Thursday, March 6, 2014

ആത്തിക്കയുടെ കത്ത് ആര്‍എസ്എസ്സിനെ സഹായിക്കാന്‍

കണ്ണൂര്‍: മതന്യൂനപക്ഷങ്ങളെ കൊന്നൊടുക്കി രാജ്യത്തിന് ഭീഷണിയായി വളരുന്ന ആര്‍എസ്എസ്സിനെ സഹായിക്കാനേ അരിയില്‍ അബ്ദുല്‍ ഷുക്കൂറിന്റെ ഉമ്മ ആത്തിക്കയുടേതെന്ന പേരില്‍ മുസ്ലിംലീഗ് നേതൃത്വം തയ്യാറാക്കിയ കത്ത് പ്രയോജനം ചെയ്യൂ. ഗുജറാത്ത് വംശഹത്യയുടെ പന്ത്രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ഗുജറാത്ത് കലാപത്തിന്റെ ഇരയായ കുത്തുബ്ദീന്‍ അന്‍സാരി പങ്കെടുത്തതിന് രൂക്ഷവിമര്‍ശം ചൊരിഞ്ഞാണ് ആത്തിക്കയുടേതെന്ന പേരില്‍ തുറന്ന കത്ത് പ്രചരിപ്പിച്ചത്. ചിന്താശക്തിയുള്ള ഒരാളും രാഷ്ട്രീയ സംഘര്‍ഷത്തിലെ മരണവും മൂന്നുദിവസം കൊണ്ട് മൂവായിരത്തോളം മുസ്ലിങ്ങളെ വംശഹത്യ നടത്തിയതും ഒരേതുലാസില്‍ തൂക്കില്ല. ലീഗിന്റെ കാപട്യം നിറഞ്ഞ നിലപാടിന്റെ കളിപ്പാവയായി മാറുകയാണ് ആത്തിക്ക. രാജ്യമാകെ മതേതര ചേരിയെ പ്രതീക്ഷയോടെ ഉറ്റുനോക്കുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന ശ്രമമാണ് ലീഗിന്റെ പക്ഷത്തുനിന്നുണ്ടാകുന്നത്. അധികാര ലബ്ധിയിലും സമ്പത്തിലും മാത്രം കണ്ണുവയ്ക്കുന്ന ലീഗ് കോടിക്കണക്കിന് മുസ്ലിങ്ങളെ വഞ്ചിക്കുകയാണ്.

ലീഗ് അഴിച്ചുവിട്ട അതിക്രമങ്ങള്‍ക്കൊടുവില്‍ നടന്ന ദൗര്‍ഭാഗ്യകരമായ സംഭവമാണ് അരിയില്‍ അബ്ദുല്‍ ഷുക്കൂറിന്റെ കൊലപാതകം. ഇതുമറയാക്കി സിപിഐ എമ്മിനെതിരെ യുഡിഎഫ് അഴിച്ചുവിട്ട അടിസ്ഥാനരഹിതമായ വാദങ്ങളാണ് ആത്തിക്ക ഉന്നയിക്കുന്നത്. കുനിയില്‍ സഹോദരങ്ങളെ അരുംകൊല ചെയ്തും അധ്യാപകനെ ചവിട്ടിക്കൊന്നും ഉദുമയില്‍ സിപിഐ എം പ്രവര്‍ത്തകനെ നിഷ്ഠുരം വധിച്ചും ലീഗ് കൊലപാതക പരമ്പര തുടരുകയാണെന്ന സത്യവും ആത്തിക്കയുടെ കത്തില്‍ മറച്ചുവയ്ക്കുന്നു.

ഗുജറാത്തില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന കുത്തുബ്ദീന്‍ അന്‍സാരിക്ക് അഭയം നല്‍കിയത് സിപിഐ എം ഭരിച്ച ബംഗാളാണ്. ഗുജറാത്തില്‍ ആര്‍എസ്എസ്സുകാര്‍ ചുട്ടുകൊന്ന പാര്‍ലമെന്റ് അംഗമായ ജഫ്രിയുടെ വധത്തില്‍ പ്രതിസ്ഥാനത്ത് ചേര്‍ക്കപ്പെട്ടത് ഒരു കോണ്‍ഗ്രസ് നേതാവാണ്. മഹാത്മാഗാന്ധിയുടെ നാട്ടില്‍ നടന്ന അരുംകൊലകളില്‍ മതന്യൂനപക്ഷങ്ങളെ രക്ഷിക്കാന്‍ കോണ്‍ഗ്രസുണ്ടായിരുന്നില്ല. രാജ്യം തിരിച്ചറിയുന്ന ഈ വസ്തുതക്കൊപ്പമാണ് കുത്തുബ്ദീന്‍ അന്‍സാരിയും നിലയുറപ്പിക്കുന്നത്. മുസ്ലിങ്ങള്‍ക്കെതിരെയുള്ള വേട്ടക്ക് ആര്‍എസ്എസ്സിന്റെ ആയുധമായിപ്പോയതില്‍ പശ്ചാത്തപിച്ച് അശോക് മോച്ചിയെന്ന അന്നത്തെ വേട്ടക്കാരനും തളിപ്പറമ്പിലെ വേദിയിലെത്തിയിരുന്നു. മുസ്ലിം സ്ത്രീകളടക്കം ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത വംശഹത്യയുടെ വ്യാഴവട്ടം സെമിനാറിലാണ് ഇരുവരും ഏകോദരസഹോദരങ്ങളെപോലെ പങ്കെടുത്തത്. കണ്ണില്‍ പൊടിയിടുന്ന നയങ്ങളിലൂടെ അധഃപതിച്ച ലീഗിന് രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ തിരിച്ചറിയാനാകില്ല. അതിന്റെ ഫലമായാണ് ഷുക്കൂറിന്റെ ഉമ്മയെപോലുള്ളവരെ രംഗത്തിറക്കി മതേതര ചേരിയുടെ മുന്നേറ്റത്തിന് തടയിടാന്‍ ശ്രമിക്കുന്നത്.

deshabhimani

No comments:

Post a Comment