നൂറുമേനി കൊയ്തിരുന്ന കേരളത്തിലെ വയലുകളിലും തോട്ടങ്ങളിലും വിളയുന്നത് വിലാപങ്ങള്‍മാത്രം. കാര്‍ഷികമേഖല സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കുന്നില്ല. കൃഷിവികസനത്തിന് ദീര്‍ഘവീക്ഷണമുള്ള നയങ്ങളില്ല. റിയല്‍ എസ്റ്റേറ്റ് ഭീമന്മാരുമായി ചേര്‍ന്ന് മണ്ണിനെ കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് മാറ്റുന്നു. മണ്ണില്‍നിന്ന് കര്‍ഷകനെ അകറ്റിയതോടെ വീണ്ടും കേരളം കര്‍ഷക ആത്മഹത്യയുടെ നാടായി. 2008-09ല്‍ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തില്‍ 12.7 ശതമാനവും കൃഷിയില്‍നിന്നായിരുന്നു. 2012-13ല്‍ അത് 8.9 ആയി. 1980-81ല്‍ ഈ മേഖലയില്‍നിന്നുള്ള സംഭാവന 36.96 ശതമാനമായിരുന്നു. ഇനിയൊരു തിരിച്ചുപോക്കിന് വിദൂര സാധ്യതപോലുമില്ല. പ്രധാന വിളകളുടെ ഉല്‍പ്പാദനം പാടേ കുറഞ്ഞു. 2011-12ല്‍ 2,08,160 ഹെക്ടറില്‍ നെല്‍കൃഷിയുണ്ടായിരുന്നത് 2012-13ല്‍ 1,97,207 ഹെക്ടറായെന്നാണ് ആസൂത്രണ ബോര്‍ഡിന്റെ കണക്ക്. 2011-12ല്‍ 8,20,867 ഹെക്ടറിലായിരുന്നു കേരകൃഷി. ഒറ്റവര്‍ഷംകൊണ്ട് 7,98,162 ഹെക്ടറിലേക്ക് ചുരുങ്ങി. ഉല്‍പ്പാദനമാണെങ്കില്‍ 2011-12ല്‍ സംസ്ഥാനത്ത് 594.1 കോടിയായിരുന്നു. 2012-13ല്‍ ഇത് 579.9 കോടിയായി. 2.3 ശതമാനത്തിന്റെ കുറവ്. അത് 2013-14ല്‍ 40 ശതമാനമായി കുറഞ്ഞു.
നാളികേരത്തിന് വില ഉയര്‍ന്നിട്ടുണ്ടെങ്കിലും ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ കൃഷിക്കാര്‍ക്ക് ഉയര്‍ന്ന വിലയുടെ ഗുണം ലഭിക്കുന്നില്ല. തെങ്ങിന്റെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനുള്ള പദ്ധതികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുമില്ല. പഴയ തെങ്ങുകള്‍ വെട്ടിമാറ്റി ഉല്‍പ്പാദനക്ഷമത കൂടിയ തൈകള്‍ നടുന്ന പദ്ധതിയും സ്തംഭിച്ചു. അയല്‍സംസ്ഥാനങ്ങള്‍ ശാസ്ത്രീയമായി കൃഷി വികസിപ്പിക്കുമ്പോള്‍ ഇവിടെ അവഗണന തുടരുന്നു. തെങ്ങിന്‍തോപ്പ് റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി കൈമാറ്റംചെയ്യുന്നത് തെങ്ങുകൃഷിയുടെ നട്ടെല്ലൊടിച്ചു. തെങ്ങുകൃഷി പുനരുദ്ധരിക്കുന്നതില്‍ കൃഷിവകുപ്പിന് ശ്രദ്ധയില്ല. വേരുചീയല്‍, മണ്ഡരിപോലുള്ള