Saturday, March 15, 2014

പ്രവാസികളെ വഞ്ചിച്ചു; നോര്‍ക്ക ബാങ്കുകളുടെ ഇടനിലക്കാരായി

സാമ്പത്തികവര്‍ഷാവസാനത്തിനു മുമ്പ് ബാങ്കുകളുടെ ബിസിനസ് വര്‍ധിപ്പിക്കാന്‍ പ്രവാസികളെ വഞ്ചിച്ച് "സര്‍ക്കാര്‍ സഹായം". നിതാഖാത്തില്‍ കുടുങ്ങി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് പലിശരഹിത വായ്പ നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ അട്ടിമറിച്ചു. നോര്‍ക്കവഴി അപേക്ഷ നല്‍കി വായ്പയ്ക്ക് കാത്തിരുന്ന പ്രവാസികളെ ബാങ്കില്‍ വിളിച്ചുവരുത്തിയാണ് വായ്പ നല്‍കാന്‍ സാധ്യമല്ലെന്ന് അറിയിച്ചത്. ബാങ്കുകളുമായി ചേര്‍ന്ന് പ്രവാസികള്‍ക്ക് കൂടിയ പലിശനിരക്കില്‍ വായ്പ തരപ്പെടുത്തിക്കൊടുക്കുന്ന ഇടനിലക്കാരായി നോര്‍ക്ക മാറി. എറണാകുളം മേനക ജങ്ഷനിലെ കനറ ബാങ്ക് ശാഖയില്‍ വെള്ളിയാഴ്ചയെത്തിയ എണ്‍പതോളം പേര്‍ 10.5 ശതമാനം പലിശയും 10 ശതമാനം മുന്‍കൂര്‍ അടവും ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് നിരാശരായി മടങ്ങി. സ്വയംതൊഴില്‍ ഇനത്തില്‍ വാഹനവായ്പയ്ക്ക് അപേക്ഷ നല്‍കിയവരാണ് നോര്‍ക്ക ആസ്ഥാനത്തുനിന്ന് കത്തു ലഭിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ഹാജരായത്. ബിസിനസ് തുടങ്ങാന്‍ വായ്പയ്ക്ക് അപേക്ഷ നല്‍കിയ നിരവധി പേരും കഴിഞ്ഞദിവസം ബാങ്കിലെത്തി നിരാശരായി മടങ്ങിയിരുന്നു. ബാങ്കും നോര്‍ക്കയും മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നവര്‍ക്കു മാത്രം സാമ്പത്തിക വര്‍ഷാവസാനത്തിനുമുമ്പ് പരമാവധി തുക വായ്പ നല്‍കുകയാണ് ലക്ഷ്യം.

സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് 10 ലക്ഷം രൂപവരെ പലിശരഹിത വായ്പയും രണ്ടുലക്ഷം രൂപവരെ സബ്സിഡിയുമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. ഇതനുസരിച്ച് പതിനായിരക്കണക്കിന് അപേക്ഷ നോര്‍ക്ക ആസ്ഥാനത്തു ലഭിച്ചു. ഈ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിന് അതത് ജില്ലകളിലെ തെരഞ്ഞെടുത്ത ബാങ്കുകളില്‍ എത്താനാണ് നോര്‍ക്കയുടെ കത്തു ലഭിച്ചത്. ഇതുപ്രകാരം എത്തിയവര്‍ക്കാണ് പലിശരഹിത വായ്പ ലഭ്യമാക്കാനാവില്ലെന്ന മറുപടി കിട്ടിയത്. നോര്‍ക്ക പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ബാങ്ക് അധികൃതര്‍ അപേക്ഷകരെ നിഷ്കരുണം തള്ളിയത്. നോര്‍ക്ക അധികൃതരോട് പരാതിപ്പെട്ട പ്രവാസികള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ വായ്പയെടുത്താല്‍ മതിയെന്നും പറ്റില്ലെങ്കില്‍ മുഖ്യമന്ത്രിയെ കാണുകയോ തിരുവനന്തപുരത്തെ നോര്‍ക്ക ആസ്ഥാനത്ത് പരാതിപ്പെടുകയോ ചെയ്യണമെന്ന മറുപടിയാണ് ലഭിച്ചത്. ജീവിതം പുലര്‍ത്താനാണ് വാഹനവായ്പയ്ക്ക് അപേക്ഷ നല്‍കിയതെന്ന് എറണാകുളം കനറ ബാങ്കിലെത്തിയ പെരുമ്പാവൂര്‍ സ്വദേശി അസീസ് പറഞ്ഞു. രണ്ടുലക്ഷം രൂപയുടെ ഓട്ടോറിക്ഷ വാങ്ങാന്‍ 20,000 രൂപ മുന്‍കൂര്‍ അടയ്ക്കണമെന്നും 10.5 ശതമാനം പലിശ ചേര്‍ത്ത് 3,400 രൂപ പ്രതിമാസ തിരിച്ചടവ് വ്യവസ്ഥയില്‍ വായ്പ നല്‍കാമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞതായി വെസ്റ്റ് വെങ്ങോല സ്വദേശി സൈനുദ്ദീന്‍ പറഞ്ഞു. മുന്‍കൂര്‍ തുക അടയ്ക്കാതെത്തന്നെ വാഹനവായ്പ ലഭ്യമാക്കുന്ന സ്വകാര്യ ധനകാര്യസ്ഥാപനങ്ങളെപ്പോലും നാണിപ്പിക്കും വിധമാണ് നോര്‍ക്കയുടെ ബാങ്കിടപാട്.

deshabhimani

No comments:

Post a Comment