Monday, March 10, 2014

ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന

ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന
-----------------------------------------------------------------------------------

കൊല്ലം ലോക്‌സഭാ സീറ്റ്‌ ആര്‍.എസ്‌.പിയില്‍നിന്ന്‌ എടുത്തുമാറ്റി എന്ന പ്രചരണം വസ്‌തുതകള്‍ക്ക്‌ നിരക്കുന്നതല്ല. കൊല്ലം ലോക്‌സഭാ സീറ്റില്‍ 1999, 2004, 2009 എന്നീ കഴിഞ്ഞ മൂന്ന്‌ തെരഞ്ഞെടുപ്പുകളിലും എല്‍.ഡി.എഫിനുവേണ്ടി മത്സരിച്ചത്‌ സി.പി.ഐ (എം) ന്റെ സ്ഥാനാര്‍ത്ഥിയാണ്‌.

കൊല്ലം ലോക്‌സഭാ സീറ്റ്‌ സംബന്ധിച്ച്‌ ആര്‍.എസ്‌.പി മുന്നോട്ടുവച്ച കാര്യങ്ങളെ സംബന്ധിച്ച്‌ അവരുമായി സി.പി.ഐ (എം) നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ തങ്ങളുടെ നിലപാട്‌ പ്രഖ്യാപിച്ച്‌ ആര്‍.എസ്‌.പി നേതാക്കള്‍ ഉടന്‍തന്നെ ചര്‍ച്ചകള്‍ നടത്തി എന്നു വരുത്തി മടങ്ങിപ്പോവുകയായിരുന്നു. ഇതു സംബന്ധിച്ച വിശദമായ ചര്‍ച്ചയ്‌ക്കുപോലും തയ്യാറാവാത്ത അസാധാരണമായ നടപടിയാണ്‌ ചര്‍ച്ചയില്‍ പങ്കെടുത്ത ആര്‍.എസ്‌.പി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത്‌. തുടര്‍ന്ന്‌ മാധ്യമങ്ങളോട്‌ തങ്ങള്‍ ഇനി ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗത്തില്‍ പങ്കെടുക്കുകയില്ലെന്ന നിലപാട്‌ ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുത്ത ആര്‍.എസ്‌.പി നേതാക്കള്‍ പ്രഖ്യാപിക്കുകയാണുണ്ടായത്‌.

അന്നുതന്നെ നടന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗത്തില്‍ അവര്‍ പങ്കെടുത്ത്‌ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയുമുണ്ടായില്ല. തുടര്‍ന്ന്‌ എല്‍.ഡി.എഫ്‌ നേതാക്കള്‍ ആര്‍.എസ്‌.പിയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും ആര്‍.എസ്‌.പി നേതൃത്വത്തെ അറിയിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാടില്‍നിന്ന്‌ എന്തെങ്കിലുമൊരു മാറ്റം വരുത്താനോ ഘടകകക്ഷി എന്ന നിലയില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള മുന്നണി രാഷ്‌ട്രീയത്തിലെ ജനാധിപത്യ മര്യാദ പോലും ആര്‍.എസ്‌.പി നേതാക്കള്‍ കാണിക്കുകയും ചെയ്‌തില്ല. ഇത്‌ വ്യക്തമാക്കുന്നത്‌ ഇക്കാര്യത്തില്‍ നേരത്തെ തന്നെ ആര്‍.എസ്‌.പി നിലപാട്‌ എടുത്തിരുന്നു എന്നാണ്‌. തുടര്‍ന്ന്‌ നടന്ന സംഭവങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നതുമാണ്‌.

കെ.പി.സി.സി പ്രസിഡന്റുമായും രമേശ്‌ ചെന്നിത്തലയുമായും ആര്‍.എസ്‌.പി നേതാക്കള്‍ ആ ദിവസം തന്നെ സംസാരിക്കുകയും ആര്‍.എസ്‌.പിക്ക്‌ കൊല്ലത്ത്‌ മത്സരിക്കുന്നതിന്‌ കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ്‌ സീറ്റ്‌ നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന്‌ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌തു. വീരന്‍ ജനതാദളുമായി നടക്കുന്ന സീറ്റ്‌ ചര്‍ച്ചയിലും കേരളാ കോണ്‍ഗ്രസ്സുമായുള്ള ചര്‍ച്ചയിലും സിറ്റിംഗ്‌ സീറ്റ്‌ നല്‍കാനാവില്ല എന്നാണ്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്റിന്റെ തീരുമാനം എന്നു പറഞ്ഞ യു.ഡി.എഫ്‌ നേതാക്കള്‍ക്ക്‌ അത്തരമൊരു വാദം ആര്‍.എസ്‌.പിയുടെ കാര്യത്തില്‍ ഉണ്ടായില്ല. ഇത്‌ കാണിക്കുന്നത്‌ കോണ്‍ഗ്രസ്സും ആര്‍.എസ്‌.പിയും തമ്മില്‍ നേരത്തെ തന്നെ ഇക്കാര്യത്തില്‍ ധാരണയുണ്ടായിരുന്നു എന്ന കാര്യമാണ്‌. കോണ്‍ഗ്രസ്സും ആര്‍.എസ്‌.പിയിലെ ചില നേതാക്കളും തമ്മില്‍ നേരത്തെ ഉണ്ടാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ്‌ കാര്യങ്ങള്‍ നീങ്ങിയത്‌ എന്ന്‌ ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. രണ്ട്‌ എല്‍.ഡി.എഫ്‌ എം.എല്‍.എമാര്‍ യു.ഡി.എഫില്‍ വരുമെന്ന ചില യു.ഡി.എഫ്‌ നേതാക്കള്‍ കുറച്ചുമാസങ്ങള്‍ക്കു മുമ്പുതന്നെ പ്രസ്‌താവിച്ചിരുന്ന കാര്യം ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതാണ്‌.

ആര്‍.എസ്‌.പി ദേശീയതലത്തില്‍ ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനങ്ങളുമായി യോജിച്ച്‌ പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ്‌. ബംഗാളില്‍ ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി നാല്‌ സീറ്റില്‍ മത്സരിക്കുകയും ചെയ്യുന്നുണ്ട്‌. കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെയും ജനദ്രോഹ നടപടികള്‍ക്കെതിരായും അഖിലേന്ത്യാതലത്തില്‍ ശക്തമായി പൊരുതിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനവുമാണ്‌. അത്തരം രാഷ്‌ട്രീയ നിലപാടുകള്‍ പാടെ മറന്നുകൊണ്ട്‌ സ്ഥാപിതതാല്‍പ്പര്യത്തിനായി ഇടതുപക്ഷ രാഷ്‌ട്രീയത്തേയും അതിന്റെ പിന്നില്‍ അണിനിരന്ന ജനതയേയും വഞ്ചിക്കുന്ന നിലപാടാണ്‌ കേരളത്തിലെ ചില ആര്‍.എസ്‌.പി നേതാക്കള്‍ കാണിച്ചത്‌.

ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി രാജ്യത്തെ തൊഴിലാളി സംഘടനകളെല്ലാം കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരെ രാഷ്‌ട്രീയ ഭിന്നതകള്‍ മറന്ന്‌ യോജിച്ച്‌ പ്രവര്‍ത്തിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ടി എന്ന നിലയില്‍ കോണ്‍ഗ്രസുമായി എങ്ങനെ യോജിച്ചുപോകാന്‍ പറ്റും എന്ന കാര്യം തൊഴിലാളി രാഷ്‌ട്രീയത്തെ കോണ്‍ഗ്രസ്‌ പാളയത്തില്‍ പണയപ്പെടുത്തിയ ആര്‍.എസ്‌.പി നേതാക്കള്‍ തന്നെയാണ്‌ വ്യക്തമാക്കേണ്ടത്‌. ഇടതുപക്ഷ ഐക്യത്തേയും തൊഴിലാളി രാഷ്‌ട്രീയത്തേയും വഞ്ചിച്ചുകൊണ്ട്‌ മുന്നോട്ടുപോകുന്ന രാഷ്‌ട്രീയം രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനു മാത്രമേ സഹായിക്കുകയുള്ളൂ.

