Tuesday, March 18, 2014

കൈപ്പിഴ തിരുത്താന്‍ കോഴിക്കോട്

വോട്ടെടുപ്പിന് തൊട്ടുമുമ്പ് വന്നുവീണ ഒരു നുണബോംബ്-സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തിയുള്ള ആ പെരുംനുണയിലാണ് കോഴിക്കോടിന്റെ ജനവിധി അഞ്ചുകൊല്ലം മുമ്പ് അട്ടിമറിക്കപ്പെട്ടത്. നുണപറഞ്ഞവര്‍ നാടുവിട്ടിരിക്കുന്നു. എ വിജയരാഘവന് ഉയര്‍ന്ന ഭൂരിപക്ഷം നല്‍കി പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിക്കാനുള്ള വീറോടെ നാടും നഗരവുമുണര്‍ന്നിരിക്കുന്നു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ഥികള്‍ സജീവമായി പ്രചാരണരംഗത്തെത്തി. സാമൂതിരിയുടെ നാട്ടിലെ അടര്‍ക്കളത്തില്‍ ഇനി തീപാറും നാളുകള്‍.

സമര സംഘാടനത്തിന്റെയും പാര്‍ലമെന്ററി അനുഭവ സമ്പത്തിന്റെയും കരുത്തുമായാണ് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍ ജനവിധി തേടുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ആ പേര് പ്രഖ്യാപിക്കപ്പെട്ടതുതന്നെ കോഴിക്കോട് ആവേശത്തോടെയാണ് ശ്രവിച്ചത്. 33-ാം വയസ്സില്‍ കന്നിയങ്കത്തില്‍ പാലക്കാട്ട് വിജയക്കൊടി പാറിച്ച വിജയരാഘവനെ കോഴിക്കോട്ട് പരിചയപ്പെടുത്തല്‍ വേണ്ട. എസ്എഫ്ഐയുടെ സാരഥിയായി കോഴിക്കോടിന്റെ വഴികളിലൂടെ ഏറെ നാള്‍ നടന്നിട്ടുണ്ട്. മുക്കിലും മൂലയിലും ചെന്ന് ജനങ്ങളുമായി ഇടപഴകിയിട്ടുണ്ട്; പ്രസംഗിച്ചിട്ടുണ്ട്. കേരളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം ടി വാസുദേവന്‍നായരെ സന്ദര്‍ശിച്ചശേഷമാണ് വിജയരാഘവന്‍ പ്രചാരണത്തിന് തുടക്കമിട്ടത്. രാഷ്ട്രീയമായ പോരാട്ടമാണ് തെരഞ്ഞെടുപ്പില്‍ താന്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് വിജയരാഘവന്‍ വ്യക്തമാക്കുന്നു.

