Saturday, March 15, 2014

പാലായെ മറന്ന നാട്ടുകാരന്‍ എംപി

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയ ചില ഉദ്ഘാടന മാമാങ്കങ്ങള്‍, ചില പദ്ധതി പ്രഖ്യാപനങ്ങള്‍... എംപി എന്ന നിലയില്‍ പാലായ്ക്ക് ജോസ് കെ മാണി നല്‍കിയ സംഭാവനകള്‍ ഇവിടെ തീരുന്നു. കേന്ദ്ര റോഡ്സ് ഫണ്ട് ചെലവഴിച്ച് 900 മീറ്റര്‍ നീളത്തിലുള്ള കിഴതടിയൂര്‍-സിവില്‍സ്റ്റേഷന്‍ ബൈപാസ് മാത്രമാണ് എംപിയുടെ ഏക പദ്ധതി. പാലായിലെ ഗതാഗതപ്രശ്നങ്ങള്‍ക്ക് കാര്യമായ പരിഹാരം ഉണ്ടാക്കാത്ത ഈ പദ്ധതിയിലൂടെ നേട്ടമുണ്ടായത് ബൈപാസിന് ഇരുവശവുമുള്ള ഭൂമിയുടെ ഉടമസ്ഥര്‍ക്ക്. ഇവരില്‍ പാര്‍ടി നേതാവായ നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുണ്ട്. എംപി ഫണ്ട് വ്യാപകമായി ചെലവഴിച്ചുവെന്ന് അവകാശപ്പെടുമ്പോഴും ജനോപകാരപ്രദമായ പദ്ധതികളൊന്നുമില്ല. പാലായില്‍ വര്‍ഷങ്ങളായി തുടരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാന്‍പോലും എംപിക്ക് കഴിഞ്ഞിട്ടില്ല. ശബരി റെയില്‍പാത ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയിട്ടില്ല. നിര്‍ദിഷ്ട ശബരി അലൈന്‍മെന്റ് അട്ടിമറിച്ചതിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭങ്ങളോടുള്ള എംപിയുടെ അവഗണനയും ശ്രദ്ധേയം. പുതിയ അലൈന്‍മെന്റിന് എതിരെ കേരള കോണ്‍ഗ്രസ് എം ഒഴികെയുള്ള മുഴുവന്‍ രാഷ്ട്രീയ പാര്‍ടികളും ചേര്‍ന്നാണ് ഒരു വര്‍ഷത്തിലേറെയായി പ്രക്ഷോഭം തുടരുന്നത്.

മുത്തോലിയിലെ കേറ്ററിങ് പരിശീലന കേന്ദ്രവും, വലവൂരിലെ ഐഐഐടിയും എന്ന് നടപ്പാവുമെന്നുപോലും പറയുന്നില്ല. എംപിയുടെ നേട്ടമായി പ്രചരിപ്പിക്കുന്ന ഇവയാകട്ടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തമുള്ള സൊസൈറ്റികളുടെ നിയന്ത്രണത്തിലാണ്. പൊതു-സ്വകാര്യ ഉടമസ്ഥതയില്‍ പ്രഖ്യാപിച്ച വലവൂരിലെ ഐഐഐടി പദ്ധതിക്ക് 55 ഏക്കര്‍ ഭൂമിയാണ് ആവശ്യം. ഇതില്‍ ഒരുസെന്റ് ഭൂമിപോലും ഏറ്റെടുക്കാതെയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പ് ശിലാസ്ഥാപനം നടത്തിയത്. റബര്‍ കര്‍ഷകരെ രക്ഷിക്കാനെന്ന വ്യാജേന 1995ല്‍ അന്ന് മന്ത്രിയായിരുന്ന കെ എം മാണി സഹകരണ മേഖലയില്‍ പ്രഖ്യാപിച്ച പാലാഴി ടയേഴ്സ് രണ്ട് പതിറ്റാണ്ട് എത്താറാകുമ്പോഴും വിസ്മൃതിയിലാണ്്. സര്‍ക്കാര്‍ അനുവദിച്ച ഫണ്ടും കേരളത്തിലെ സഹകരണ സ്ഥാപനങ്ങളില്‍നിന്ന് ഉള്‍പ്പെടെ പിരിച്ച കോടികളും ചെലവഴിച്ച് പാലാഴിക്കായി വലവൂരില്‍ വാങ്ങിയ 37.5 ഏക്കര്‍ സ്ഥലം ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ ഉള്‍പ്പെട്ട സ്വകാര്യ കമ്പനിക്ക് സ്വന്തമാണ്. ഈ ഭൂമിയുടെ പകുതിയോളം കൈമാറിയാണ് ഐഐഐടിക്ക് ശിലാസ്ഥാപനം നടത്തിയതെന്ന് എംപിയും കൂട്ടരും വിശദീകരിക്കുമ്പോള്‍ ഭൂമിവിലയായി ലഭിക്കുന്ന വന്‍തുക എവിടേക്കു പോകുന്നുവെന്നത് ദുരൂഹമാണ്.

പാലായില്‍ ഇത്തവണ റബര്‍ വിലയിടിവ് തന്നെയാണ് മുഖ്യ ചര്‍ച്ചാവിഷയം. ഒപ്പം മലയോരങ്ങളിലെ കുടിയേറ്റ ജനതയുടെ ജീവിതത്തിന് ഭീഷണിയായ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും സജീവ ചര്‍ച്ചയാണ്. ഈ പ്രശ്നങ്ങളില്‍ മന്ത്രി കെ എം മാണിക്കും മകന്‍ ജോസ് കെ മാണി എംപിക്കും നിലപാടില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമൂലം ജീവിതം അനിശ്ചിതത്വത്തിലായ മലയോര മേഖലയിലെ കുടിയേറ്റക്കാരില്‍ വലിയൊരുവിഭാഗം പാലായില്‍നിന്നുള്ളവരാണ്. വിഷയത്തില്‍ എംപിയുടെയും കൂട്ടരുടെയും നിശബ്ദ നിലപാടുകളില്‍ കര്‍ഷക ജനസാമാന്യവും കടുത്ത നിരാശയിലാണ്. പാലായില്‍ റബറിന്റെ വിലയിടിവ് സാമ്പത്തിക മേഖലയെയാകെ തകര്‍ത്തു. റബര്‍ കര്‍ഷകനെ തകര്‍ച്ചയിലേക്ക് തള്ളിവിടുന്ന വിലത്തകര്‍ച്ചയ്ക്ക് എതിരെ എംപിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് കര്‍ഷകരും ചെറുകിട റബര്‍വ്യാപാരികളും പറയുന്നു. ധനമന്ത്രി കൂടിയായ കെ എം മാണി കര്‍ഷകരെ സഹായിക്കാനെന്ന വ്യാജേന നിയമസഭയില്‍ കൊട്ടിഘോഷിച്ച രണ്ട് രൂപ അധികവിലയ്ക്കുള്ള റബര്‍സംഭരണം ഉദ്ഘാടന മാമാങ്കത്തിലൊതുങ്ങിയതും വഞ്ചനയുടെ പ്രതീകമായി തുടരുകയാണ്.

deshabhimani

No comments:

Post a Comment