ആഗോളവല്‍ക്കരണ നയങ്ങള്‍ പിന്തുടരുന്ന കേരളത്തിലെ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിെരയും അഴിമതിക്കെതിരായും ഇടതുപക്ഷ ജനാധിപത്യമുന്നണി സംഘടിപ്പിച്ച ശക്തമായ പോരാട്ടങ്ങളിലെല്ലാം ആര്‍.എസ്‌.പി സജീവമായി ഉണ്ടായിരുന്നു. യു.ഡി.എഫ്‌ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായി ആര്‍.എസ്‌.പി നേതാക്കള്‍ നടത്തിയ പ്രസ്‌താവനകളും നിലപാടുകളും കേരളീയര്‍ മറന്നിട്ടില്ല. യു.ഡി.എഫ്‌ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ സംബന്ധിച്ച്‌ ഇന്നലെവരെ ഘോരഘോരമായി സംസാരിച്ചവര്‍ ഇന്ന്‌ അത്തരം പ്രശ്‌നങ്ങളില്‍ എന്ത്‌ നിലപാട്‌ എടുക്കുന്നു എന്ന്‌ അറിയാന്‍ കേരള ജനതയ്‌ക്ക്‌ താല്‍പ്പര്യമുണ്ട്‌.

കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രേമചന്ദ്രന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമായി കൊല്ലം പാര്‍ലമെന്റ്‌ മണ്‌ഡലത്തില്‍നിന്ന്‌ രണ്ടു പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രാജ്യസഭാംഗമായും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ എം.എല്‍.എയായും മന്ത്രിയായും പ്രേമചന്ദ്രന്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഏക മന്ത്രിയായിരുന്നു എന്‍.കെ. പ്രേമചന്ദ്രന്‍. അദ്ദേഹത്തിന്റെ വിജയത്തിനായി ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ഘടകകക്ഷികളെല്ലാം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ട്‌ പ്രേമചന്ദ്രന്‍ പരാജയപ്പെട്ടുപോയി എന്നത്‌ ആര്‍.എസ്‌.പിക്കാര്‍ക്കുതന്നെ അറിയാവുന്ന കാര്യമാണ്‌. ആര്‍.എസ്‌.പിയേയും ഇടതുപക്ഷ ജനാധിപത്യമുന്നണിയേയും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും എന്നും പ്രവര്‍ത്തിച്ച പാര്‍ടികളെ പ്രേമചന്ദ്രന്‍ തള്ളിപ്പറയുന്നതു കാണുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിയാവുന്ന കേരളത്തിലെയും, വിശിഷ്യാ കൊല്ലത്തേയും ജനങ്ങള്‍ ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ താല്‍പ്പര്യം എന്തെന്ന്‌ തിരിച്ചറിയുകതന്നെ ചെയ്യും. വ്യക്തിപരമായി സ്ഥാനമാനങ്ങള്‍ക്കായി സ്വന്തം പാര്‍ടിയെ കോണ്‍ഗ്രസ്സിന്‌ ബലികൊടുക്കാനുള്ള നീക്കത്തിനാണ്‌ ആര്‍.എസ്‌.പി സഖാക്കള്‍ കൂട്ടുനില്‍ക്കുന്നത്‌.

ആഗോളവല്‍ക്കരണ നയങ്ങള്‍ക്കും അതേ നയങ്ങള്‍ തുടരുമ്പോള്‍ തന്നെ ജനങ്ങളെ വര്‍ഗീയമായി ധ്രൂവീകരിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്കുമെതിരായി ഒരു മൂന്നാമത്‌ രാഷ്‌ട്രീയശക്തിയെ കരുപ്പിടിപ്പിക്കുന്നതിനായുള്ള പോരാട്ടത്തിലാണ്‌ രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍. അതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളിലാണ്‌ ആര്‍.എസ്‌.പിയും രാജ്യത്ത്‌ ഭാഗഭാക്കായിരിക്കുന്നത്‌. ഈ സാഹചര്യത്തില്‍ അവസരവാദപരമായ നിലപാട്‌ സ്വീകരിക്കുന്ന കേരളത്തിലെ ആര്‍.എസ്‌.പിയിലെ ചില നേതാക്കളുടെ താല്‍പ്പര്യം ഇടതുപക്ഷ രാഷ്‌ട്രീയത്തോട്‌ എന്നും ഉറച്ചുനിന്ന ആര്‍.എസ്‌.പിയിലെ പ്രവര്‍ത്തകര്‍ തിരിച്ചറിയുകതന്നെ ചെയ്യും.

തിരുവനന്തപുരം
10.03.2014

No comments:

Post a Comment