യുപിഎ സര്‍ക്കാരിന്റെ കാലത്ത് നഷ്ടപ്പെട്ട 2.48 ലക്ഷം ഹെക്ടര്‍ വനം ഏതെങ്കിലും ലോനച്ചനോ വക്കച്ചനോ കൈയേറിയതല്ലെന്നും കേന്ദ്രസര്‍ക്കാര്‍ വന്‍ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിയതാണെന്നും കത്തോലിക്കസഭയുടെ പ്രസിദ്ധീകരണമായ "സത്യദീപം" വാരിക. ഈ വനഭൂമിയെക്കുറിച്ച് വിലപിക്കാത്തവര്‍ കേരളത്തില്‍ ഗാഡ്ഗിലിനെയും കസ്തൂരിരംഗനെയും കെട്ടിയിറക്കി മലയോരകര്‍ഷകനെ കണ്ണീരുകുടിപ്പിക്കുകയാണെന്ന് ബുധനാഴ്ച പ്രസിദ്ധീകരിച്ച വാരികയിലെ "ലൈഫ് ലൈറ്റ്" എന്ന പംക്തിയില്‍ ആന്റണി ചടയംമുറി എഴുതുന്നു. "കടലില്‍ കായം കലക്കുന്നതുപോലെ വരുന്നു ഒരു തെരഞ്ഞെടുപ്പു മാമാങ്കം" എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്.
മലയോരങ്ങളിലെ കര്‍ഷകരുടെ ഭൂമിയില്‍ ഇന്ന് വിളയുന്നത് കുരുമുളകോ ഏലമോ അല്ല, കണ്ണീരാണ്. മാസങ്ങളായി പുകയുന്ന ഈ ജനകീയ പ്രശ്നങ്ങളില്‍ എന്തുകൊണ്ട് പാര്‍ടിതലത്തിലുള്ള ഇടപെടല്‍ വൈകിയെന്ന ചോദ്യമാണ് കോണ്‍ഗ്രസും പാര്‍ടിയെ ചടുലമാക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ഗാന്ധിയും കൂട്ടരും സ്വയം ചോദിക്കേണ്ടതെന്നും ലേഖനം പറയുന്നു. പരിസ്ഥിതി-വനം സംരക്ഷണരംഗത്ത് യുഡിഎഫിനെക്കാള്‍ ഇരട്ടത്താപ്പും കാപട്യവുമാണ് യുപിഎക്കെന്ന് തെളിയിക്കുന്ന കണക്കുകള്‍ ലേഖനത്തിലുണ്ട്. എണ്ണ, ധാതു ഖനത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ 1.64 ലക്ഷം ഹെക്ടര്‍ വനം നശിപ്പിച്ചു. ഇനിയും 3.30 ലക്ഷം ഹെക്ടര്‍ വനംകൂടി നശിപ്പിക്കേണ്ടി വരുമെന്ന കണക്ക് കേന്ദ്ര പരിസ്ഥിതിമന്ത്രാലത്തിന്റെ കൈവശമുണ്ട്. ഇതിനുകൂടി കേന്ദ്രം അനുമതി നല്‍കിയാല്‍ യുപിഎ ഭരണത്തില്‍ നശിപ്പിക്കുന്ന വനത്തിന്റെ വിസ്തൃതി 7.36 ലക്ഷം ഹെക്ടറാവും. 2013ല്‍ യുപിഎ ഭരണം വനങ്ങള്‍ കേന്ദ്രീകരിച്ച് 346 പദ്ധതികള്‍ക്ക് അനുമതി നല്‍കി. ഇതിലേറെയും പ്രകൃതിയെ ദൈവതുല്യം ആരാധിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണെന്നത് ദുഃഖകരമാണെന്നും ലേഖനം പറയുന്നു.
കേരളത്തില്‍ ഉദ്യോഗസ്ഥ മാഫിയയുമായി ചേര്‍ന്ന് സ്വകാര്യ എസ്റ്റേറ്റുകള്‍ സ്വന്തമാക്കിയത് 3596.46 ഏക്കര്‍ സ്ഥലമാണെന്നും അതില്‍ 1000 ഏക്കര്‍ എസ്റ്റേറ്റ് ഉടമകള്‍ മറിച്ചുവിറ്റെന്നും ലേഖനം പറയുന്നു. തോട്ടം മറിച്ചുവില്‍ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയതാണ് ഇത്തരം വില്‍പ്പന വ്യാപകമാക്കിയതെന്നും വിമര്‍ശമുണ്ട്. നമ്മുടെ ഭാഷയുടെ പേര് കൂട്ടിച്ചേര്‍ത്ത എസ്റ്റേറ്റ് ഉടമ തട്ടിയെടുത്തത് 2464.97 ഏക്കറാണ്. നടപടി ആവശ്യപ്പെട്ട് ലാന്‍ഡ് റെവന്യൂ കമീഷണര്‍ സര്‍ക്കാരിന് കത്തു നല്‍കിയിട്ടും നടപടിയുണ്ടായില്ല. മലയോര കര്‍ഷകന്റെ കരം സ്വീകരിക്കാതെ വട്ടം കറക്കുന്ന ഉദ്യോഗസ്ഥര്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് തണ്ടപ്പേര് മാറ്റി പട്ടയം "ഒപ്പിച്ച്" കൊടുത്തു. സാധാരണ ജനങ്ങള്‍ക്ക് നീതി നടപ്പാക്കിക്കൊടുക്കേണ്ട ഭരണകര്‍ത്താക്കള്‍ കോര്‍പറേറ്റുകളുടെ കളിപ്പാവകളായി മാറുന്നുവെന്ന ആരോപണം ഉടലെടുക്കുന്നത് ഇത്തരം അഴിമതികളുടെ പശ്ചാത്തലത്തിലാണെന്നും ലേഖനത്തില്‍ പറയുന്നു. യുഎന്‍ അവാര്‍ഡ് നേടിയെന്ന് വീമ്പടിക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. ഭരണസംവിധാനങ്ങള്‍ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരുടെ മുഷ്ക്കിനെ മറികടക്കാന്‍ സാധിക്കാത്ത ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ഈ നൂറ്റാണ്ടിന് യോജിക്കാത്തതാണ്. ടെലി കോണ്‍ഫറന്‍സിങ്ങിലൂടെയും ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറ ഉപയോഗിച്ചും ഭരണസിരാകേന്ദ്രങ്ങള്‍ നിയന്ത്രിക്കാന്‍ മന്ത്രിമാര്‍ക്ക് കഴിയണമെന്നും ലേഖനത്തില്‍ നിരീക്ഷിക്കുന്നു.
