Monday, March 10, 2014

കെജ്രിവാളിന്റെ വിഐപി വിമാനയാത്ര വിവാദത്തില്‍

ആം ആദ്മി പാര്‍ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്രചെയ്തത് വിവാദമാകുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് ജയ്പൂരില്‍നിന്ന് ഡല്‍ഹിയിലേക്ക് കെജ്രിവാള്‍ സ്വകാര്യവിമാനത്തില്‍ യാത്രചെയ്തത്. ഇന്ത്യാ ടുഡെ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പങ്കെടുക്കാനായിരുന്നു യാത്ര. സ്വകാര്യവിമാനങ്ങളില്‍ യാത്ര ചെയ്യുന്ന മറ്റു രാഷ്ട്രീയ പാര്‍ടി നേതാക്കളെ നേരത്തെ കെജ്രിവാള്‍ രൂക്ഷമായിവിമര്‍ശിച്ചിരുന്നു. മറ്റു വിമാനം ലഭ്യമല്ലാതിരുന്നതിനാലാണ് സ്വകാര്യവിമാനത്തില്‍ യാത്ര ചെയ്തതെന്നാണ് കെജ്രിവാളിന്റെ വിശദീകരണം. പണമടച്ചത് മാധ്യമസ്ഥാപനമാണെന്ന വിശദീകരണവും "അഴിമതി വിരുദ്ധ പാര്‍ടി"യുടെ നേതാവ് നല്‍കുന്നു. ഇതിനിടെ, കെജ്രിവാളിന്റെ വിഐപി യാത്രയെ എതിര്‍ത്ത് ബിജെപി രംഗത്തുവന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി കെജ്രിവാള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. തന്റെ യാത്രയ്ക്ക് പണം മുടക്കിയത് മാധ്യമസ്ഥാപനമാണ്. മോഡിയുടെയും രാഹുല്‍ഗാന്ധിയുടെയും വിമാനയാത്രകള്‍ക്ക് പണം മുടക്കിയത് ആരാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഫണ്ട് സമാഹരിക്കാന്‍ കെജ്രിവാള്‍ പഞ്ചനക്ഷത്ര വിരുന്ന് സംഘടിപ്പിക്കും

ബംഗളൂരു: ആം ആദ്മി പാര്‍ടിക്ക് പണം സമാഹരിക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ പഞ്ചനക്ഷത്ര വിരുന്ന് സംഘടിപ്പിക്കുന്നു. കോര്‍പറേറ്റുകളുടെ പ്രതിനിധികളും ചലച്ചിത്രതാരങ്ങളും 15ന്നടക്കുന്ന വിരുന്നില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിരുന്നില്‍ പങ്കെടുക്കാന്‍ ഒരാള്‍ 20,000 രൂപ നല്‍കേണ്ടി വരുമെന്നാണ് സൂചന. ഇന്‍ഫോസിസ് ബോര്‍ഡ് അംഗമായിരുന്ന വി ബാലകൃഷ്ണന്റെ മേല്‍നോട്ടത്തിലാണ് വിരുന്ന് സംഘടിപ്പിക്കുക.

deshabhimani

No comments:

Post a Comment