Saturday, March 8, 2014

ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനുള്ള പാതയില്‍ ആര്‍എസ് പി ഉറച്ചുനില്‍ക്കണം: പിണറായി

കൊല്ലത്ത് ഒറ്റയ്ക്ക് മല്‍സരിയ്ക്കുമെന്ന് ആര്‍സ് പി

കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ ആര്‍സ് പി ഒറ്റയ്ക്ക് മല്‍സരിയ്ക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ എ അസീസ്. ഇത് സംബന്ധിച്ച് ആര്‍എസ് പി സംസ്ഥാന സെക്രട്ടറിയേറ്റ് എടുത്ത തീരുമാനം സംസ്ഥാന കമ്മറ്റി അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രനാണ് ആര്‍എസ് പിയുടെ സ്ഥാനാര്‍ഥി. എല്‍ഡിഎഫില്‍ തുടരണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഒറ്റയ്ക്ക് മല്‍സരിയ്ക്കുന്നതോടെ സാങ്കേതികമായി ആര്‍എസ് പി എല്‍ഡിഎഫിന്റെ ഭാഗമല്ലാതായി മാറിയെന്നും ഈ സാഹചര്യത്തില്‍ തുടര്‍ന്നുള്ള എല്‍ഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെതടക്കം ആരുടെയും പിന്തുണ ആര്‍സ് പി സ്വീകരിക്കും. പാര്‍ലമെന്റ് മണ്ഡലങ്ങളിലേയ്ക്കുള്ള സീറ്റ് വിഭജനം ഏകപക്ഷീയമായാണ് നടത്തിയതെന്നും സിപിഐ എമ്മും സിപിഐയും തമ്മില്‍ മാത്രമേ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നിട്ടുള്ളൂവെന്നും അസീസ് കുറ്റപ്പെടുത്തി. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും കൊല്ലം സീറ്റ് വിട്ടുതരാന്‍ ആര്‍എസ് പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിച്ചില്ല. പാര്‍ട്ടിയുടെ നിയമസഭാ സീറ്റുകളും പിടിച്ചെടുക്കുന്ന സ്ഥിതിയുണ്ടായി. ആര്‍എസ് പിയുടെ സ്വാധീനം കുറയ്ക്കാനാണ് മുഖ്യകക്ഷിയായ സിപിഐ എം ശ്രമിച്ചതെന്നും അസീസ് കുറ്റപ്പെടുത്തി.

ദേശീയതലത്തില്‍ ഇടത് ഐക്യം നിലനിര്‍ത്തും. ബംഗാളില്‍ നാല് സീറ്റുകളില്‍ ആര്‍എസ് പി മല്‍സരിയ്ക്കുന്നുണ്ട്. അവിടെ സിപിഐ എം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ സഖ്യമായാണ് മല്‍സരിയ്ക്കുന്നത്. അതിനൊന്നും ഒരു പോറലും ഏല്‍ക്കില്ല. സംസ്ഥാന രാഷ്ട്രീയത്തെ മാത്രം ബാധിക്കുന്ന വിഷയമായതിനാലാണ് ദേശീയ സെക്രട്ടറി ടി ജെ ചന്ദ്രചൂഢന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് അസീസ് വിശദീകരിച്ചു. ആര്‍എസ് പി മുന്‍ സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണ പിള്ള, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനുള്ള പാതയില്‍ ആര്‍എസ് പി ഉറച്ചുനില്‍ക്കണം: പിണറായി

തിരു: ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയം ശക്തിപ്പെടുത്താനുള്ള പാതയില്‍ ആര്‍എസ് പി ഉറച്ച് നില്‍ക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. ലോക്സഭാ സീറ്റിനെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നണിയുടെ ചട്ടക്കൂടില്‍ ഉള്ളില്‍ നിന്ന് തീര്‍ക്കുക എന്നതാണ് എല്ലാ കാലത്തേയും ശൈലി. വികാരത്തിന് അടിമപ്പെട്ട് അതില്‍ നിന്നും വഴുതി പോകുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും ഇടതുപക്ഷ ഐക്യത്തേയും ദുര്‍ബലപ്പെടുത്തുന്നതാണ്.

കോണ്‍ഗ്രസിനേയും ബിജെപിയേയും ഒരു പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒറ്റപ്പെടുത്താനുള്ള രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടിരിക്കുന്ന ഘട്ടത്തില്‍ അതിനെ ഏറെക്കുറെ ഇക്കാലമത്രയും വലിയ സംഭാവന നല്‍കിക്കൊണ്ടിരുന്ന ആര്‍എസ് പി ഇടതുപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്നാണ് കരുതുന്നത്. ഈ ഘട്ടത്തില്‍ ഇടതുപക്ഷ ഐക്യം ഊട്ടി ഉറപ്പിക്കാനുള്ള കടമ എല്ലാ ഇടതുപക്ഷ പാര്‍ടികള്‍ക്കും ഉണ്ട്. അതുപ്രകാരമുള്ള രാഷ്ട്രീയം ഊട്ടി വളര്‍ത്താന്‍ എല്ലാ ആര്‍എസ് പി നേതാക്കളോടും പ്രവര്‍ത്തകരോടും പിണറായി പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

deshabhimani

No comments:

Post a Comment