Saturday, March 15, 2014

കോണ്‍ഗ്രസിന് രാജ്യം എതിരെന്ന് പി സി ചാക്കോ; യോജിപ്പില്ലെന്ന് സുധീരന്‍

കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമല്ല ഇന്ത്യയില്‍ ഉള്ളതെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവും ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പി സി ചാക്കോ. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കാനാണ് സാധ്യത. എറണാകുളം പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയായ "നിലപാട് 2014" ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെയ്ത കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ പ്രധാനമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പരാജയപ്പെട്ടു. മറ്റു ചില വിവാദ വിഷയങ്ങള്‍ക്ക് വന്‍ തോതിലുള്ള പ്രചാരണമാണ് ഉണ്ടായത്. ടു ജി സ്പെക്ട്രം അഴിമതിപോലുള്ളവ പ്രതിരോധിക്കുന്നതില്‍ പാര്‍ടി പരാജയപ്പെട്ടു. പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതില്‍ വിമുഖത കാട്ടിയതും തിരിച്ചടിയായി. പ്രധാനമന്ത്രിയുടെ മൗനം പല വ്യാഖ്യാനങ്ങള്‍ക്കും ഇടനല്‍കി. ദേശീയ തലത്തില്‍ തിരിച്ചടി നേരിട്ടപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നത് ചരിത്രമാണ്. തെരഞ്ഞെടുപ്പിനു ശേഷം സഖ്യമുണ്ടാക്കാന്‍ ബിജെപിയെക്കാള്‍ കൂടുതല്‍ അവസരമുള്ളത് കോണ്‍ഗ്രസിനാണെന്നും പി സി ചാക്കോ പറഞ്ഞു.

ചാലക്കുടിയില്‍ മല്‍സരിക്കാന്‍ തനിക്ക് താല്‍പ്പര്യം ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ വ്യക്തിബന്ധമുള്ള മണ്ഡലം എന്ന നിലയ്ക്കാണ് ചാലക്കുടി ആലോചിച്ചത്. ചാലക്കുടി ധനപാലനുമായി വെച്ചുമാറിയതിലുണ്ടായ കല്ലുകടി ബുദ്ധിമുട്ട് ഉണ്ടാക്കി. ചാലക്കുടിയില്‍ ധനപാലന്‍ പ്രചാരണം ആരംഭിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടാവാം. തൃശൂരിലെ മല്‍സരം അദ്ദേഹത്തിന് എളുപ്പമാകും. പാര്‍ടിക്ക് പ്രതിപക്ഷ നിരയിലിരിക്കേണ്ടിവന്നാല്‍ മികച്ച പാര്‍ലമെന്റേറിയന്‍മാരുണ്ടാവണമെന്ന നേതൃത്വത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.ഭരിക്കുന്നതിനേക്കാള്‍ നല്ലത് പ്രതിപക്ഷത്തിരിക്കുന്നതാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒരു തലമുറമാറ്റത്തിനുള്ള സമയമായെന്നും ചാക്കോ പറഞ്ഞു.

എന്നാല്‍ ചാക്കോയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് കെപിസിസി പ്രസിഡണ്ട് വി എം സുധീരന്‍ ആലപ്പുഴയില്‍ പറഞ്ഞു. ചാക്കോയില്‍ നിന്ന് അത്തരം പ്രസ്താവന ആരൂം പ്രതീക്ഷിക്കുന്നില്ല. യുഡിഎഫ് നല്ല രീതിയില്‍ മുന്നോട്ടുപോകുന്ന സമയത്ത് ഇത്തരം പ്രസ്താവന വരാന്‍ പാടില്ലാത്തതാണ്. പാര്‍ട്ടിക്കും മുന്നണിക്കും ദോഷം വരുന്ന പ്രസ്താവന ആരുടെ ഭാഗത്തുനിന്നുണ്ടായാലും നടപടി ഉണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു.

No comments:

Post a Comment