Thursday, March 6, 2014

ഇവര്‍ മതനിരപേക്ഷതയുടെ കാവലാളര്‍

ധര്‍മടം: വംശഹത്യയുടെ ഭീകരതയും അവികസിതമായ ഗുജറാത്തിന്റെ നൊമ്പരക്കാഴ്ചകളും പങ്കിട്ട് കുത്തുബ്ദീന്‍ അന്‍സാരിയും അശോക് മോച്ചിയും ബ്രണ്ണന്‍ കോളേജില്‍. കെഎസ്യുക്കാര്‍ കുത്തിക്കൊന്ന അഷറഫിന്റെ നാല്‍പതാമത് രക്തസാക്ഷിത്വ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് എസ്എഫ്ഐ സംഘടിപ്പിച്ച മതനിരപേക്ഷസദസ്സിലാണ് ഗുജറാത്ത്കലാപത്തിന്റെ ദുരനുഭവങ്ങള്‍ ഇവര്‍ പങ്കിട്ടത്. വിദ്യാര്‍ഥികളുമായുള്ള മുഖാമുഖത്തിലും പങ്കെടുത്തു.

"എനിക്ക് അശോക് മോച്ചിയോട് ഒരു വിരോധവുമില്ല. എന്റെ സ്വന്തം സഹോദരനെപോലെയാണ് കാണുന്നത്- അന്‍സാരി പറഞ്ഞുതീരുംമുമ്പേ വിദ്യാര്‍ഥികളുടെ നിറഞ്ഞ കൈയ്യടി. ഇരയുടെയും വേട്ടക്കാരന്റെയും പ്രതീകമായവര്‍ ഒരേവേദിയില്‍ ഒന്നിച്ചിരിക്കുമ്പോള്‍ എന്തുതോന്നുന്നുവെന്ന വിദ്യാര്‍ഥിനിയുടെ ഹിന്ദിയിലുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സഹീദ് റൂമിയുടെ പ്രേരണയിലാണ് എന്റെ ജീവിതം എഴുതിയത്. ഞാനൊരു സാധാരണക്കാരനാണ്, എന്റെ ജീവിതത്തില്‍ അനുഭവിച്ച പ്രശ്നങ്ങളാണ് പുസ്തകത്തിലുള്ളത്. ബ്രണ്ണന്‍കോളേജില്‍ രണ്ടുദിവസം മുമ്പ് അധികമാരുമറിയാതെ അക്തറിനൊപ്പം വന്നിരുന്നു. പ്രവാചകനെ പ്രകീര്‍ത്തിച്ച് ഹിന്ദു-മുസ്ലിം വിദ്യാര്‍ഥികള്‍ ഒന്നിച്ച് കോല്‍ക്കളിയില്‍ ചുവടുവയ്ക്കുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി. മാനവികതയുടെ മഹത്തായ മാതൃക കേരളത്തിലാണ്. മതത്തിന്റെ വേര്‍തിരിവില്ലാതെ ഒന്നായി ജീവിക്കുന്ന മനുഷ്യരെ കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ചെറുപ്പത്തില്‍ത്തന്നെ പിതാവ് മരിച്ചതിനാല്‍ പഠിക്കാന്‍ കഴിഞ്ഞില്ല. കോളേജ് ജീവിതത്തിന്റെ മനോഹാരിതയൊന്നും അത്രപരിചിതമല്ല. മതധ്രുവീകരണം ശക്തമായ ഗുജറാത്തില്‍ ഇന്നത്തെ നിലയില്‍ നരേന്ദ്രമോഡി രാഷ്ട്രീയമായി സുരക്ഷിതനാണെന്ന് കുത്തുബ്ദീന്‍ പറഞ്ഞു. പ്രധാനമന്ത്രിയായി അധികാരത്തില്‍ വരണമെങ്കില്‍ മുസ്ലിം, ഹിന്ദു, സിഖ് തുടങ്ങി എല്ലാവരുടെയും വോട്ട് വേണമെന്ന് അയാള്‍ക്കറിയാം. അതിനുവേണ്ടിയുള്ള കളിയിലാണിപ്പോള്‍. കലാപത്തിന്റെ പിന്നില്‍ നരേന്ദ്രമോഡിയാണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് കുത്തുബ്ദീന്‍ പറഞ്ഞു.

വികസനത്തിന്റെ പേരില്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന ഗുജറാത്തില്‍ ഇരുപതുവര്‍ഷമായി ഞാന്‍ ചെരുപ്പുകുത്തിയായാണ് ജീവിക്കുന്നതെന്ന് അശോക് മോച്ചി പറഞ്ഞു. തന്റെ ജീവിതത്തില്‍ ഒരു മാറ്റവും ഈകാലയളവിലുണ്ടായിട്ടില്ല. നരേന്ദ്രമോഡിയുടെയല്ല, ഗാന്ധിജിയുടെ ഗുജറാത്തില്‍നിന്നാണ് ഞാന്‍ വരുന്നതെന്ന് അശോക് മോച്ചി പറഞ്ഞപ്പോഴും സദസ്സില്‍ ആഹ്ലാദാരവമുയര്‍ന്നു. സാഹോദര്യത്തിന്റെയും മാനവികതയുടെയും സന്ദേശം നല്‍കാനാണ് ഞങ്ങള്‍ ഒന്നിച്ചുവന്നത്. മതമൈത്രിയുടെ ഗാനം പാടിയാണ് മോച്ചി സംസാരം അവസാനിപ്പിച്ചത്.

മതനിരപേക്ഷ സദസ് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

deshabhimani

1 comment: