Tuesday, March 18, 2014

സുധീരന് പരസ്യമായി ആദര്‍ശം; രഹസ്യമായി ജാതി: നിയാസ് ചിതറ

സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പുധാരണ ഉണ്ടാക്കിയിട്ടുണ്ടെന്ന് മുന്‍ കെപിസിസി എക്സിക്യൂട്ടിവ് അംഗം നിയാസ് ചിതറ. മുന്‍ കെപിസിസി പ്രസിഡന്റ് ജാതിക്കണക്കുകള്‍ നിരത്തി ആഭ്യന്തരമന്ത്രി സ്ഥാനം നേടിയെങ്കില്‍, നിലവിലെ പ്രസിഡന്റ് വി എം സുധീരന്‍ പരസ്യമായി ആദര്‍ശം പറയുകയും രഹസ്യമായി ജാതി പറയുകയും ചെയ്യുകയാണ്. തിരുവനന്തപുരത്ത് ശശി തരൂരിനെയും കാസര്‍ഗോഡ് ടി സിദ്ദിഖിനെയും സ്ഥാനാര്‍ഥിയാക്കിയത് ബിജെപിയെ സഹായിക്കാനാണ്. മറ്റിടങ്ങളില്‍ ബിജെപി തിരിച്ച് കോണ്‍ഗ്രസ്സിനെയും സഹായിക്കും. ഏകതായാത്രയുമായി ബന്ധപ്പെട്ട് കേരളം സന്ദര്‍ശിച്ച ബിജെപി നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം ഇതുസംബന്ധിച്ച് ധാരണയിലെത്തിയിരുന്നതായും നിയാസ് ചിതറ "ദേശാഭിമാനി"യോട് വെളിപ്പെടുത്തി.

മതേതര വിശ്വാസികള്‍ക്ക് കോണ്‍ഗ്രസില്‍ തുടരാന്‍ പറ്റാത്ത സാഹചര്യമാണ്. സീറ്റുകളും സ്ഥാനങ്ങളും ജാതിയുടെയും പണത്തിന്റെയും മറ്റു പരിഗണനകളുടെയും അടിസ്ഥാനത്തില്‍ നിശ്ചയിക്കപ്പെടുകയാണ്. ഓരോ നേതാവും അവരവരുടെ ജാതിക്കുവേണ്ടിമാത്രം നിലകൊള്ളുന്ന ദയനീയ സ്ഥിതിയാണ്. കേവലം ഒരു ജില്ലയില്‍ മാത്രം ഒതുങ്ങുന്ന മുസ്ലീംലീഗിന്റെ പേരില്‍ കോണ്‍ഗ്രസിലെ മതേതര വിശ്വാസികളായ മുസ്ലിം നേതാക്കളെ അവഗണിക്കുകയാണ്. ഭാരവാഹിത്വവും മന്ത്രിസ്ഥാനവും കെപിസിസി പ്രസിഡന്റ് സ്ഥാനവും വളഞ്ഞവഴിയിലൂടെ പിടിച്ചെടുക്കാന്‍ സമുദായ നേതാക്കളുടെ തിണ്ണനിരങ്ങുന്ന നേതാക്കള്‍ ഇതു ചൂണ്ടിക്കാട്ടുന്നവരെ മൂലയ്ക്കിരുത്തുന്നു.

മോഡിയുടെ വരവിനെ ആശങ്കയോടെയുംഭഭയത്തോടെയും കാണുന്ന ഇന്ത്യയിലെ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും മറ്റ് പിന്നോക്ക സമുദായങ്ങളെയും വഞ്ചിക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്. കേന്ദ്രത്തില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കാനുള്ള സാഹചര്യമാണ് കോണ്‍ഗ്രസ് ഒരുക്കിക്കൊടുക്കുന്നത്. തോല്‍വി ഭയന്ന് പല നേതാക്കളും മത്സരിക്കുന്നില്ല. ഇതിന്റെ ഔദ്യോഗിക വിശദീകരണമാണ് കഴിഞ്ഞ ദിവസം എഐസിസി വക്താവായ പി സി ചാക്കോ നടത്തിയത്. ബിജെപിയെ വിമര്‍ശിക്കുകയും രഹസ്യമായി മോദിയ്ക്കൊപ്പം കാപ്പി കുടിക്കുകയും ചെയ്യുന്ന നേതാക്കളാണ് കോണ്‍ഗ്രസ്സില്‍. മുസഫര്‍നഗര്‍ കലാപത്തില്‍ കോണ്‍ഗ്രസ്സിന്റെ നിലപാട് ബിജെപിയെ സഹായിക്കുന്നതായിരുന്നു. കോണ്‍ഗ്രസ്സിന് മതേതര സമീപനം നഷ്ടമായതിനാല്‍ മോദിയെ ചെറുക്കാന്‍ മതേതരവിശ്വാസികള്‍ മതേതര പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യണമെന്നും നിയാസ് പറഞ്ഞു.

deshabhimani

No comments:

Post a Comment