Wednesday, March 12, 2014

സൗമ്യ സാമീപ്യമായി വീണ്ടും ജയദേവന്‍

സമരപഥങ്ങള്‍ താണ്ടിയ തീഷ്ണ യൗവനത്തിലൂടെ പൊതുരംഗത്തെത്തിയ ജയദേവന് ലോക്സഭയിലേക്ക് ഇത് രണ്ടാമങ്കം. സിപിഐ ജില്ലാ സെക്രട്ടറിയായ സി എന്‍ ജയദേവനാണ് തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 2009ല്‍ തൃശൂരില്‍നിന്നുതന്നെ ലോക്സഭയിലേക്ക് ജനവിധി തേടിയിരുന്നു. പേരക്കുട്ടി പിറന്ന സന്തോഷത്തിനിടെയാണ് ജയദേവനെത്തേടി വീണ്ടും സ്ഥാനാര്‍ഥിത്വമെത്തുന്നത്. ഷാര്‍ജയില്‍ എന്‍ജിനിയറായ മൂത്ത മകന്‍ ദീപക്കിന് രണ്ടുദിവസം മുമ്പാണ് കുഞ്ഞുപിറന്നത്.

മണലൂര്‍ കമ്പനി സെന്ററിലെ ചിരുകണ്ടത്ത് വീട്ടില്‍ നാരായണന്‍þലക്ഷ്മിദമ്പതികളുടെ ഏഴു മക്കളില്‍ അഞ്ചാമത്തെയാളാണ് ഈ അറുപത്തിനാലുകാരന്‍. ജനം 1950 മെയ് 24ന്. പ്രഥമ ജില്ലാ കൗണ്‍സിലില്‍ ചാഴൂര്‍ ഡിവിഷനില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജയദേവന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് തുടക്കമായത്. ആദ്യവിജയത്തില്‍ത്തന്നെ ജില്ലാ കൗണ്‍സില്‍ വൈസ് പ്രസിഡന്റായി. 1996ല്‍ ഒല്ലൂരില്‍നിന്നും കോണ്‍ഗ്രസ് നേതാവ് പി പി ജോര്‍ജിനെ 4,368 വോട്ടിന് തോല്‍പ്പിച്ച് നിയമസഭയിലെത്തി. 2001ലും ഇവിടെനിന്ന് വീണ്ടും ജനവിധി തേടി. ഭാര്യ രമാദേവി കാരമുക്ക് ശ്രീനാരായണഗുരു സമാജം ഹൈസ്കൂള്‍ റിട്ട. അധ്യാപികയാണ്. രണ്ടാമത്തെ മകന്‍ ദിനൂപ് പാലക്കാട്ട് അഹല്യ ഗ്രൂപ്പില്‍ എന്‍ജിനിയര്‍. കേരള നിയമസഭ മുന്‍ ഡെപ്യൂട്ടി സ്പീക്കറും ചരിത്രകാരനുമായ പി കെ ഗോപാലകൃഷ്ണന്‍ അമ്മാവനാണ്.

വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് ജയദേവന്‍ പൊതുരംഗത്ത് സജീവമായത്. പഠിക്കുമ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു. പാലക്കാട് വിക്ടോറിയായിലും തൃശൂര്‍ കേരളവര്‍മയിലുമായിരുന്നു ഉപരിപഠനം. കേരളവര്‍മയില്‍ എംഎ മലയാളത്തിന് പഠിച്ചുകൊണ്ടിരിക്കെ എസ്എഫ്ഐയുടെ ചെയര്‍മാന്‍സ്ഥാനാര്‍ഥിയായി. എഐവൈഎഫുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനമാരംഭിച്ചതോടെയാണ് മുഴുവന്‍സമയ പ്രവര്‍ത്തകനാവുന്നത്. സംഘാടനമികവും സൗമ്യമായ പെരുമാറ്റവും ജയദേവന്റെ വളര്‍ച്ചയില്‍ മുതല്‍ക്കൂട്ടായി. 1982ല്‍ എഐവൈഎഫിന്റെ സംസ്ഥാന പ്രസിഡന്റായി. മൂന്നുവര്‍ഷം ഈ സ്ഥാനത്ത് തുടര്‍ന്നു. 1978ല്‍ സിപിഐ ജില്ലാ സെക്രട്ടറിയറ്റംഗമായി. വി കെ രാജന്‍ ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ അസി. സെക്രട്ടറിയായി. 1997ല്‍ മുതല്‍ 2002വരെ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പിന്നീട് സ്ഥാനമൊഴിഞ്ഞെങ്കിലും 2008ല്‍ വീണ്ടും ഇതേ പദവിയിലെത്തി. കിഴക്കന്‍ ജര്‍മനിയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ക്ഷണമനുസരിച്ച് 1979 മുതല്‍ ഒരുവര്‍ഷം അവിടെ താമസിച്ച് ജനജീവിതം പഠിക്കാനും അവസരമുണ്ടായി. മംഗോളിയ, സോവിയറ്റ് യൂണിയന്‍, ഗള്‍ഫ്രാജ്യങ്ങള്‍ എന്നിവയും സന്ദര്‍ശിച്ചിട്ടുണ്ട്.

deshabhimani

No comments:

Post a Comment