Tuesday, March 18, 2014

അടച്ചിട്ട മുറിയിലെ രഹസ്യം

എല്ലാം സുതാര്യമെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം ആവര്‍ത്തിക്കുന്നയാളാണ് നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നിട്ടും അദ്ദേഹം വെളിപ്പെടുത്താത്ത നിഗൂഢ രഹസ്യങ്ങളിലൊന്നാണ് എറണാകുളം ഗസ്റ്റ്ഹൗസിലെ "ചര്‍ച്ച". സോളാര്‍തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും ഇപ്പോള്‍ ഭാര്യയെ കൊന്ന കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുകയുംചെച്ചുന്ന ബിജുരാധാകൃഷ്ണനുമായാണ് അദ്ദേഹം അടച്ചിട്ട മുറിയില്‍ സംസാരിച്ചത്. അടച്ചിട്ട മുറിയില്‍ ഒന്നര മണിക്കൂര്‍ ചര്‍ച്ച നടത്താന്‍ മാത്രം ഇവര്‍ തമ്മില്‍ എന്ത് ബന്ധം. നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങളും വാര്‍ത്താസമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരും ആവര്‍ത്തിച്ച് ചോദിക്കുമ്പോഴും ഒഴിഞ്ഞുമാറുകയാണ് ഉമ്മന്‍ചാണ്ടി.

കേരളത്തെ പിടിച്ചുലച്ച സോളാര്‍തട്ടിപ്പ് കേസിലെ പ്രതികളുമായി ബന്ധമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ഉമ്മന്‍ചാണ്ടിയുടെ മുഖംമൂടി ഓരോന്നായി കൊഴിഞ്ഞുവീണു. ആദ്യം സരിതയെ അറിയില്ലെന്ന് പറഞ്ഞു. പിന്നെയത് ബിജുവിനെയായി. ഉമ്മന്‍ചാണ്ടിക്ക് എല്ലാവരെയും അറിയാമെന്നും എല്ലാം അറിയാമെന്നും തെളിയിച്ചത് കാലവും.

ബിജുരാധാകൃഷ്ണനെ ഉമ്മന്‍ചാണ്ടിയുടെ അടുത്തെത്തിച്ചത് താനാണെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. സംസ്ഥാന ഭരണത്തലവന്‍ കൊടും ക്രിമിനലുമായി ഒന്നര മണിക്കൂര്‍ എന്താണ് സംസാരിച്ചത്? കേരളത്തിലെ ഓരോ പൗരനും ഇതറിയാന്‍ അവകാശമുണ്ട്. എന്നിട്ടും ഉമ്മന്‍ചാണ്ടി പറയുന്നു; ഞങ്ങള്‍ സംസാരിച്ചത് വ്യക്തിപരമെന്ന്. ഒരു ക്രിമിനലിന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ താല്‍പ്പര്യമെന്ത്? അതിവേഗം ബഹുദൂരം ഓടുന്ന മുഖ്യമന്ത്രി എന്തിന് ഇത്രയും സമയം ഒരു തട്ടിപ്പ് കേസിലെ പ്രതിക്കൊപ്പം കഴിഞ്ഞു? സോളാര്‍തട്ടിപ്പ് കേസില്‍ പ്രതിസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയുമുണ്ട് എന്നതാണിതിന്റെ ഉത്തരം. കേരളത്തിലായാലും ഡല്‍ഹിയിലായാലും ഉമ്മന്‍ചാണ്ടിയുടെ നിഴല്‍പോലെ ഏറെക്കാലം സരിത എസ് നായരുണ്ടായിരുന്നു. വിശ്വസ്തരായ ടെന്നിജോപ്പന്റെയും ജിക്കുമോന്‍ ജേക്കബ്ബിന്റെയും സലിംരാജിന്റെയും ഡല്‍ഹിയിലെ പാവം പയ്യന്‍ തോമസ് കുരുവിളയുടെയും മൊബൈല്‍ഫോണുകളാണ് ഉമ്മന്‍ചാണ്ടി സ്ഥിരമായി ഉപയോഗിച്ചത്. ഈ ഫോണുകളിലേക്കെല്ലാം സരിത നിരന്തരം വിളിച്ചു; തിരിച്ചും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ക്ലിഫ്ഹൗസില്‍നിന്ന് സരിതയെ വിളിച്ചതും പുറത്തായി. ജോപ്പനെയും ജിക്കുവിനെയും സലിംരാജിനെയും പുറത്താക്കിയാല്‍ ഉമ്മന്‍ചാണ്ടിക്ക് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയാനാകുമോ?. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പാറാവ് ഡ്യൂട്ടിക്ക് നിയോഗിച്ച ഷീജാദാസ് എന്ന പൊലീസുകാരിയുടെ വാക്കുകള്‍ നിസ്സാരമായി തള്ളാനാകുമോ?

എല്‍ഡിഎഫ് ഭരണകാലത്ത് തട്ടിപ്പ് കേസില്‍പ്പെട്ട് ജയിലിലായിരുന്ന സരിത പ്രസവ ചികിത്സയ്ക്ക് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് പോയപ്പോള്‍ ഷീജയാണ് എസ്കോര്‍ട്ട് പോയത്. ഭരണം മാറിയപ്പോള്‍ സെക്രട്ടറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവിന്റെ ഭാര്യയും കോണ്‍ഗ്രസുകാരിയുമായ ഷീജയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലേക്ക് നിയോഗിച്ചു. അതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങിയ സരിത യുഡിഎഫ് വന്നപ്പോള്‍ പൊങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിത്യ സന്ദര്‍ശകയായപ്പോള്‍ ഷീജ മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ചു. എന്നിട്ടും സരിതയുടെ മുന്നില്‍ വാതിലുകള്‍ തുറന്നുകിടന്നു. കോണ്‍ഗ്രസുകാരനായ പത്തനംതിട്ടയിലെ മല്ലേലില്‍ ക്രഷര്‍ ഉടമ ശ്രീധരന്‍നായരെ ഉള്‍പ്പെടെ മുഖ്യമന്ത്രിയെ ഉപയോഗിച്ച് സരിത പറ്റിച്ചു. തട്ടിപ്പിനിരയായ തിരുവനന്തപുരത്തുകാരന്‍ പറഞ്ഞ പരാതി കേട്ട മൂന്നാമത്തെയാള്‍ മുഖ്യമന്ത്രിയുടെ ഭാര്യയാണ്. മണിക്കൂറുകള്‍ക്കകം എനിക്കെതിരെ മുഖ്യമന്ത്രിയോട് പരാതി പറയാന്‍ മാത്രം ധൈര്യമോ എന്ന് ചോദിച്ച് സരിത അയാളെ ഭീഷണിപ്പെടുത്തി. പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ ഫറോസിന് വഴിവിട്ട് സ്ഥാനക്കയറ്റം നല്‍കിയത് ആരുടെ പ്രേരണയായിരുന്നു. സരിതയ്ക്കൊപ്പം തട്ടിപ്പ് കേസില്‍ പ്രതിയാണെന്നറിഞ്ഞിട്ടും ഫിറോസിനെ വകുപ്പ് തലവനാക്കി. പിന്നീട് സരിതയുടെ വഴികാട്ടിയായി ഫിറോസുമുണ്ടായി. പിആര്‍ഡിയെപ്പോലും സോളാര്‍തട്ടിപ്പിന് ഉപയോഗിച്ചു. സരിത അകത്തായപ്പോഴും ഒത്തുകളി തുടര്‍ന്നു. സരിത ആദ്യം മജിസ്ട്രേട്ടിന് നല്‍കിയ രഹസ്യമൊഴിയും പത്തനംതിട്ട ജയിലില്‍ നിന്ന് തയ്യാറാക്കി അഭിഭാഷകന് നല്‍കിയ 22 പേജുള്ള മൊഴിയും അട്ടിമറിച്ചു. മൊഴിയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും മറ്റ് ഉന്നതരുടെയും പേരുണ്ടെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞതോടെ കേരളം കണ്ട ഏറ്റവും വലിയ കേസ് അട്ടിമറിയും നടന്നു. രായ്ക്ക് രാമാനം സരിതയെ ജയില്‍ മാറ്റി. 22 പേജ് മൊഴി മൂന്ന് പേജായി. ഉന്നതരുടെ പേരുകള്‍ ആവിയായി. ജയില്‍ സന്ദര്‍ശിച്ച അജ്ഞാതന്‍ പറഞ്ഞുറപ്പിച്ച "ഡീല്‍" പ്രകാരം ഒറ്റ രാത്രികൊണ്ട് 22 പേജ് മൊഴി ശൂന്യതയിലേക്ക് പറന്നു. പിന്നീടങ്ങോട്ട് സരിതയ്ക്കെതിരായ കേസുകളോരോന്നും ഒത്തുതീരുന്നതും ജാമ്യം ലഭിക്കുന്നതും കേരളം കണ്ടു. പാപ്പരായ സരിതയ്ക്ക് ലക്ഷങ്ങള്‍ കൊടുത്ത "അടുത്ത ബന്ധു" ആരാണ്. ഇപ്പോഴും സരിതയുടെ "വെളിപ്പെടുത്തല്‍" തുടരുന്നു. ഡീല്‍ നടത്തിയവരും നടത്താത്തവരും സരിതയുടെ തടവിലാണ്. കേരളത്തിന് താങ്ങാന്‍ കഴിയാത്ത രഹസ്യങ്ങള്‍ തന്റെ കൈയിലുണ്ടെന്ന് സരിത ആവര്‍ത്തിക്കുമ്പോള്‍ പ്രതിക്കൂട്ടില്‍ ഒന്നാം സ്ഥാനത്ത് ഉമ്മന്‍ചാണ്ടി തന്നെ.

എം രഘുനാഥ് deshabhimani

No comments:

Post a Comment