Wednesday, March 5, 2014

യുദ്ധവിമാന എന്‍ജിന്‍ ഇടപാടിലും കോഴ

പതിനായിരം കോടി രൂപയുടെ യുദ്ധവിമാന എന്‍ജിന്‍ ഇടപാടിലും കോഴ കൈമാറ്റം നടന്നെന്ന് വ്യക്തമായതോടെ പ്രതിരോധമന്ത്രാലയം പ്രതിക്കൂട്ടില്‍. ഇടനിലക്കാര്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ച് റോള്‍സ്റോയിസ് കമ്പനി കോഴ നല്‍കിയ സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കൈകഴുകാനുള്ള ശ്രമത്തിലാണ് പ്രതിരോധമന്ത്രി എ കെ ആന്റണി. എന്നാല്‍, ഇടനിലക്കാര്‍ കഴിഞ്ഞമാസം ലണ്ടനില്‍ അറസ്റ്റിലായശേഷം മാത്രമാണ് കോഴ കൈമാറ്റം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്.

ആംഗ്ലോ-ഇറ്റാലിയന്‍ കമ്പനി അഗസ്ത-വെസ്റ്റ്ലാന്‍ഡുമായുള്ള ഹെലികോപ്റ്റര്‍ ഇടപാടിലും ഇടനിലക്കാര്‍ക്കെതിരെ ഇറ്റാലിയന്‍ പൊലീസ് കേസെടുത്തശേഷമാണ് കേന്ദ്രം നടപടിക്ക് തയ്യാറായത്. വ്യോമ-നാവികസേനകള്‍ക്കായി ബ്രിട്ടീഷ് ബഹുരാഷ്ട്ര കമ്പനിയായ ബിഎഇയില്‍നിന്ന് 143 ഹോക്ക്ജെറ്റ് ട്രെയ്നര്‍ വിമാനം വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചു. ഇതില്‍ 24 വിമാനം ബിഎഇ നേരിട്ട് നിര്‍മിച്ചുനല്‍കി. ശേഷിക്കുന്നവ നിര്‍മിക്കാനുള്ള ലൈസന്‍സ് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്എഎല്‍) നല്‍കുകയും ചെയ്തു. ഇവയ്ക്കാവശ്യമായ എന്‍ജിന്‍ ലഭ്യമാക്കാനുള്ള കരാര്‍ ഉറപ്പിക്കാന്‍ റോള്‍സ്റോയിസ് കമ്പനി കോഴ നല്‍കിയെന്ന ആരോപണത്തില്‍ കേസെടുത്ത് ബ്രിട്ടീഷ് സീരിയസ് ഫ്രോഡ് ഓഫീസ് അന്വേഷണം തുടങ്ങി. ഈ കഴിഞ്ഞമാസം ലണ്ടനില്‍ കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ വംശജനായ ആയുധ ഇടനിലക്കാരന്‍ സുധീര്‍ചൗധരിയെയും മകന്‍ ഭാനുവിനെയും വിട്ടയച്ചെങ്കിലും ബ്രിട്ടീഷ് അധികൃതര്‍ അന്വേഷണം തുടരുകയാണ്. എച്ച്എഎല്‍ വിജിലന്‍സിന്റെ അന്വേഷണത്തിലും കോഴ ഇടപാട് പ്രാഥമികമായി സ്ഥിരീകരിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പ്രതിരോധമന്ത്രാലയത്തിന് കത്തുനല്‍കിയെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഹോക്ക് വിമാനങ്ങളുടെ ഇടപാട് മൊത്തം 25,000 കോടി രൂപയുടേതാണ്. ഇതില്‍ 10,000 കോടി രൂപ 871 എന്‍ജിന്റെ വിലയാണ്. ഈ കരാറിനായി തുടക്കംമുതല്‍ കടുത്ത മത്സരമായിരുന്നു. യുദ്ധവിമാന എന്‍ജിന്‍ ഇടപാടിലും കോഴ കൈമാറ്റം വ്യക്തമായതോടെ രാജ്യത്തിന്റെ ആയുധ സംഭരണസംവിധാനത്തിന്റെ സുതാര്യതയും കാര്യക്ഷമതയും ചോദ്യംചെയ്യപ്പെടുകയാണ്.

