Friday, March 21, 2014

യുഡിഎഫ് നയം കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നു: പിണറായി

കെഎസ്ആര്‍ടിസിയടക്കം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുകയെന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയെ സംരക്ഷിക്കണമെന്നും പെന്‍ഷന്‍ കൃത്യമായി നല്‍കണമെന്നും ആവശ്യപ്പെട്ട് കെഎസ്ആര്‍ടിഇഎയും(സിഐടിയു) കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷനും സംയുക്തമായി നടത്തിയ സെക്രട്ടറിയറ്റ് മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ വേറെയുമുണ്ട്. കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി പോലുള്ള സ്ഥാപനങ്ങള്‍. ഇവയിലൊക്കെ പെന്‍ഷന്‍ നല്‍കുന്നുണ്ട്. കെഎസ്ആര്‍ടിസിയില്‍ മാത്രം എന്തുകൊണ്ട് മുടങ്ങുന്നു? 2013 നവംബറിനു ശേഷം കെഎസ്ആര്‍ടിസിയില്‍ ഭാഗികമായേ പെന്‍ഷന്‍ നല്‍കിയിട്ടുള്ളൂ. മാര്‍ച്ചില്‍ പെന്‍ഷന്‍ പൂര്‍ണമായും മുടങ്ങി. ഇത് യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണമാണ്. 2006 മുതല്‍ 2011 വരെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ പെന്‍ഷന്‍ മുടങ്ങിയില്ല. കെഎസ്ആര്‍ടിസിയുടെ മൊത്തം വരുമാനത്തിന്റെ പത്ത് ശതമാനം പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അത് നിര്‍ത്തി. കെഎസ്ആര്‍ടിസിയുടെ മൊത്തം പ്രവര്‍ത്തനങ്ങള്‍ അലങ്കോലമാക്കി. അതുകൊണ്ടാണ് പെന്‍ഷന്‍ മുടങ്ങിയത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു വര്‍ഷം 1000 പുതിയ ബസുകള്‍ ഇറക്കിയിരുന്നു. ഇപ്പോള്‍ പുതിയ ബസില്ല. ഷെഡ്യൂളുകള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നു. 2006ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുന്ന സമയത്ത് പൊതുഗതാഗതത്തില്‍ കെഎസ്ആര്‍ടിസിയുടെ പങ്ക് 13 ശതമാനം മാത്രമായിരുന്നു. 2011 ആയപ്പോഴേക്ക് അത് 27 ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. ഇപ്പോള്‍ കെഎസ്ആര്‍ടിസിയുടെ ഗ്രാഫ് താഴേക്കാണ്. അന്തര്‍ സംസ്ഥാന റൂട്ടുകളും ദേശസാല്‍കൃത റൂട്ടുകളും സ്വകാര്യ മേഖലയ്ക്കായി കൈയൊഴിയുകയാണ്. കേരളത്തിലെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിലും ഇതേ നിലപാട് തന്നെയാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്. കെഎസ്ആര്‍ടിസിയുടെ 700 കോടി രൂപയുടെ വായ്പ ഓഹരിയാക്കി മാറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അത് നടപ്പാക്കണം. കുറഞ്ഞ പലിശയ്ക്ക് കെഎസ്ആര്‍ടിസിക്ക് വായ്പ നല്‍കണം. മറ്റ് സംസ്ഥാനങ്ങള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ കേരളത്തിലും ഉണ്ടാകണം. ഷെഡ്യൂളുകള്‍ റദ്ദാക്കാതിരിക്കണം. പെന്‍ഷന്‍ കൃത്യമായി നല്‍കണം. കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാനുള്ള പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment