Thursday, March 6, 2014

പുഷ്പന്‍ ഏറ്റുവാങ്ങി; അതിരുകള്‍ താണ്ടിയെത്തിയ സൗഹൃദം

തലശേരി: പുഷ്പന്റെ തളര്‍ന്ന ശരീരത്തിനുമുന്നില്‍ കുത്തുബ്ദീന്‍ അന്‍സാരിയും അശോക്മോച്ചിയും നിന്നു. ചലനമറ്റ കൈകളില്‍ ഇരകളുടെ സ്നേഹസ്പര്‍ശമേറ്റപ്പോള്‍ പുഷ്പന്‍ ചിരിച്ചു. അതിരുകള്‍ താണ്ടിയെത്തിയ സൗഹൃദത്തിന്റെ ഊഷ്മളത പുഷ്പന്‍ ഏറ്റുവാങ്ങിയ നിമിഷം. വെടിയുണ്ട തകര്‍ത്തിട്ടും നാടിന് പ്രകാശം പരത്തുന്ന പോരാളിയുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ സാന്ത്വനം പകരാനെത്തിയവര്‍ ശിരസ് നമിച്ചു.

ഗുജറാത്ത് കലാപകാലത്ത് അക്രമികളില്‍നിന്ന് ജീവനുവേണ്ടി യാചിച്ച കുത്തുബ്ദീന്‍ അന്‍സാരിയും മാനസാന്തരപ്പെട്ട കലാപകാരി അശോക് മോച്ചിയും കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെ കാണാനെത്തിയത് വികാരതീവ്രമായി. തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ 304-ാം നമ്പര്‍ മുറിയാണ് സമാഗമത്തിന് വേദിയായത്. അസുഖബാധിതനായി പുഷ്പന്‍ ആശുപത്രിയിലാണെന്നറിഞ്ഞ് ചൊവ്വാഴ്ച പകല്‍ ഒന്നോടെയാണ് ഇരുവരും എത്തിയത്. ഭാഷയുടെ അതിര്‍വരമ്പുകളൊന്നും ഈ കൂടിക്കാഴ്ചയ്ക്ക് തടസ്സമായില്ല. ബംഗളൂരുവിലെ ജീവിതകാലത്ത് പഠിച്ച ഹിന്ദിയിലൂടെ അന്‍സാരിയെയും അശോക്മോച്ചിയെയും പുഷ്പന്‍ അറിഞ്ഞു. അവരുടെ വാക്കുകളില്‍ മനസ് ചേര്‍ത്തു. നാടിന്റെ ഓരോ സ്പന്ദനവും ഏറ്റുവാങ്ങുന്ന പുഷ്പന് അപരിചിതരായിരുന്നില്ല അന്‍സാരിയും മോച്ചിയും. അക്കാര്യം സംസാരത്തിനിടെ പുഷ്പന്‍ സൂചിപ്പിക്കുകയും ചെയ്തു. കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിച്ച അന്‍സാരി സഹനസൂര്യനെപ്പോലെ ജ്വലിക്കുന്ന പോരാളിയുടെ ശിരസ് തൊട്ടുവന്ദിച്ചു.

കൂത്തുപറമ്പ് സമരത്തിനിടെ പൊലീസ് വെടിവയ്പ്പിലാണ് ശരീരം തളര്‍ന്നതെന്നും സമരത്തിനിടെ അഞ്ചുപേരെ വെടിവച്ചുകൊന്നുവെന്നും അറിഞ്ഞപ്പോള്‍ ഭരണകൂടഭീകരതക്കെതിരായ പ്രതിഷേധത്തിന്റെ ജ്വലയായിരുന്നു അവരുടെ കണ്ണുകളില്‍. പത്തൊമ്പത്വര്‍ഷമായി വാട്ടര്‍ബെഡില്‍ കിടക്കുന്ന പുഷ്പന്റെ അസുഖത്തെക്കുറിച്ചും മറ്റും ഇരുവരും അന്വേഷിച്ചു. വീട്ടുകാരും പാര്‍ടിയുമാണ് എല്ലാം നിര്‍വഹിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ "തളര്‍ന്ന കൈകള്‍ക്ക് പകരം ആയിരം കൈകളുണ്ടല്ലോ" എന്നായിരുന്നു കുത്തുബ്ദീന്‍ അന്‍സാരിയുടെ പ്രതികരണം. കൂപ്പുകൈകളോടെ, പുഷ്പന് അഭിവാദ്യമര്‍പ്പിച്ച് ഇവര്‍ മടങ്ങുമ്പോള്‍ മനസുകൊണ്ട് പ്രത്യഭിവാദ്യം നേരുകയായിരുന്നു പുഷ്പന്‍.

deshabhimani

No comments:

Post a Comment