രോഗങ്ങള്‍ ബാധിച്ച തെങ്ങ് വെട്ടിമാറ്റി പകരം തൈ നടുന്നതിനുള്ള സബ്സിഡി തുക അര്‍ഹരായവരില്‍ എത്തിയില്ലെന്ന് ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2013-14ല്‍ കേന്ദ്ര സര്‍ക്കാര്‍ നാളികേര വികസനബോര്‍ഡ് മുഖേന 75 കോടി രൂപ അനുവദിച്ചു. എന്നാല്‍, ഇത് പ്രഖ്യാപനത്തിലൊതുങ്ങിയത് കേരളകര്‍ഷകര്‍ക്ക് ആഘാതമായി. വാണിജ്യവിളകളിലേക്കുള്ള മാറ്റവും കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് കൃഷിഭൂമി വന്‍തോതില്‍ ദുരുപയോഗം ചെയ്യുന്നതുമാണ് നെല്‍കൃഷിയുടെ തകര്‍ച്ചയ്ക്കിടയാക്കിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലങ്ങളില്‍ നെല്‍പ്പാടം സംരക്ഷിക്കാന്‍ കര്‍ശന നടപടിയുണ്ടായിരുന്നു. യുഡിഎഫാകട്ടെ വയലുകള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് തീറെഴുതി. 2012-13ല്‍ നെല്‍കൃഷിയില്‍ 5.2 ശതമാനവും ഉല്‍പ്പാദനത്തില്‍ 10.6 ശതമാനവും കുറഞ്ഞു. നാണ്യവിളകളും ഗുരുതര പ്രതിസന്ധിയിലാണ്. കാപ്പി, ഏലം എന്നിവയ്ക്കും നല്ലകാലമല്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ കാര്‍ഷികനയം തേയിലത്തോട്ടംമേഖലയിലും ദുരിതം വിതച്ചു. കുരുമുളക്, അടയ്ക്ക കര്‍ഷകരുടെ ജീവിതവും കടത്തിലും കണ്ണീര്‍ക്കയത്തിലുമാണ്.
വി ജയിന്‍
കാപ്പിത്തോട്ടങ്ങളില്‍ കരിയുന്നു ജീവിതം
കല്‍പ്പറ്റ: കളംനിറഞ്ഞ് കാപ്പിയുണ്ടായിരുന്ന കാലം പൂതാടി കോവളയില്‍ കൃഷ്ണ ഗൗഡറിന്റെ ഓര്‍മയിലുണ്ട്. ഒരേക്കര്‍ തോട്ടത്തില്‍നിന്ന് 700 കിലോ പരിപ്പുവരെ കിട്ടിയിരുന്ന സമൃദ്ധിയുടെ നാളുകള്‍. എന്നാല്‍, ഇപ്പോള്‍ വിളവ് നാലിലൊന്നായി. വര്‍ഷങ്ങള്‍ക്ക് മുമ്പെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ബാങ്ക് ജപ്തി നടപടി തുടങ്ങി- കൃഷ്ണ ഗൗഡറുടെ വാക്കുകളില്‍ നിസ്സഹായത നിറയുന്നു. കടത്തില്‍ ജീവിച്ച് കടത്തില്‍ മരിക്കേണ്ടി വരുന്ന വയനാടന്‍ കര്‍ഷകന്റെ വിലാപമാണിത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കര്‍ണാടകത്തില്‍നിന്ന് വയനാട്ടിലേക്ക് കുടിയേറി മണ്ണില്‍ പൊന്നുവിളയിച്ച ഈ പാരമ്പര്യ കര്‍ഷകകുടുംബം അതിജീവനത്തിനായി പ്രയാസപ്പെടുകയാണ്.
