Tuesday, March 18, 2014

ഗവ. അധ്യാപകപരിശീലനം സ്വകാര്യസ്ഥാപനത്തിന്

സര്‍ക്കാര്‍ സ്കൂളുകളിലെ പ്രൈമറി ക്ലാസിലെ അധ്യാപക പരിശീലനം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നു. വിദ്യാഭ്യാസ ചട്ടങ്ങളും ഉത്തരവുകളും കാറ്റില്‍ പറത്തിയുള്ള നീക്കത്തിലൂടെ കോടികളുടെ അഴിമതിക്കാണ് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ ഓഫീസ് നീക്കം നടത്തുന്നത്. പാശ്ചാത്യമാതൃകയിലുള്ള അത്യാധുനിക അധ്യയനരീതി അധ്യാപകരെ പരിശീലിപ്പിക്കാനെന്ന പേരിലാണ് അഴിമതിക്ക് കോപ്പുകൂട്ടുന്നത്. ഇതിനായി 50 കോടി രൂപ വകയിരുത്തി ചുമതല ഒരു സ്വകാര്യസ്ഥാപനത്തെ ഏല്‍പ്പിക്കാനാണ് ശ്രമം.

പദ്ധതി നടപ്പാക്കുംമുമ്പുതന്നെ മന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള തലസ്ഥാനത്തെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സ്വകാര്യ ഏജന്‍സിക്കായി രംഗത്തുവന്നു. അംഗീകാരമൊന്നുമില്ലാത്ത ഒരു സ്വകാര്യസ്ഥാപനം പ്രീ-പ്രൈമറി അധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന ശില്‍പ്പശാലയില്‍ ജില്ലയിലെ മുഴുവന്‍ പ്രീ-പ്രൈമറി അധ്യാപകരെയും പങ്കെടുപ്പിക്കാനാണ് ഡിഡിഇ സര്‍ക്കുലര്‍ ഇറക്കിയത്. എല്ലാ എഇഒമാര്‍ക്കും പ്രധാന അധ്യാപകര്‍ക്കും അയച്ച ഇ-മെയില്‍ സര്‍ക്കുലറില്‍ പ്രീ-പ്രൈമറി അധ്യാപകരെ മുഴുവന്‍ നെടുമങ്ങാട് പുത്തന്‍പാലത്തെ ഓക്സ്ഫഡ് കിഡ്സ് ക്യാമ്പസില്‍ എത്തിക്കാനായിരുന്നു നിര്‍ദേശം. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത നിര്‍ദേശമാണ് ഇ-മെയില്‍ സന്ദേശമായി നല്‍കിയതെന്ന് എഇഒമാര്‍ പറയുന്നു. മനാറുല്‍ഹുദ എന്ന സ്വകാര്യ ട്രസ്റ്റ് "ഓക്സ്ഫഡ് കിഡ്സ്" എന്ന പേരില്‍ വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിച്ച സെമിനാറിലാണ് സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകരോട് പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തിനുള്ള സെമിനാറില്‍ പങ്കെടുപ്പിക്കണമെന്ന നിര്‍ദേശം 12നാണ് ഇ- മെയില്‍ വഴി എഇഒമാര്‍ക്ക് അയച്ചത്. ചില എഇഒമാര്‍ പ്രശ്നം ഡിപിഐയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ "ഡിഡിഇ സര്‍ക്കുലറില്‍ പറഞ്ഞപോലെ ചെയ്യൂ" എന്നായിരുന്നത്രെ മറുപടി.

സര്‍ക്കാര്‍ സ്കൂളുകളോടനുബന്ധിച്ച് പിടിഎ നടത്തുന്ന പ്രീ- പ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെമേല്‍ വിദ്യാഭ്യാസ അധികൃതര്‍ക്ക് നിയന്ത്രണമില്ല. എന്നാല്‍, പിടിഎ സ്വന്തം നിലയില്‍ നടത്തുന്ന പ്രീ-പ്രൈമറി ക്ലാസുകളിലെ അധ്യാപകരെ സെമിനാറിലേക്ക് അയക്കാന്‍ നിര്‍ദേശം നല്‍കാന്‍ ഡിഡിഇയെ പ്രേരിപ്പിച്ചത് മന്ത്രി ഓഫീസുമായുള്ള ബന്ധമാണ്. ജീവിതശേഷികള്‍, മൂല്യബോധം, ഗണിതം, വായന, എഴുത്ത്, സര്‍ഗാത്മകത എന്നിവ മോണ്ടിസോറി രീതിയില്‍ കുട്ടികളെ പഠിപ്പിക്കണമെന്നും അങ്ങനെ പഠിക്കുന്ന കുട്ടികള്‍ മറ്റുള്ളവരെക്കാള്‍ മുന്നിലെത്തുമെന്നുമാണ് "മോണ്ടിസോറി ഹൗസ് ഓഫ് ചില്‍ഡ്രണ്‍" എന്ന സ്ഥാപനത്തിന്റെ വാഗ്ദാനം. ഈ സ്ഥാപനമാണ് ഇതിനായി ഓക്സ്ഫഡ് കിഡ്സ് എന്ന പേരില്‍ കിന്റര്‍ ഗാര്‍ട്ടണ്‍ മോഡല്‍ സ്കൂളുകള്‍ വ്യാപകമായി ആരംഭിച്ചത്. ഇവരുടെ പരിശീലനം സര്‍ക്കാര്‍ പ്രൈമറി ക്ലാസുകളില്‍കൂടി വ്യാപിപ്പിക്കാനാണ് ഇപ്പോള്‍ നീക്കം. ഇവര്‍ ഒമ്പതുമാസത്തെ പരിശീലനത്തിന് ഈടാക്കുന്നത് 27,000 രൂപയാണ്. പ്രൈമറി ക്ലാസുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രത്യേക പരീശീലനമാണ്. ആദ്യഘട്ടമായി അധ്യാപകര്‍ക്കും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഈ പരിശീലനത്തിന്റെ പേരില്‍ പ്രത്യേക ഫണ്ട് വകയിരുത്തി സ്വകാര്യസ്ഥാപനത്തിന് കൈമാറാനുള്ള നീക്കത്തിനുപിന്നില്‍ മന്ത്രി ഓഫീസിലെ ലീഗ് നേതാവാണെന്നും വിവരമുണ്ട്.

deshabhimani

No comments:

Post a Comment