Thursday, March 6, 2014

മാറുന്ന പൊന്നാനിയില്‍ ഇടതുപക്ഷത്തിന് പ്രതീക്ഷ

മലപ്പുറം: സാമ്രാജ്യത്വത്തിന് കീഴടങ്ങാതെ പൊരുതിയതാണ് പൊന്നാനിയുടെ പാരമ്പര്യം. പുതിയ കാലത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കും അധിനിവേശങ്ങള്‍ക്കുമെതിരെ പൊരുതാന്‍ പൊന്നാനിക്ക് കരുത്ത് നല്‍കുന്നതും ചരിത്രത്തിന്റെ ഈ പിന്‍ബലമാണ്. വെളിയങ്കോട് ഉമര്‍ ഖാസിയുടെയും സെയ്നുദ്ദീന്‍ മഖ്ദൂമിന്റെയും സമരവീര്യം സാമ്രാജ്യത്വശക്തികള്‍ക്ക് പേടിസ്വപ്നമായിരുന്നു. എന്നാല്‍ കുറേക്കാലമായി പൊന്നാനിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തുന്നവര്‍ പുത്തന്‍ സാമ്രാജ്യത്വത്തിന്റെയും മൂലധന ശക്തികളുടെയും സ്തുതിപാഠകരാണ്. പൊന്നാനിയുടെ രാഷ്ട്രീയമനസ്സിനെ വേദനിപ്പിക്കുന്നതാണിത്.

പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ചുവപ്പിന്റെ ശക്തികള്‍ വിജയക്കൊടി പാറിച്ചത് പല തവണയാണ്. 1962ല്‍ പൊന്നാനിയുടെ പ്രിയപുത്രന്‍ ഇ കെ ഇമ്പിച്ചിബാവ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥിയായി ജയിച്ചു. 1967ല്‍ സിപിഐ എമ്മിന്റെ സി കെ ചക്രപാണിയും 1971ല്‍ സിപിഐ എമ്മിലെ എം കെ കൃഷ്ണനും പൊന്നാനിയെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തി.

പൊന്നാനി പണ്ടേക്കുപണ്ടേ മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമെന്ന മട്ടിലുള്ള ലീഗ് നേതാക്കളുടെ പ്രചാരണത്തിന് വസ്തുതയുടെ പിന്‍ബലമൊന്നുമില്ല. 1952ലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ കേരളാഗാന്ധി എന്നറിയപ്പെടുന്ന കെ കേളപ്പന്‍ കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ടി സ്ഥാനാര്‍ഥിയായി വിജയിച്ച് പൊന്നാനിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1977, 1980, 1984, 1989, 1996, 1998, 1999 വര്‍ഷങ്ങളില്‍ മുസ്ലിംലീഗിലെ ജി എം ബനാത്ത്വാലയും 1991ല്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടും മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2004ല്‍ പൊന്നാനിയില്‍നിന്ന് ഇ അഹമ്മദ് മത്സരിച്ച് ജയിച്ചു. 2009ല്‍ ഇ ടി മുഹമ്മദ് ബഷീറാണ് വിജയിച്ചത്.

മലപ്പുറം ജില്ലയില്‍ സിപിഐ എമ്മിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും അനുകൂലമായ രാഷ്ട്രീയമാറ്റം ഉരുത്തിരിഞ്ഞതോടെ മുസ്ലിംലീഗ് അഞ്ചുവര്‍ഷ ദേശാടനപ്പക്ഷികളെ ഒഴിവാക്കി നാട്ടില്‍നിന്നുള്ള സ്ഥാനാര്‍ഥികളെത്തന്നെ നിര്‍ത്താന്‍ തുടങ്ങി. 2004ല്‍ മഞ്ചേരിയില്‍നിന്ന് സിപിഐ എം സ്ഥാനാര്‍ഥി ടി കെ ഹംസ മുസ്ലിംലീഗിനെ തോല്‍പ്പിച്ചതും 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ, പൊന്നാനി, തിരൂര്‍, മങ്കട, കുറ്റിപ്പുറം എന്നീ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചതും മറക്കാറായിട്ടില്ല. ഇപ്പോള്‍ പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇ ടി മുഹമ്മദ് ബഷീറിനെ ഇതേ പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ തിരൂര്‍ നിയമസഭാ മണ്ഡലത്തില്‍2006ലെ തെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥി പി പി അബ്ദുള്ളക്കുട്ടി പരാജയപ്പെടുത്തിയിരുന്നു. മുസ്ലിംലീഗിന്റെ ചോദ്യംചെയ്യപ്പെടാത്ത നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പില്‍ തോല്‍വിയുടെ രുചിയറിഞ്ഞതും പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തിലാണ്.