അടിസ്ഥാനസൗകര്യ വികസനത്തില്‍ കോഴിക്കോടിന് ഇനിയുമേറെ മുന്നേറാനുണ്ട്. വളര്‍ന്നുവരുന്ന നഗരത്തിനുയോജ്യമായ നിലയില്‍ കോഴിക്കോടിനെ മാറ്റിയെടുക്കേണ്ടതുണ്ട്. വികസനം വായ്ത്താരിയല്ല. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളാണ് ചര്‍ച്ചചെയ്യപ്പെടേണ്ടത്. ജനങ്ങളെ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് തള്ളിവിട്ട കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരായ പോരാട്ടമാണ് തെരഞ്ഞെടുപ്പ്. കേരളത്തിലെയും ഡല്‍ഹിയിലെയും സര്‍ക്കാരുകള്‍ ജനങ്ങളോടുകാണിക്കുന്ന കൊടും ക്രൂരതയും അഴിമതിയുടെ വ്യാപ്തിയും സോദാഹരണം ലളിതമായി വിവരിച്ച് പ്രസംഗങ്ങളിലൂടെ ജനഹൃദയങ്ങളിലിടം നേടിയ വിജയരാഘവന്‍ ചിരപരിചിതനായാണ് സ്വീകരിക്കപ്പെടുന്നത്. വിവിധ പാര്‍ലമെന്റ് സമിതികളിലെ അംഗമെന്ന നിലയില്‍ പ്രധാനമന്ത്രിമാരുടെ അഭിനന്ദനത്തിന് പാത്രമായിട്ടുണ്ട് വിജയരാഘവന്റെ പ്രവര്‍ത്തനം. ഉന്നയിക്കുന്ന വിഷയത്തിലെ തീര്‍ച്ചയും മൂര്‍ച്ചയും തുടരന്വേഷണങ്ങളും ഒട്ടേറെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലേക്ക് നയിച്ചു. വര്‍ഷങ്ങളായി പാക് പൗരന്മാരെന്ന പേരില്‍ ഒരുവിഭാഗം അനുഭവിച്ച പീഡനങ്ങള്‍ക്ക് അറുതിയായത് വിജയരാഘവന്റെ പോരാട്ടത്തെതുടര്‍ന്നാണ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും എത്തുന്നത്,
2009ല്‍ നേരിയ ജയംനേടിയ കോണ്‍ഗ്രസ് നേതാവ് എം കെ രാഘവനാ(61)ണ്. പയ്യന്നൂര്‍ സ്വദേശിയായ രാഘവന്‍, താന്‍ നടത്തിയതായി പറയുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ വോട്ടുതേടുന്നു. ഫലത്തില്‍ ഈ പ്രചാരണം യുഡിഎഫിനുതന്നെ വിനയാവുകയാണ്. കോണ്‍ഗ്രസിലേതടക്കം ഭൂരിപക്ഷം യുഡിഎഫ് നേതാക്കളും രാഘവന്റെ അവകാശവാദത്തെ ചോദ്യംചെയ്യുന്നു. അഞ്ചു വര്‍ഷത്തിനിടയ്ക്ക് ഏതു കേന്ദ്രപദ്ധതിയാണ് കോഴിക്കോട്ട് വന്നതെന്ന് അവര്‍ ചോദിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ കേന്ദ്രപദ്ധതികളല്ലാതെ മറ്റൊന്നും കൊണ്ടുവരാന്‍ അഞ്ചു വര്‍ഷത്തിനിടയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന സത്യം ജനങ്ങള്‍ തിരിച്ചറിയുന്നു.

ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭനും(65) മത്സരരംഗത്തുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുനില ക്രമമായി കുറയുകയാണ് ഇവിടെ. 2004ല്‍ നേടിയ വോട്ട് 2009ല്‍ നിലനിര്‍ത്താനായില്ല. 2004-ല്‍ 97,889 വോട്ട് കിട്ടിയ ബിജെപിക്ക് 2009-ല്‍ കിട്ടിയത് 89,718 വോട്ടാണ്. കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയാണ് പത്മനാഭന്‍. കര്‍ഷകത്തൊഴിലാളികളുടെ അഖിലേന്ത്യാ നേതാവുകൂടിയായ വിജയരാഘവന്റെ സ്ഥാനാര്‍ഥിത്വം സൃഷ്ടിച്ച പുത്തനുണര്‍വുമായാണ് എല്‍ഡിഎഫ് പ്രചാരണത്തില്‍ തുടക്കത്തില്‍തന്നെ മേല്‍ക്കൈ നേടിയത്. ഇക്കുറി കോഴിക്കോടിന് സംശയങ്ങളൊന്നുമില്ല. ഇടതുപക്ഷമാണ് ഈ നാടിന്റെ ഹൃദയപക്ഷമെന്നതില്‍ രണ്ടു പക്ഷവുമില്ല. പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അധികാരി വര്‍ഗത്തിന്റെ സര്‍വസംഹാരിയായ ബുള്‍ഡോസറുകള്‍ ഉരുണ്ട മണ്ണില്‍, നുണകളുടെ മലവെള്ളം പാഞ്ഞ നിലത്ത്, ഒരു കറുത്ത ശക്തിക്കും ഉലയ്ക്കാനാവാത്തതാണ് ചെങ്കൊടിയും ആ കൊടിയേന്തുന്ന കരങ്ങളുടെ കരുത്തും എന്ന് തെളിയിക്കാനാണ് കോഴിക്കോട് ഒരുങ്ങുന്നത്.

പി വിജയന്‍ deshabhimani

No comments:

Post a Comment