട് വിനിയോഗിച്ചത് കാസര്‍കോട് മണ്ഡലത്തിലാണ്. ആശുപത്രികള്‍ക്കും പാലിയേറ്റീവിനുമായി എട്ട് ആംബുലന്‍സും നല്‍കി- എംപി പറഞ്ഞു. പ്രസിഡന്റ് എം ഒ വര്‍ഗീസ് അധ്യക്ഷനായി. സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി സ്വാഗതവും വൈസ്പ്രസിഡന്റ് വി വി പ്രഭാകരന്‍ നന്ദിയും പറഞ്ഞു. സി എച്ച് കുഞ്ഞമ്പുവും എംപിക്കൊപ്പമുണ്ടായി.

deshabhimani

No comments:

Post a Comment