Saturday, March 15, 2014

ചിത്രത്തിലില്ല ഈ പ്രധാനമന്ത്രി

പത്തുവര്‍ഷം തുടര്‍ച്ചയായി പ്രധാനമന്ത്രിപദത്തിലിരുന്ന മന്‍മോഹന്‍സിങ് നിര്‍ണായക പൊതുതെരഞ്ഞെടുപ്പ് വേളയില്‍ ചിത്രത്തിലേയില്ല. ഇനിയും പ്രധാനമന്ത്രിപദത്തിലേക്കില്ലെന്ന് വ്യക്തമാക്കിയ മന്‍മോഹന്‍ വിശ്രമജീവിതത്തിനുള്ള ഒരുക്കത്തില്‍. ജനുവരി മൂന്നിന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിനുശേഷം പുതിയ പ്രധാനമന്ത്രിക്ക് ബാറ്റണ്‍ കൈമാറുമെന്നും അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം കോണ്‍ഗ്രസിനകത്ത് തീര്‍ത്തും അവഗണിക്കപ്പെട്ട നിലയിലാണ് ഈ എണ്‍പത്തൊന്നുകാരന്‍. പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയായ റേസ്കോഴ്സ് റോഡിലെ ഏഴാംനമ്പര്‍ വസതിയിലേക്ക് മന്ത്രിമാരുടെയോ നേതാക്കളുടെയോ ഒഴുക്കില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ജന്‍പഥിലെ പത്താം നമ്പര്‍ വസതിയിലാണ് തീരുമാനങ്ങളെല്ലാം. ഡിഎംകെയുമായി തെറ്റിപ്പിരിഞ്ഞ എം കെ അഴഗിരിയുടെ സന്ദര്‍ശനത്തോടെ ദിവസങ്ങള്‍ക്കുശേഷം മന്‍മോഹന്‍ വാര്‍ത്തയില്‍ ഇടംനേടി. കരുണാനിധിക്കെതിരെ പരാതി പറയാന്‍ പോയ അഴഗിരിയോട് തനിക്കൊന്നും ചെയ്യാനില്ലെന്ന് മന്‍മോഹന്‍സിങ് കൈമലര്‍ത്തി. യുപിഎ സര്‍ക്കാരുകള്‍ക്ക് പിതൃതുല്യനായിരുന്നു കരുണാനിധിയെന്നുപറഞ്ഞ് നിസ്സഹായാവസ്ഥ മന്‍മോഹന്‍ വെളിപ്പെടുത്തി.

കോണ്‍ഗ്രസ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിലും മന്‍മോഹന് റോളില്ല. പ്രകടനപത്രിക പുറത്തിറക്കുമ്പോള്‍ വേദിയില്‍ ഇടംകിട്ടിയെങ്കിലായി. ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകള്‍ വിജയമായിരുന്നെന്ന് കൊട്ടിഘോഷിക്കേണ്ട ബാധ്യത മറ്റാരേക്കാളും സിങ്ങിനാണ്. എന്നാല്‍, സംസ്ഥാന ഘടകങ്ങള്‍ക്കൊന്നും മന്‍മോഹനെ താല്‍പ്പര്യമില്ല. തെരഞ്ഞെടുപ്പ് വേദി പോലുമില്ലാതെ ദയനീയമായി ഒറ്റപ്പെടുകയാണ് പ്രധാനമന്ത്രി.

ഏറ്റവും ജനവിരുദ്ധനായ ഭരണാധികാരി എന്ന വിശേഷണത്തോടെയാകും പടിയിറക്കം. മന്‍മോഹന്‍ സര്‍ക്കാരിന്റെ അഴിമതി പരമ്പരയും രൂക്ഷമായ വിലക്കയറ്റവും ജനവിരുദ്ധവുമായ സാമ്പത്തികനയങ്ങളുമാണ് കോണ്‍ഗ്രസിനെ തകര്‍ച്ചയിലേക്ക് തള്ളിവിടുന്നത്. വമ്പന്‍ അഴിമതികളുടെയും വിലക്കയറ്റത്തിന്റെയും പേരിലാകും മന്‍മോഹന്‍ സര്‍ക്കാര്‍ ഓര്‍മിക്കപ്പെടുക. അധികാരത്തിലേറിയതുമുതല്‍ അമേരിക്കന്‍ പ്രീണനത്തിലായിരുന്നു മന്‍മോഹന് കൂടുതല്‍ താല്‍പ്പര്യം. ആണവകരാര്‍ യാഥാര്‍ഥ്യമാക്കാന്‍ നിര്‍ണായകഘട്ടത്തില്‍ സഹായിച്ച ഇടതുപക്ഷത്തെ തള്ളിപ്പറഞ്ഞു. അവസാന വാര്‍ത്താസമ്മേളനത്തില്‍ ഭരണനേട്ടമായി കരുതുന്നത് ഏതെന്ന ചോദ്യത്തിന് ഇനിയും എങ്ങുമെത്താത്ത ആണവ സഹകരണകരാര്‍ എന്നായിരുന്നു മറുപടി. അവിടെയും തുടിച്ചുനിന്നത് അമേരിക്കന്‍ വിധേയത്വം.

എം പ്രശാന്ത് deshabhimani

No comments:

Post a Comment