Saturday, March 15, 2014

കസ്തൂരിയില്‍ പിതൃസ്വത്തും കിട്ടില്ല

അച്ഛന്റെ പേരിലുള്ള 1.70 ഏക്കര്‍ സ്ഥലം തന്റെയും അനുജന്റെയും പേരിലാക്കാനാണ് റാന്നി പെരുനാട് പഞ്ചായത്തിലെ ആറാം വാര്‍ഡ് നിവാസിയായ വാഴയ്ക്കപ്പാറ സജി ആദ്യമായി റാന്നി സബ്രജിസ്ട്രാര്‍ ഓഫീസിലെത്തിയത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ നവംബര്‍ 13ന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു ഇത്. കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ പ്രകാരം പരിസ്ഥിതി ലോല പ്രദേശത്തിലുള്‍പ്പെട്ട കൊല്ലമുള വില്ലേജിലെ ഭൂമിയായതിനാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഭാര്യ ജസിയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം വഴിയാധാരമാകുന്ന അവസ്ഥയിലും. എരുമേലി- ചാലക്കയം- ശബരിമല പാതയോട് ചേര്‍ന്നുള്ള കണമല പ്രദേശത്തെ മൂവായിരത്തോളം കുടുംബങ്ങളുടെ സ്ഥിതി ഇതാണ്.

കാര്‍ഷിക വായ്പക്കോ, വിദ്യാഭ്യാസ വായ്പക്കോ വിവാഹാവശ്യത്തിനോ കര്‍ഷകര്‍ക്ക് തങ്ങളുടെ സ്ഥലം പ്രയോജനപ്പെടുത്താനാവുന്നില്ല. വീട്ടിലേക്ക് ചാഞ്ഞ മരം വെട്ടാനും വനംവകുപ്പുകാര്‍ അനുമതി നല്‍കുന്നില്ല. ഇവിടത്തെ ആണ്‍കുട്ടികള്‍ക്ക് വിവാഹാലോചന വരാതായി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം രാജ്യത്ത് ക്ഷാമം രൂക്ഷമായതോടെ ഊര്‍ജിത ഭക്ഷ്യോല്‍പ്പാദന പദ്ധതി ആവിഷ്കരിച്ച് സര്‍ക്കാര്‍ കുടിയിരുത്തിയവരാണ് ഈ കര്‍ഷകരുടെ മുന്‍ഗാമികള്‍. കുടിയിറക്കില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ വിലയില്ലാത്ത ഈ മണ്ണില്‍നിന്ന് പുതിയതലമുറ സ്വയം കുടിയിറങ്ങേണ്ട ദുരവസ്ഥയാണിപ്പോള്‍.

ഒരേക്കര്‍ പിതാവില്‍നിന്ന് ഇഷ്ടദാനമായി സജിക്കും എഴുപത് സെന്റ് സഹോദരന് തീറാധാരവും എഴുതണം എന്നായിരുന്നു സജിയുടെ ആവശ്യം. സ്ഥലം സ്വന്തം പേരിലാക്കിയാല്‍ ഈടു നല്‍കി വായ്പ എടുത്തോ വിറ്റോ വീടു വയ്ക്കാമെന്നും മക്കളുടെ വിദ്യാഭ്യാസത്തിന് മാര്‍ഗം കാണാമെന്നും സജി കരുതി. പട്ടയവും കൈവശാവകാശ രേഖയുമടക്കം പല രേഖകള്‍ കാണിച്ചിട്ടും ഫലമുണ്ടായില്ല. സജിയുടെ വല്യപ്പന്‍ 50 വര്‍ഷം മുമ്പ് വാങ്ങിയ സ്ഥലത്തിന് ഉപാധിരഹിത പട്ടയവുമുണ്ട്. നവംബര്‍ 13ലെ വിജ്ഞാപനം റദ്ദാക്കാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ വിട്ടുവീഴ്ചക്ക് തയ്യാറാകില്ലെന്ന് ഉറപ്പായതോടെ സജിയുടെ എല്ലാ പ്രതീക്ഷയും അറ്റു. സ്ഥലത്തിന് രജിസ്ട്രേഷന്‍ നടത്താന്‍ വനംവകുപ്പിന്റെ അനുമതി വേണമെന്നാണ് സബ്രജിസ്ട്രാര്‍ പറഞ്ഞത്. ജില്ലാ ഫോറസ്റ്റ് ഓഫീസില്‍ ചെന്നപ്പോള്‍ റാന്നി റെയ്ഞ്ച് ഓഫീസിലേക്കയച്ചു. തങ്ങളുടെ അനുമതി വേണ്ടെന്ന് പറഞ്ഞ് തിരിച്ചയച്ചു. വീണ്ടും സബ് രജിസ്ട്രാര്‍ ഓഫീസില്‍ ചെന്നപ്പോള്‍ വനം വകുപ്പിന്റെ "നോ ഒബജക്ഷന്‍ സര്‍ടിഫിക്കറ്റ്" വേണമെന്നായി. അതു നല്‍കിയപ്പോള്‍ ഇത് വനഭൂമിയല്ലെന്ന് വില്ലേജ് ഓഫീസറെകൊണ്ട് എഴുതി വാങ്ങാന്‍ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് വി എന്‍ സുധാകരനടക്കം പലരും സജിക്കായി ഇടപെട്ടു. എന്നിട്ടും ഉദ്യോഗസ്ഥര്‍ അനങ്ങിയില്ല. മുമ്പ് വനാതിര്‍ത്തിയിലുള്‍പ്പെട്ട സ്ഥലത്ത് മാത്രമേ രജിസ്ട്രേഷന് നിയന്ത്രണമുള്ളൂവെന്ന് റാന്നി സബ് രജിസ്ട്രാര്‍ ദേശാഭിമാനിയോട് പറഞ്ഞു. അത്തരം കേസുകളില്‍ വനംവകുപ്പിന്റെ അനുമതി വേണം. അതും നല്‍കാറുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.

ജോബിന്‍സ് ഐസക് deshabhimani

No comments:

Post a Comment