പൊന്നാനി പ്രദേശത്തോട് കോണ്‍ഗ്രസും മുസ്ലിംലീഗും കാട്ടിയ അവഗണനക്ക് അതിരില്ല. 35 വര്‍ഷം മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ തറക്കല്ലിട്ട ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. പൊന്നാനിയെ പ്രതിനിധീകരിച്ച മന്ത്രി പാലോളി മുഹമ്മദുകുട്ടിയും തിരൂരിനെ പ്രതിനിധീകരിച്ച സിപിഐ എമ്മിലെ പി പി അബ്ദുള്ളക്കുട്ടിയും ഒന്നിച്ച് പരിശ്രമിച്ചാണ് ചമ്രവട്ടം പദ്ധതി യാഥാര്‍ഥ്യമാക്കിയത്. കുറ്റിപ്പുറംþപുതുപൊന്നാനി റോഡ്, പൊന്നാനി കോള്‍ വികസന പദ്ധതി തുടങ്ങിയവയൊക്കെ യാഥാര്‍ഥ്യമാക്കാന്‍ തവനൂര്‍, പൊന്നാനി മണ്ഡലങ്ങളിലെ എല്‍ഡിഎഫ് എംഎല്‍എമാരാണ് മുന്‍കൈയെടുത്തതെന്ന് യുഡിഎഫ് നേതാക്കള്‍പോലും സമ്മതിക്കും. പൊന്നാനി ലോക്സഭാ മണ്ഡലത്തെ 37 വര്‍ഷമായി പ്രതിനിധീകരിക്കുന്ന മുസ്ലിംലീഗ് എംപിമാര്‍ക്ക് ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളൊന്നും ആലോചിക്കാന്‍ മനസ്സും സമയവുമുണ്ടായില്ല. ഇതെല്ലാം ജനങ്ങളില്‍ കടുത്ത അസംതൃപ്തിയുണ്ടാക്കി. പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ തവനൂര്‍, പൊന്നാനി, തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രങ്ങളാണ്. തിരൂരും താനൂരും ശക്തമായ മത്സരത്തില്‍ ഇടതുപക്ഷത്തേക്ക് ചായുന്നത് പലവട്ടം കണ്ടിട്ടുണ്ട്. കോട്ടയ്ക്കല്‍, തിരൂരങ്ങാടി മണ്ഡലങ്ങളില്‍ പുതിയ രാഷ്ട്രീയമാറ്റത്തിന്റെ പ്രതിഫലനവും യുഡിഎഫിന്റെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തുന്നു. പൊന്നാനി എളുപ്പമല്ലെന്ന് മത്സരം തുടങ്ങുംമുമ്പുതന്നെ യുഡിഎഫും മുസ്ലിംലീഗും സമ്മതിച്ചുകഴിഞ്ഞു.

മലപ്പുറത്ത് പോരാട്ടം തീപാറും

മലപ്പുറം പാര്‍ലമെന്റ് മണ്ഡലം രൂപീകരിക്കപ്പെട്ടശേഷമുള്ള രണ്ടാം അങ്കം തീപാറും. ആദ്യമായി രൂപീകരിച്ച മണ്ഡലത്തില്‍ കഴിഞ്ഞ തവണ വിയര്‍ക്കാതെ ജയിച്ച മുസ്ലിംലീഗിന് ഇത്തവണ മത്സരം കടുക്കും. ഭരണവിരുദ്ധ വികാരവും കേന്ദ്രസര്‍ക്കാരിന്റെ നയവൈകല്യവും സ്ഥാനാര്‍ഥിയുടെ അസ്വീകാര്യതയുമെല്ലാം ലീഗിന് തലവേദനയാണ്. മാറിയ രാഷ്ട്രീയ സാഹചര്യം പരമാവധി ഉപയോഗപ്പെടുത്താന്‍ ഇടതുപക്ഷവും തയ്യാറെടുത്തുകഴിഞ്ഞു. ഇത്തവണയും യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.

1952ലെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. 57ല്‍ ഇത് പൊന്നാനിയും മഞ്ചേരിയുമായി പുനഃസംഘടിപ്പിച്ചു. ലീഗ് സ്വതന്ത്രനായി മത്സരിച്ച പോക്കര്‍കുട്ടിവാതക്കായിരുന്നു കന്നിയങ്കത്തില്‍ മഞ്ചേരിയില്‍ വിജയം. തുടര്‍ന്ന് നടന്ന 11 തെരഞ്ഞെടുപ്പിലും ലീഗ് വിജയം നിലനിര്‍ത്തി. മുഹമ്മദ് ഇസ്മയില്‍ മൂന്നുതവണയും ഇബ്രാഹിം സുലൈമാന്‍ സേട്ടും ഇ അഹമ്മദും നാല് തവണയും തുടര്‍ച്ചയായി ജയിച്ചു.

