Saturday, March 15, 2014

ചുവടുറപ്പിച്ച് ഹൃദയപക്ഷം

പേരു മാറ്റിയാലും പെരുമ കളയില്ലെന്ന ഉറച്ച നിലപാടിലാണ് ആറ്റിങ്ങല്‍. പഴയ ചിറയിന്‍കീഴ് ആറ്റിങ്ങലായി മാറിയെങ്കിലും ഇടതുചായ്വിന് മാറ്റമില്ല. 15 തെരഞ്ഞെടുപ്പുകളില്‍ പത്തിലും ഇടതു സ്ഥാനാര്‍ഥികള്‍ ലോക്സഭയില്‍. കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതിയെ അമ്മാനമാടുന്നയാള്‍ എന്ന ഖ്യാതിയുമായി എത്തിയ ആര്‍ ശങ്കര്‍ എന്ന കോണ്‍ഗ്രസിന്റെ തലതൊട്ടപ്പനെ മലര്‍ത്തിയടിച്ച പാരമ്പര്യം ഈ മണ്ഡലത്തിനുണ്ട്.

വയലാര്‍ രവിയും തലേക്കുന്നില്‍ ബഷീറുമൊക്കെ തോല്‍വിയുടെ കയ്പറിഞ്ഞു. എന്നാല്‍, സുശീല ഗോപാലന്‍, കെ അനിരുദ്ധന്‍, വര്‍ക്കല രാധാകൃഷ്ണന്‍ തുടങ്ങിയ തൊഴിലാളിനേതാക്കളെ പ്രതികൂല സാഹചര്യങ്ങളിലും വിജയപഥത്തിലെത്തിച്ചു. 1957ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ എം കെ കുമാരനെ 92,601 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചാണ് ചിറയിന്‍കീഴ് ചുവപ്പ് മേലങ്കിയണിഞ്ഞത്. 1971 വരെ മണ്ഡലത്തില്‍ തിരിഞ്ഞുനോക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. 1967 ആര്‍ ശങ്കര്‍ മുട്ടുമടക്കിയത് സിപിഐ എമ്മിലെ കെ അനിരുദ്ധന്റെ മുന്നിലാണ്. വയലാര്‍ രവിയിലൂടെയാണ് കോണ്‍ഗ്രസിന് മണ്ഡലത്തില്‍ വിജയിക്കാനായത്. വയലാര്‍ രവിയെത്തന്നെ പിന്നീട് മണ്ഡലം തിരസ്കരിച്ചു. 1991 മുതല്‍ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥികളെമാത്രമാണ് വരിക്കുന്നത്. 1991ല്‍ സുശീല ഗോപാലന്‍ വിജയിച്ചു. 1996ലും 2009ലുംഎ സമ്പത്തും 1998, 99, 2004 തെരഞ്ഞെടുപ്പില്‍ വര്‍ക്കല രാധാകൃഷ്ണനും ആധിപത്യം നിലനിര്‍ത്തി. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വാമനപുരം, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ആറ്റിങ്ങല്‍. കര്‍ഷക, കര്‍ഷക തൊഴിലാളികളും, കയര്‍, കൈത്തറി, ഈറ്റ-പനമ്പ്, തോട്ടം തൊഴിലാളികളുമാണ് വോട്ടര്‍മാരില്‍ ഭൂരിപക്ഷം. ഇത്തവണ ആറ്റിങ്ങലില്‍ 12,23,358 വോട്ടര്‍മാരുണ്ട്. സ്ത്രീകള്‍ മുന്നില്‍. 6,64,200 പേര്‍.

കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ പ്രൊഫ. ജി ബാലചന്ദ്രനെ 18,341 വോട്ടിനാണ് സമ്പത്ത് പരാജയപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വാമനപുരം മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍, വര്‍ക്കല, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നിലെത്തി. എന്നാല്‍, ലോക്സഭാ മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുനില പ്രകാരം 5196 വോട്ടിന്റെ വ്യക്തമായ മേല്‍ക്കൈ നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എംപി എന്ന നിലയില്‍ സമ്പത്തിന്റെ പ്രവര്‍ത്തനം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പുതന്നെ എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ നല്‍കിക്കഴിഞ്ഞു.

ജി രാജേഷ്കുമാര്‍ deshabhimani

No comments:

Post a Comment