Friday, March 14, 2014

അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കാന്‍ ഹര്‍ജി നിലപാടില്‍ ഉറച്ച് ഗെയില്‍

അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യയും പി എയുമായിരുന്ന ഗെയില്‍ ട്രെഡ്വെല്ലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അമൃതാനന്ദമയി മഠത്തിനെതിരേ കേസെടുക്കാത്ത പൊലീസിന്റെ നടപടിക്കെതിരേ സുപ്രീംകോടതി അഭിഭാഷകന്‍ ദീപക് പ്രകാശ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസെടുക്കാതിരിക്കാന്‍ കാരണം വ്യക്തമാക്കാന്‍ കരുനാഗപ്പള്ളി പൊലീസിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയിലുണ്ട്.

അതേ സമയം തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഗെയില്‍ വീണ്ടും വ്യക്തമാക്കി. ഹോളിഹെല്‍ എന്ന പുസ്തകത്തിലൂടെയാണ് ഗെയില്‍ ട്രെഡ്വെല്‍ മഠത്തിലെ പീഡനങ്ങളെകുറിച്ചും ബലാല്‍സംഗങ്ങളെകുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും വെളിപ്പെടുത്തിയത്. തന്റെ ബ്ലോഗിലും ഈ അഭിപ്രായം അവര്‍ പ്രകടിപ്പിച്ചു. ഹോളിഹെല്ലില്‍ എഴുതിയതും കൈരളി ടി വിയില്‍ പറഞ്ഞതും തന്റെ അനുഭവങ്ങളാണ്. ഒരാളേയും വ്യക്തിഹത്യ നടത്താനല്ല ഇവ തുറന്നുപറഞ്ഞതെന്നും ഗെയില്‍ വെളിപ്പെടുത്തി. അന്വേഷണവുമായി സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

മഠത്തിനെതിരായ ആരോപണങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും ഇക്കാര്യത്തില്‍ താന്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത ഡിജിപി, കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍, കരുനാഗപ്പിള്ളി സബ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കെതിരേ കേസെടുക്കണമെന്നും ദിപക് നല്‍കിയ ഹര്‍ജിയിലുണ്ട്. മഠത്തിനെതിരായ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളിലും അന്വേഷണം വേണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ആരോപണ വിധേയനായ ബാലുസ്വാമിയെന്ന അമൃത സ്വരൂപാനന്ദയുടെ പാസ്പോര്‍ട്ട് പിടിച്ചെടുക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

deshabhimani

No comments:

Post a Comment