കൃഷ്ണ ഗൗഡറുടേത് ഒറ്റപ്പെട്ട കഥയല്ല. കാപ്പിപ്പൂവിന്റെ സുഗന്ധംപരന്ന വയനാടന്‍ കുന്നുകളില്‍ കര്‍ഷകസ്വപ്നങ്ങളുടെ കരിഞ്ഞ ഗന്ധമാണ്. നെസ്ലേയും ബ്രൂക്ക് ബോണ്ടും ഉള്‍പ്പെടുന്ന കുത്തകകള്‍ വിപണി കീഴടക്കിയപ്പോള്‍ ജനപ്രിയ പാനീയത്തിന്റെ ഉല്‍പ്പാദകര്‍ കടക്കെണിയിലായി. കര്‍ഷകര്‍ മുണ്ട് മുറുക്കിയുടുത്തു. ചിലപ്പോഴെല്ലാം കുരുക്ക് കഴുത്തിലും വീണു. ഇവരെ സഹായിക്കാനുള്ള സര്‍ക്കാര്‍ നടപടി പ്രഖ്യാപനത്തിലൊതുങ്ങി. വിലയിടിവും ഉല്‍പ്പാദനഷ്ടവും രോഗബാധയുമാണ് കാപ്പിക്കര്‍ഷകരെ തകര്‍ത്തത്. 2001-02ല്‍ 54,110 ടണ്‍ കാപ്പിയാണ് ഉല്‍പ്പാദിപ്പിച്ചത്. 2012-13ല്‍ ഇത് 25,000ല്‍ താഴെയായി. ഇപ്പോള്‍ കിലോയ്ക്ക് 146 രൂപവരെ വില ഉയര്‍ന്നെങ്കിലും കര്‍ഷകര്‍ക്ക് നേട്ടമില്ല. വിളവെടുപ്പു സമയത്ത് 108 രൂപയായിരുന്നു വില. മുന്‍ വര്‍ഷം ഇത് 115 രൂപയായിരുന്നു. 2012-ല്‍ 153 രൂപവരെ ഉയര്‍ന്നത് പിന്നീട് കുത്തനെ ഇടിഞ്ഞു. ഇറക്കുമതിച്ചുങ്കം നീക്കി മറ്റു രാജ്യങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിളകള്‍ക്ക് ഇന്ത്യയില്‍ വാതില്‍ തുറന്നിട്ടതാണ് കാപ്പിക്കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. കൃഷിക്ക് സബ്സിഡിയും മറ്റും നല്‍കി ഇതര രാജ്യങ്ങള്‍ കര്‍ഷകരെ സംരക്ഷിക്കുന്നതിനാല്‍ അവിടെ ഉല്‍പ്പാദനം വര്‍ധിക്കുന്നു. പ്രധാന കാപ്പി കയറ്റുമതി രാജ്യങ്ങളായ ബ്രസീലിലും വിയറ്റ്നാമിലും ഉല്‍പ്പാദനം കൂടി. ഇറക്കുമതിച്ചുങ്കം നല്‍കാതെതന്നെ അവ ഇന്ത്യയിലേക്കെത്തിക്കുന്നു. ആകെ വിളവിന്റെ 20 ശതമാനം സംഭരിച്ച് വില പിടിച്ചുനിര്‍ത്തണമെന്ന അന്താരാഷ്ട്ര കോഫി അസോസിയേഷന്‍ തീരുമാനം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നുമില്ല. നാണ്യവിളയില്‍പ്പെട്ടതിനാല്‍ കാപ്പിക്കര്‍ഷകര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുന്നില്ല. കാപ്പിക്കുരുവിന്റെ കീടബാധ തടയാന്‍ കുമിള്‍, കീടനാശിനി എന്നിവ കര്‍ഷകര്‍ക്ക് മിതമായ വിലയ്ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ല.
പി ഒ ഷീജ
രാസവളത്തിന് തീവില
പാലക്കാട്: ""മാസംതോറും രാസവളത്തിന് വില കൂട്ടിയാല്‍ ഞങ്ങളെങ്ങനെ കൃഷി തുടരും?"" പാലക്കാട് കിണാശേരിയിലെ കര്‍ഷകന്‍ വേണുഗോപാലിന്റെ ചോദ്യം ഒറ്റപ്പെട്ടതല്ല. കൃഷി രക്തത്തിലലിഞ്ഞുചേര്‍ന്ന പാലക്കാടന്‍ ജനതയുടേതാണ്. രാസവള വിലവര്‍ധനയും മാസംതോറും കൂടുന്ന ഡീസല്‍വിലയും നെല്‍കൃഷിയെ അത്യന്തം പ്രയാസകരമാക്കി. ട്രാക്ടര്‍, നടീല്‍-കൊയ്ത്ത് യന്ത്രം വാടകയും കുത്തനെ കൂട്ടി. വര്‍ഷത്തില്‍ രണ്ടു സീസണില്‍ നെല്‍കൃഷിക്ക് എട്ടുമാസം അത്യധ്വാനംചെയ്യണം. ഒരു ഹെക്ടറില്‍ വിത്തിട്ടാല്‍ പ്രതിഫലമായി കിട്ടുന്നത് പതിനായിരത്തില്‍ താഴെ രൂപ. നഷ്ടംസഹിച്ചും കൃഷിചെയ്യുന്നത് അത് ഉപേക്ഷിക്കാന്‍ വയ്യാത്തതുകൊണ്ടുമാത്രമാണെന്ന് കര്‍ഷകര്‍ വേദനയോടെ പറയുന്നു.
രാസവള വിലനിര്‍ണയാധികാരം കമ്പനികള്‍ക്ക് നല്‍കിയതോടെ എല്ലാ മാസവും വില കൂട്ടുകയാണ്. മൂന്നുവര്‍ഷത്തിനിടെ വില മൂന്നു മടങ്ങായി. കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പൊട്ടാഷിന് 2004 മുതല്‍ 2010 വരെ 50 കിലോ ചാക്കിന് 233 രൂപയായിരുന്നു. 2013 ജൂലൈയില്‍ 850 രൂപയായി. അടിവളമായ 10:26:26ന് 2010 ഒക്ടോബറില്‍ 427 രൂപയായിരുന്നത് 2012 ഡിസംബറില്‍ 1110 രൂപയായി. ഫാക്ടംഫോസിന് 2010 ഡിസംബറില്‍ 385 രൂപയുണ്ടായിരുന്നത് 2014 ല്‍ 888 രൂപയായി. വിലനിയന്ത്രണാധികാരം സര്‍ക്കാരില്‍ നിക്ഷ്പിതമായ യൂറിയക്ക് 2005ല്‍ 252.60 രൂപയാണ് വില. 2014ല്‍ 273 രൂപയും. വര്‍ധന 21 രൂപ. രാസവള വില സര്‍ക്കാര്‍ നിയന്ത്രിക്കുമ്പോള്‍ വിലക്കയറ്റമില്ലെന്നതിന് ഇതില്‍പ്പരം തെളിവ് വേണ്ട. ഇന്ത്യയില്‍ യഥേഷ്ടം ലഭിക്കുന്ന പ്രകൃതിവാതകംകൊണ്ട് ഉല്‍പ്പാദിപ്പിക്കുന്നതാണ് രാസവളം. അതിന്റെ മൊത്തം അവകാശം റിലയന്‍സിന് കൈമാറിയതോടെയാണ് രാസവളത്തിന് കൊള്ളവിലയായത്. കേന്ദ്രബജറ്റില്‍ രാസവള സബ്സിഡി നാലിലൊന്നായി കുറച്ചതോടെ ഏപ്രില്‍മുതല്‍ രാസവള വില ഇനിയും കൂടും.
വേണു കെ ആലത്തൂര്‍
ആത്മഹത്യ തുടര്‍ക്കഥ
ജനസംഖ്യയുടെ 60 ശതമാനവും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന രാജ്യത്തെ കര്‍ഷകര്‍ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. യുപിഎ സര്‍ക്കാര്‍ പിന്തുടര്‍ന്ന സാമ്പത്തികനയങ്ങളാണ് കര്‍ഷകരെ ആത്മഹത്യയുടെ മുനമ്പിലെത്തിച്ചത്. വിത്ത്, വളം, കീടനാശിനി തുടങ്ങി എല്ലാറ്റിന്റെയും വില കുതിച്ചുയര്‍ന്നു. ഡീസല്‍ വിലവര്‍ധനകൂടിയായപ്പോള്‍ കാര്‍ഷികമേഖല തകര്‍ച്ചയുടെ അങ്ങേയറ്റത്തായി.കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവും കാര്‍ഷിക ഉപകരണങ്ങളുടെയും വിത്തിന്റെയും വളത്തിന്റെയും വിലവര്‍ധനയും കടക്കെണിയിലാക്കിയപ്പോള്‍ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം കണ്ടു. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2009ല്‍ ഇന്ത്യയില്‍ ജീവനൊടുക്കിയത് 17,638 കര്‍ഷകരാണ്.
രാജ്യത്ത് കര്‍ഷകരുടെ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നു എന്ന് 2011ലെ സെന്‍സസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഒരു ലക്ഷം ആളുകളെ എടുത്താല്‍ കര്‍ഷക ആത്മഹത്യാ നിരക്ക് 16.3 ആണ്്. 2001ല്‍ ഇത് 15.7 ആയിരുന്നു. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടകം, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലാണ് 2009ന് ശേഷം കൂടുതല്‍ ആത്മഹത്യകള്‍ നടന്നത്. 2006ലെ കര്‍ഷക ആത്മഹത്യയുടെ പേരില്‍ കുപ്രസിദ്ധമായ മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ ഇപ്പോഴും ആത്മഹത്യകള്‍ തുടരുന്നു. 8345 പേരാണ് വിദര്‍ഭയില്‍ പത്തുവര്‍ഷത്തിനിടെ കടക്കെണിയില്‍ കുരുങ്ങി ജീവിതം അവസാനിപ്പിച്ചത്.ഇന്ധനവിലവര്‍ധനയും രാസവളങ്ങളുടെ ക്രമാതീതമായ വിലക്കയറ്റവുമാണ് കര്‍ഷരുടെ പിടിച്ചുനില്‍പ്പ് അപകടത്തിലാക്കിയ പ്രധാന ഘടകങ്ങള്‍. ഡീസലിന്റെ വിലവര്‍ധന ഓരോ ഘട്ടത്തിലും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. 2004ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ 21.73 രൂപയായിരുന്നു ഡീസല്‍വില. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഇത് 30.56 രൂപയില്‍ എത്തിയിരുന്നു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഡീസല്‍വില കുതിച്ചുയര്‍ന്നു.ഇപ്പോള്‍ 55.40 രൂപയാണ് ഡല്‍ഹിയില്‍ ഡീസലിന് വില.
രാസവളത്തിനും കീടനാശിനികള്‍ക്കും പതിന്മടങ്ങ് വിലക്കയറ്റമാണ് കഴിഞ്ഞ ഒരു ദശകത്തിനിടെ ഉണ്ടായത്. 2001ല്‍ ഒരു മില്യണ്‍ ഹെക്ടര്‍ ഭൂമി കൃഷിചെയ്യുമ്പോള്‍ കീടനാശിനിക്കായി 92.1 കോടി ചെലവഴിച്ചിടത്ത് ഇപ്പോള്‍ 350 കോടി ആവശ്യമാണ്. മോണ്‍സാന്റോ പോലുള്ള കമ്പനികളുടെ ഇടപെടലും കര്‍ഷകര്‍ക്ക് വിനയായി. മോണ്‍സാന്റോ കമ്പനി ഇന്ത്യയിലെത്തിയശേഷം 2,70,000 കര്‍ഷകര്‍ ആത്മഹത്യചെയ്തെന്ന് പരിസ്ഥിതി പ്രവര്‍ത്തകയായ വന്ദനശിവ പറയുന്നു. കുത്തകകളെ കാര്‍ഷികരംഗത്ത് പ്രതിഷ്ഠിക്കുന്നത് കര്‍ഷകര്‍ക്ക് ഗുണമാകില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു.വിലക്കയറ്റത്തില്‍ പൊറുതിമുട്ടി മുന്നോട്ടു നീങ്ങിയ കര്‍ഷകനുമേല്‍ പതിച്ച ഇടിത്തീയാണ് കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവ്. പ്രശ്നത്തില്‍ ഇടപെടുന്നതില്‍ സര്‍ക്കാര്‍ കുറ്റകരമായ വീഴ്ചയാണ് വരുത്തിയത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുമെന്നു പ്രഖ്യാപിച്ചെങ്കിലും പലപ്പോഴും നടപ്പായില്ല.
സുജിത് ബേബി deshabhimani
No comments:
Post a Comment