എന്നാല്‍, 2004ല്‍ മണ്ഡലം ചരിത്രം തിരുത്തി. കേരളമാകെ വീശിയടിച്ച യുഡിഎഫ് വിരുദ്ധ വികാരത്തില്‍ മഞ്ചേരിയും ചുവന്നു. സിപിഐ എമ്മിലെ ടി കെ ഹംസയാണ് അന്ന് പാര്‍ലമെന്റിലെത്തിയത്. 2009ല്‍ മഞ്ചേരി മണ്ഡലം വീണ്ടും വിഭജിച്ച് മലപ്പുറം മണ്ഡലമാക്കിയപ്പോള്‍ ലീഗ് സീറ്റ് തിരിച്ചുപിടിച്ചു. ഇ അഹമ്മദാണ് തെരഞ്ഞെടുക്കപ്പെട്ടത്. മഞ്ചേരിയുടെ ഭാഗമായിരുന്ന ബേപ്പൂര്‍, കുന്നമംഗലം നിയോജകമണ്ഡലങ്ങള്‍ കോഴിക്കോടിലേക്ക് ലയിപ്പിച്ചു. കൊണ്ടോട്ടി, വള്ളിക്കുന്ന്, മങ്കട, മഞ്ചേരി, വേങ്ങര, മലപ്പുറം, പെരിന്തല്‍മണ്ണ അസംബ്ലി നിയോജകമണ്ഡലങ്ങള്‍ ചേര്‍ന്നതാണ് നിലവിലെ മലപ്പുറം പാര്‍ലമെന്റ് മണ്ഡലം. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കനുസരിച്ച് ആകെ 11,77,905 വോട്ടര്‍മാരാണ് മലപ്പുറം മണ്ഡലത്തിലുള്ളത്. ഇതില്‍ 5,91,120 പേര്‍ സ്ത്രീകളാണ്. 5,86,758 പുരുഷ വോട്ടര്‍മാരും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫാണ് വിജയിച്ചതെങ്കിലും ആ കണക്കുകൊണ്ടുമാത്രം പാര്‍ലമെന്റ് സീറ്റ് നിലനിര്‍ത്താനാവില്ലെന്ന് യുഡിഎഫ് നേതൃത്വംതന്നെ വിലയിരുത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ പെരിന്തല്‍മണ്ണയിലും മങ്കടയിലും എല്‍ഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ഉറപ്പാണ്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മങ്കടയില്‍ 5073 വോട്ടിനും പെരിന്തല്‍മണ്ണയില്‍ 14,003 വോട്ടിനുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. അതിനേക്കാള്‍ അനുകൂല സാഹചര്യമാണ് ഇപ്പോഴുള്ളത്. അഴിമതിയും വിലക്കയറ്റവും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. മറ്റ് മണ്ഡലങ്ങളില്‍ ഇഞ്ചോടിച്ച് പോരാട്ടം നടന്നാല്‍ ലീഗിനെ കാത്തിരിക്കുന്നത് 2004ലെ അനുഭവമായിരിക്കും.

ഇത്തവണയും ലീഗ് സ്ഥാനാര്‍ഥിയായി ഇ അഹമ്മദ് തന്നെ മത്സരിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ അത് യുഡിഎഫിന് മറ്റൊരു തിരിച്ചടിയാകും. ഇ അഹമ്മദിനെതിരായ ജനകീയ വികാരം മറികടക്കാന്‍ നന്നേ പാടുപെടേണ്ടിവരും. രാഷ്ട്രീയ വോട്ടില്‍പ്പോലും വിള്ളല്‍ വീഴുമെന്നത് യാഥാര്‍ഥ്യമാണ്. കേന്ദ്ര സഹമന്ത്രിയായിട്ടുപോലും മണ്ഡലത്തിന് ഒന്നും കൊണ്ടുവരാന്‍ സാധിക്കാത്ത എംപിയെന്ന ദുഷ്പേര് ഇ അഹമ്മദിന് തിരിച്ചടിയാണ്. റെയില്‍വേയിലും കേന്ദ്ര മാനവ വിഭവശേഷി വകുപ്പിലും സഹമന്ത്രിയായിട്ടും ജില്ലയ്ക്ക് നേട്ടമുണ്ടാക്കാനായില്ലെന്നത് പ്രധാന പോരായ്മയാണ്. ജില്ലയിലെ പുതിയ വോട്ടര്‍മാരുടെ മനസ്സും ലീഗിന് എതിരാകും. മലപ്പുറത്തിന്റെ മാറുന്ന മനസ്സിനൊപ്പമാകും അവരുടെ കൈയൊപ്പ്.

deshabhimani

No comments:

Post a Comment