സേനാനവീകരണവും തടസ്സപ്പെട്ടു. ആയുധസംഭരണത്തില്‍ ഇടനിലക്കാര്‍ വേണ്ടെന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിതനയം. എന്നാല്‍,യുപിഎ ഭരണകാലത്തുറപ്പിച്ച എല്ലാ പ്രധാന ഇടപാടുകളിലും ഇടനിലക്കാര്‍ പ്രവര്‍ത്തിച്ചു. ഇക്കാര്യം സമ്മതിച്ച പ്രതിരോധമന്ത്രാലയം പല കമ്പനികളെയും കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു. ഹോക്ക് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 2004 മുതല്‍ ആലോചന നടക്കുകയാണ്. കാലഹരണപ്പെട്ട യുദ്ധവിമാനങ്ങള്‍ തകരുന്നത് പതിവായ സാഹചര്യത്തിലാണ് ആധുനികയാനങ്ങളുടെ സംഭരണത്തിന് തീരുമാനിച്ചത്.

അതേസമയം, നടപടികള്‍ നീണ്ടുപോകുകയും പദ്ധതിച്ചെലവ് ഉയരുകയും ചെയ്തു. ഇപ്പോള്‍ ഇടപാട് കോഴയിലും കുടുങ്ങിയതോടെ പ്രതിരോധസേനാകേന്ദ്രങ്ങള്‍ ആശങ്കയിലാണ്. അഗസ്ത വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ എന്നപോലെ എച്ച്എഎല്‍ ഇടപാടിലും വിദേശസര്‍ക്കാര്‍ നടപടി സ്വീകരിച്ചതുകൊണ്ടല്ലേ യുപിഎ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് നിര്‍ബന്ധിതമായതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്് ട്വിറ്ററില്‍ പ്രതികരിച്ചു. രാജ്യത്തിന് പുറത്തുള്ള ഏജന്‍സി കണ്ടെത്തിയ സാഹചര്യത്തില്‍ മാത്രമാണ് ഈ അഴിമതിയും അന്വേഷിക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായതെന്ന് ബിജെപി വക്താവ് പ്രകാശ് ജാവേദ്കര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സാജന്‍ എവുജിന്‍

റോള്‍സ് റോയിസുമായുള്ള ഇടപാട് നിര്‍ത്തി

ന്യൂഡല്‍ഹി: യുദ്ധവിമാന എന്‍ജിന്‍ സംഭരണ കരാര്‍ കോഴക്കേസില്‍ കുടുങ്ങിയ സാഹചര്യത്തില്‍ ബ്രിട്ടീഷ് ബഹുരാഷ്ട്ര കമ്പനിയായ റോള്‍സ് റോയിസുമായുള്ള എല്ലാ ഇടപാടുകളും പ്രതിരോധമന്ത്രാലയം നിര്‍ത്തിവച്ചു. ഇന്ത്യയില്‍നിന്ന് പതിനായിരം കോടി രൂപയുടെ കരാര്‍ കിട്ടാന്‍ റോള്‍സ്റോയിസ് കോഴ കൊടുത്തുവെന്ന ആരോപണം ബ്രിട്ടീഷ് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. ഇക്കാര്യം പുറത്തുവന്നതോടെ കേന്ദ്രം സിബിഐ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പുതിയ കോഴക്കേസ് രാജ്യത്തിന്റെ പ്രതിരോധസംഭരണമേഖലയെ കൂടുതല്‍ ഉലച്ചിരിക്കുകയാണ്. അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഇടപാടുകള്‍ മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്യുന്ന സര്‍ക്കാരിന് ഇടനിലക്കാരുടെ കടന്നുകയറ്റം തടയാന്‍ കഴിയുന്നില്ല. സര്‍ക്കാരിലും ഭരണകക്ഷിയിലും ശക്തമായ സ്വാധീനമുള്ള ലോബിയാണ് ആയുധ ഇടപാടുകളുടെ ചുക്കാന്‍പിടിക്കുന്നത്. പ്രതിരോധവകുപ്പിലും ഇവര്‍ക്ക് ഏജന്റുമാരുണ്ട്. അഴിമതി പുറത്തുവരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ നടപടി ഉണ്ടാകുന്നത്. അടുത്തിടെ എല്ലാ പ്രതിരോധ ഇടപാടുകളിലും ആദ്യം നിയമനടപടി തുടങ്ങിയത് വിദേശ സര്‍ക്കാരുകളാണ്. റോള്‍സ്റോയിസ് കോഴക്കേസില്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അഴിമതിക്കെതിരെ ജനാധിപത്യവിരുദ്ധമായി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ശാഠ്യംപിടിച്ച രാഹുല്‍ഗാന്ധിയും മൗനത്തിലാണ്.

deshabhimani

No comments:

Post a Comment