എം എന്‍ ഉണ്ണികൃഷ്ണന്‍ deshabhimani
അധിക്ഷേപിച്ച് നേട്ടമുണ്ടാക്കാമെന്ന് കരുതേണ്ട: കര്‍ദിനാള്‍ ക്ലീമിസ്
തിരു: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നിരാഹാരം അനുഷ്ഠിക്കുന്നവരെയും സമരത്തിന് നേതൃത്വം നല്‍കുന്നവരെയും അധിക്ഷേപിച്ച് നേട്ടമുണ്ടാക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു.
സമരക്കാരെ അധിക്ഷേപിക്കുന്നതിലൂടെ പുതിയ വോട്ടുകിട്ടുമെന്നോ വിജയമുണ്ടാകുമെന്നോ കരുതുന്നത് അബദ്ധമാണ്. ആരും ഈ തെറ്റിദ്ധാരണ വച്ചുപുലര്‍ത്തരുത്. നേതൃത്വം കൊടുക്കുന്ന ആളുകളെ ഒറ്റപ്പെടുത്തി സംസാരിച്ചാല്‍ പ്രശ്നം തീരുമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോ രാഷ്ട്രീയപാര്‍ടികളോ കരുതരുത്. ഈ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന കാര്യത്തില്‍ സഭയ്ക്ക് അഭിപ്രായമില്ലെന്നും കര്‍ദിനാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണം. ഇപ്പോള്‍ പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തില്‍ മലയോര കര്‍ഷകജനത ആശങ്കാകുലരാണ്. കരട് വിജ്ഞാപനം രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വസിക്കുന്നു. വാഗ്ദാനം സമയബന്ധിതമായി പാലിക്കപ്പെട്ടില്ലെങ്കില്‍, അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കുമെന്നാണ് കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നിലപാട്. പ്രശ്നം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ അവസാന നിമിഷംവരെ വലിച്ചിഴച്ചുകൊണ്ടുപോയതില്‍ കര്‍ഷകര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചുമതല നിറവേറ്റിയില്ല. പ്രശ്നം നേരത്തെ പരിഹരിക്കപ്പെടേണ്ടതായിരുന്നു. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയും ഈ വികാരത്തില്‍ പങ്കുചേരുന്നു.
തെരഞ്ഞെടുപ്പ് സംബന്ധിച്ച നിലപാട് സഭ നേരത്തെ വ്യക്തമാക്കിയതാണ്. ആശങ്കകള്‍ പരിഹരിക്കപ്പെടുന്നതനുസരിച്ചാണ് ജനം വോട്ടു ചെയ്യുന്നത്. അത് അവരുടെ സ്വാതന്ത്യമാണ്. വിജ്ഞാപനം സംബന്ധിച്ച നിലപാടുകള്‍ കേന്ദ്രവും സംസ്ഥാനവും വ്യക്തമാക്കണം. ഓഫീസ് മെമ്മോറാണ്ടത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചല്ല, അതിന്റെ സാധുതയെയും സാധ്യതയെയുംകുറിച്ചാണ് ആശങ്ക. കര്‍ഷക പ്രതിഷേധങ്ങളിലുള്ള ആകുലതയേക്കാള്‍ പ്രശ്ന പരിഹാരമാര്‍ഗങ്ങള്‍ തേടുകയാണ് ക്രിയാത്മക സര്‍ക്കാര്‍ ചെയ്യേണ്ടത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പായില്ലെങ്കില്‍ ഗാഡ്ഗിലാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല. പ്രശ്നത്തില്‍ നടപടിക്രമങ്ങള്‍ ഇത്രയും വൈകിയതെന്താണെന്ന് ഭരണരംഗത്തുള്ളവര്‍ പരിശോധിക്കണമെന്നും കര്‍ദിനാള്‍ പറഞ്ഞു.
No comments:
Post a Comment