Friday, March 14, 2014

എ വിജയരാഘവന്‍; കര്‍മധീരതയുടെ മുഖം

പൊതുപ്രവര്‍ത്തനരംഗത്തും രാഷ്ട്രീയരംഗത്തും മുഖവുരകള്‍ വേണ്ടാത്ത വ്യക്തിത്വമാണ് എ വിജയരാഘവന്റേത്. കര്‍മധീരതയുടെ ഈ അനുഭവസമ്പത്തുമായാണ് ഒരിടവേളയ്ക്കുശേഷം വിജയരാഘവന്‍ ലോക്സഭാ സ്ഥാനാര്‍ഥിയാകുന്നത്. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളില്‍ കെഎസ്വൈഎഫിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, കലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് അംഗം, കേരള കലാമണ്ഡലം ഭരണസമിതി അംഗം, സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എന്നീ ചുമതലകള്‍ വഹിച്ചു. 1989ല്‍ പാലക്കാട് മണ്ഡലത്തെ കോണ്‍ഗ്രസില്‍നിന്ന് ഇടതുപക്ഷത്തോട് ചേര്‍ത്ത് നിര്‍ത്തിയതും വിജയരാഘവനിലൂടെതന്നെ. 1998ലും 2004ലും രാജ്യസഭാംഗമായി. നിലവില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും കര്‍ഷകത്തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സെക്രട്ടറിയുമാണ്. പാര്‍ലമെന്റിന്റെ ഉപനിയമ നിര്‍മാണ സമിതി അംഗം, അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാന്‍, ആഭ്യന്തരവകുപ്പ്, ധനവകുപ്പ്, പ്രതിരോധം, പെട്രോളിയം, പ്രകൃതിവാതകം, ഗ്രാമീണവികസനം, ഐടി വിഭാഗങ്ങളുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

എംപിയായിരിക്കെ പാകിസ്ഥാന്‍ പൗരത്വമുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുകയും കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുകൂല നിലപാട് ഉണ്ടാക്കുകയുംചെയ്തു. റെയില്‍വേ സേലം ഡിവിഷന്‍ വെട്ടിമുറിക്കുന്നതിനെതിരെ രാജ്യസഭയില്‍ നിരന്തരം പോരാടി. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങളില്‍ ഇടപെട്ട് കുട്ടനാട് പാക്കേജുള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ പ്രയത്നിച്ചു. സിഎസ്ഐആര്‍ (കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്), ഐസിഎആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച്) എന്നിവിടങ്ങളിലെ അഴിമതി, ഹവാല ഇടപാട് എന്നിവ പാര്‍ലമെന്റില്‍ ഉന്നയിച്ചു. പാലക്കാട് -കോഴിക്കോട് ദേശീയപാത 213ഉം വിജയരാഘവന്റെ നേതൃപാടവത്തിന് തെളിവാണ്.

റഷ്യ, ചൈന എന്നിവിടങ്ങള്‍ സഞ്ചരിച്ച വിദ്യാര്‍ഥി- യുവജന സംഘത്തിന്റെ ലീഡറായിരുന്നു. മുപ്പതോളം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. തൊഴിലാളികളായ മലപ്പുറം ആലമ്പാടന്‍ പറങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടെയും അഞ്ചു മക്കളില്‍ മൂന്നാമനായി 1956 മാര്‍ച്ചിലാണ് വിജയരാഘവന്റെ ജനം. പ്രീഡിഗ്രി പഠനശേഷം വിവിധ ജോലികള്‍ചെയ്തു. അതിനിടെ വക്കീല്‍ ഗുമസ്തനായി. വിദ്യാര്‍ഥിനേതാവായിരിക്കെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെയും പ്രീഡിഗ്രി ബോര്‍ഡിനെതിരെയും നടത്തിയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. നിരവധിതവണ പൊലീസിന്റെ കൊടിയ മര്‍ദനമേറ്റുവാങ്ങി. ജയില്‍വാസവും അനുഷ്ഠിച്ചു. മലപ്പുറം ഗവ. കോളേജില്‍ ബിഎ ഇസ്ലാമിക ചരിത്രത്തില്‍ റാങ്കോടെ വിജയിച്ചു. കോഴിക്കോട് ലോ കോളേജില്‍നിന്ന് നിയമബിരുദവും കരസ്ഥമാക്കി. എല്‍എല്‍എം പഠനത്തിനിടെയാണ് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായത്. സിപിഐ എം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും കേരളവര്‍മ കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപികയുമായ ആര്‍ ബിന്ദുവാണ് ഭാര്യ. നിയമവിദ്യാര്‍ഥി ഹരികൃഷ്ണന്‍ ഏക മകന്‍.

deshabhimani

No comments:

Post a Comment