Thursday, March 6, 2014

ആറന്മുള: പാര്‍ടി അനുമതി ഇല്ലെന്ന് സുധീരന്‍, ഉണ്ടെന്ന് മുഖ്യമന്ത്രി

ആറന്മുള വിമാനത്താവളവിഷയത്തില്‍ കെപിസിസി- സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തില്‍ രൂക്ഷമായ തര്‍ക്കം. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായുള്ള തര്‍ക്കത്തില്‍ മറ്റുള്ളവരും പങ്കുചേര്‍ന്നതോടെ യോഗം ബഹളത്തില്‍ മുങ്ങി. വിമാനത്താവളത്തിന് കെപിസിസി അനുകൂലതീരുമാനം എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും പാര്‍ടി തീരുമാനിച്ചിട്ടില്ലെന്ന് വി എം സുധീരനും വാദിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ പിന്തുണച്ചപ്പോള്‍ വി ഡി സതീശന്‍ കെപിസിസി പ്രസിഡന്റിനെ അനുകൂലിച്ച് രംഗത്തുവന്നു. വിമാനത്താവളം വേണമെന്ന നിലപാട് സര്‍ക്കാരിനെ സംശയത്തിന്റെ നിഴലിലാക്കിയെന്ന് സതീശന്‍ പറഞ്ഞു.

വിമാനത്താവളം വേണമെന്ന് കെപിസിസി ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നും യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും പത്തനംതിട്ട ജില്ലാകമ്മിറ്റികളാണ് ഈ തീരുമാനം എടുത്തതെന്നും സുധീരന്‍ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമരസമിതിയുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചതായും ചര്‍ച്ചയില്‍ എല്ലാവശങ്ങളും പരിശോധിക്കുമെന്നും സുധീരന്‍ പറഞ്ഞു. ക്വാറികള്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍തീരുമാനത്തിന് യോഗം ക്ലീന്‍ചിറ്റ് നല്‍കി.

ക്വാറികള്‍ക്ക് അനുമതി നല്‍കിയതില്‍ അപാകതയില്ലെന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിശദീകരണം യോഗം അംഗീകരിച്ചതായി സുധീരന്‍ പറഞ്ഞു. 17 ക്വാറികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ആലപ്പുഴയിലെ കായല്‍ത്തീരം റിസോര്‍ട്ടിന് കൈമാറിയതിനെക്കുറിച്ച് റവന്യൂമന്ത്രിയുമായി ചര്‍ച്ച നടത്തും. ഹാരിസണ്‍ വിഷയത്തില്‍ റവന്യൂമന്ത്രിയെ പങ്കെടുപ്പിച്ച് ചര്‍ച്ച നടത്തും. വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗസാധനങ്ങള്‍ നല്‍കാന്‍ നടപടി സ്വീകരിക്കാന്‍ യോഗം സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇഎഫ്എല്‍ നിയമഭേദഗതി പരിശോധിക്കാന്‍ ഉപസമിതിയെ നിയോഗിച്ചു. ഘടകകക്ഷികളുമായി ചര്‍ച്ച പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയം നടത്തുമെന്ന് സുധീരന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment