Sunday, March 16, 2014

എളിമയുടെ സന്ദേശവുമായി സത്യന്‍ മൊകേരിയുടെ പര്യടനം

കല്‍പ്പറ്റ: ആവേശം വിതറി സത്യന്‍ മൊകേരിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കമായി. ലാളിത്യമാര്‍ന്ന പെരുമാറ്റ ശൈലിയിലൂടെ തങ്ങളില്‍ ഒരാളായി മാറിയ വയനാട് ലോക്സഭാമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി തങ്ങള്‍ക്ക് സ്വീകാര്യനാണെന്ന് ആദ്യ പര്യടനം തന്നെ തെളിയിച്ചു. കറപുരളാത്ത പൊതുജീവിത്തിത്തിലൂടെ കടന്നുവന്നതിന്റെ അഭിമാനത്തോടെയായിരുന്നു സ്ഥാനാര്‍ഥിയുടെ ജനങ്ങളിലേക്കുള്ള കടന്നുവരവ്. കര്‍ഷകന്റെ പ്രശ്നങ്ങളെകുറിച്ചുള്ള അറിവും കര്‍ഷകവഞ്ചനക്കെതിരെയുള്ള നിതാന്തജാഗ്രതയും കൈമുതലാക്കിയാണ് ഈ പോരാളി ഹരിതഭൂമിയുടെ മനസ്സിലേക്കിറങ്ങുന്നത്. വയനാട് ലോക്സഭാമണ്ഡലം എല്‍ഡിഎഫ് കണ്‍വന്‍ഷനുശേഷം

ഉച്ചയോടെയാണ് സത്യന്‍മൊകേരി കല്‍പ്പറ്റ നഗരത്തില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കമിട്ടത്. നഗരത്തിലെ പ്രധാനവീഥിയിലൂടെ ചെണ്ടമേളത്തിന്റെയും പ്രവര്‍ത്തകരുടെയും അകമ്പടിയുമായികാല്‍നടയാത്രയായി റോഡ്ഷോ നടത്തി. സ്ഥാനാര്‍ഥി റോഡരികില്‍ നിന്നവരെയും സ്ഥാപനങ്ങളിലുള്ളവരെയും കൈവീശി അഭിവാദ്യം ചെയ്തപ്പോള്‍ മുഷ്ടിചുരുട്ടിയും പ്രത്യഭിവാദ്യം ചെയ്തും തങ്ങളുടെ പിന്തുണ അവര്‍ തിരിച്ചുനല്‍കി. നഗരഹൃദയഭാഗത്തെ ദേശിയപാതയിലുടെ നടന്ന റോഡ് ഷോക്ക് ശേഷം കല്‍പ്പറ്റ ബസ്സ്റ്റാഡിലെ കടകളിലും സ്റ്റാന്‍ഡിലെ ജനങ്ങളോടും ബസില്‍ കയറി യാത്രക്കാരോടും മൊകേരി മനസ് പങ്കുവെച്ചു. ഇടയ്ക്ക് ചിലര്‍ സ്ഥാനാര്‍ഥിക്ക് പൂക്കള്‍ നല്‍കി. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ സ്ഥാനാര്‍ഥിയെ മാലയിട്ട് വരവേറ്റു. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ്, സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, എഐവൈഎഫ് ദേശീയ ജ. സെക്രട്ടറി അഡ്വ. പി സന്തോഷ്കുമാര്‍, എന്‍ സി പി ജില്ലാ പ്രസിഡന്റ് സി എം ശിവരാമന്‍ എന്നിവരും സ്ഥാനാര്‍ഥിയെ അനുഗമിച്ചു. കല്‍പ്പറ്റയിലെ പര്യടനത്തിനു ശേഷം മുത്തങ്ങയില്‍ കാട്ടനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ച വീടും സത്യന്‍മൊകേരി സന്ദര്‍ശിച്ചു.

കേരളം എല്‍ഡിഎഫിന് അനുകൂലം: ദക്ഷിണാമൂര്‍ത്തി

കല്‍പ്പറ്റ: കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ എല്‍ഡിഎഫിന് അനുകൂലമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടരിയറ്റംഗം വി വി ദക്ഷിണമൂര്‍ത്തി പറഞ്ഞു. കല്‍പ്പറ്റയില്‍ എല്‍ഡിഎഫ് വയനാട് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ്- ബിജെപി ഇതര സര്‍കാര്‍ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മാത്രമല്ല രാജ്യത്താകെ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ ജനവികാരം ഉയര്‍ന്ന്വരുന്നു. പ്രാദേശിക പാര്‍ടികള്‍് തെരഞ്ഞെടുപ്പില്‍ മുന്നിലെത്തും.കൂടുതല്‍ സീറ്റുകളുള്ള ഒറീസയിലും യുപിയിലും മധ്യപ്രദേശിലുമെല്ലാം ഇത്തരത്തിലുള്ള സൂചനകളാണ് കാണാന്‍ കഴിയുന്നത്. യുപിഎ സര്‍കാര്‍ ജനങ്ങളില്‍ നിന്നും പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുന്നു.അഴിമതിയില്‍ റികാര്‍ഡിട്ട സര്‍കാരാണ് നാട് ഭരിക്കുന്നത്.ലോകത്ത് ഏറ്റവും അധികം അഴിമതി നടക്കുന്ന രാജ്യമെന്ന ദുഷ്പേര് രാജ്യത്തിന് വരുത്തിയത് ഈ സര്‍കാരാണ്.ജനവിരുദ്ധനയങ്ങളുടെ കാര്യത്തില്‍ സര്‍കാര്‍ മുന്‍പന്തിയിലാണ്. കോണ്‍ഗ്രസ് വഞ്ചന തൊഴിലായി സ്വീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കസ്തൂരിരംഗന്‍ സമിതി ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള തീരുമാനം ജനങ്ങളുടെ എല്ലാ പ്രതീക്ഷകളുംതകര്‍ത്തു.2013 നവംബറില്‍ ഇറക്കിയ വിഞ്ജാപനം പിന്‍വലിക്കാതെ ഇറക്കിയ പുതിയ ഉത്തരവിന് കടലാസിന്റെ വില പോലുമില്ല. തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് അസംതൃപ്തരായ ചിലരെ സന്തോഷിപ്പിക്കാന്‍വേണ്ടി മാത്രമാണ് പുതിയ ഉത്തരവ് ഇറക്കിയത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന വിലകയറ്റം രൂക്ഷമാണ്.

ഇന്ത്യക്കാകെ മാതൃകയായ പൊതുവിതരണ സമ്പ്രദായം സര്‍കാര്‍ തകര്‍ത്തു. കാര്‍ഷിക മേഖല തകര്‍ന്നു. കര്‍ഷക ആത്മഹത്യകള്‍ ആവര്‍ത്തിച്ചു. വ്യാവസായിക ഉത്പാദനം മുരടിച്ചു. ബിജെപിയുടെ നില അതിലും പരുങ്ങലിലാണ്.2002ല്‍ ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം നല്‍കിയ നരേന്ദ്രമോഡി അധികാരത്തില്‍ വരണമെന്ന് ആര്‍എസ്എസിന് വേണ്ടി ഇന്ത്യയിലെ കോര്‍പറേറ്റുകളാണ് പറയിപ്പിക്കുന്നത്.ബിജെപി അധികാരത്തില്‍ വന്നാല്‍ ഇന്ത്യയുടെ ഫെഡറല്‍ സംവിധാനവും മതനിരപേക്ഷതയും തകരും.ബിജപിക്കും കോണ്‍ഗ്രസിനുമെതിരായ മൂന്നാം ബദല്‍ ഉയര്‍ന്ന് വരണമെങ്കില്‍ ഇടത്പക്ഷം ശക്തിപ്പെടണം. സംസ്ഥാന ഭരണവും അഴിമതിയില്‍ മുങ്ങി.കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും സരിതയെ പേടിച്ചാണ് നടക്കുന്നത്.ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാന മുഖ്യമന്ത്രിയെ ഹൈക്കോടതി നിരവധി തവണ പരസ്യമായി ശാസിച്ചു. നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ കോണ്‍ഗ്രസ് ആയതിനാല്‍ മാധ്യമങ്ങള്‍ സംഭവം വേണ്ടത്ര പര്‍വതീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര-സംസ്ഥാന സര്‍കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ വിധിയെഴുത്തായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും 2004ലെ രാഷ്ട്രീയ കാലാവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ദക്ഷിണ മൂര്‍ത്തി അഭിപ്രായപ്പെട്ടു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി രംഗത്തിറങ്ങും:ആര്‍എസ്പി

കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി സജീവമായി രംഗത്തിറങ്ങുമെന്ന് ആര്‍എസ്പി ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. എ എ അസീസും പ്രേമചന്ദ്രനും ദേശീയ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിന് അനുസൃതമായി നിലകൊണ്ടത് കൊണ്ടാണ് കേരളത്തിലെ ആര്‍എസ്പി പ്രവര്‍ത്തകര്‍ അവര്‍ക്ക് പിന്തുണ നല്‍കിയത്. ഇപ്പോള്‍ രാഷ്ട്രീയ മര്യാദകള്‍ ലംഘിച്ച് യുഡിഎഫ് ല്‍ ചേക്കേറിയിത് പ്രേമചന്ദ്രന്റെയും അസീസിന്റെയും അധികാര കൊതിമാത്രമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. ആര്‍എസ്പി പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാതെയുള്ള കാലുമാറ്റം അണികള്‍ അംഗീകരിക്കില്ല. മുന്‍കുട്ടിയുള്ള ധാരണപ്രകാരം യുഡിഎഫില്‍ ചേക്കാറാനുള്ള ഒരു നാടകം മാത്രമായിരുന്നു ഉഭയകക്ഷി ചര്‍ച്ച. സിപിഐ എം ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതൊന്നും മുഖവിലയ്ക്കെടുക്കാതെയാണ് അധികാരത്തിന് പിറകെ പ്രേമചന്ദ്രനും അസീസും പോയത്. കേരളത്തിലെ മുഴുവന്‍ ആര്‍എസ്പി പ്രവര്‍ത്തകരും ആര്‍എസ്പി യിലേക്ക് തിരിച്ചുവന്ന് എല്‍ഡിഎഫിനെ ശക്തിപ്പെടുത്തണമെന്നും ആര്‍എസ്പി ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു. യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പി ശശികുമാര്‍, കെ പി ശ്രീധരന്‍, എം ആര്‍ രാമകൃഷ്ണന്‍, ആദിവാസി ഐക്യവേദി ജില്ലാ പ്രസിഡന്റ് എ കെ രാജന്‍, സെക്രട്ടറി കെ ബാലന്‍ എന്നിവര്‍ പങ്കെടുത്തു.

ഗാന്ധിജിയുടെ ചിത്രം മൃതദേഹത്തിന് കാവലാളാക്കി:സി എന്‍ ചന്ദ്രന്‍

കല്‍പ്പറ്റ: കോണ്‍ഗ്രസുകാര്‍ കശാപ്പ് ചെയ്ത യുവതിയുടെ മൃതദേഹത്തിന് മുട്ടന്‍ വടിയുമായി കോണ്‍ഗ്രസ് ഓഫീസില്‍ കാവല്‍ നില്‍ക്കുന്ന ഗതിയിലേക്ക് മഹാത്മ ഗാന്ധിയെ കോണ്‍ഗ്രസുകാര്‍ അധ:പതിപ്പിച്ചെന്ന് സിപിഐ സംസ്ഥാന അസി.സെക്രട്ടറി സി എന്‍ ചന്ദ്രന്‍. കല്‍പ്പറ്റയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരില്‍ പാവപ്പെട്ട ഒരു സ്ത്രീയെ അരും കൊല ചെയ്തശേഷം രണ്ട് ദിവസം പാര്‍ടി ഓഫീസില്‍ മൃതദേഹം സൂക്ഷിക്കുകയായിരുന്നു. ഇതിന് കാവാലായി മഹാത്മാഗാന്ധിയുടെ ചിത്രവും. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരട്ട ദൗത്യമാണ് വോട്ടര്‍മാര്‍ക്ക് നിര്‍വഹിക്കാനുള്ളത്. ഒന്ന് കേന്ദ്രത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും എതിരായി ഒരു സര്‍ക്കാര്‍ രൂപീകരണം. രണ്ടാമത് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിക്കുക. ദേശീയ തലത്തില്‍ ഒരു ബദല്‍ തീര്‍ച്ചയായും ഉയര്‍ന്നുവരുമെന്നും എക്കാലവും ദേശീയ രാഷ്ട്രീയത്തിന് ദിശകാട്ടിയ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

വാഗ്ദാനങ്ങള്‍ പാഴ്വാക്ക്; വന്യമൃഗ ശല്യത്തിന് അറുതിയായില്ല

ബത്തേരി: വാഗ്ദാനങ്ങള്‍ പാഴ്വാക്കായി ജില്ലയില്‍ വന്യമൃഗ ശല്ല്യത്തിന് അറുതിയായില്ല. വനാതിര്‍ത്തിയിലെ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന വന്യമൃഗ ശല്ല്യം. 1970 കളില്‍ അടിയന്തിരാവസ്ഥയുടെ കറുത്ത നാളുകളില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട വന്യജീവി സംരക്ഷണ നിയമം പിന്നീട് ഊരാക്കുടുക്കായി മാറുകയായിരുന്നു. തോല്‍പ്പെട്ടി, മുത്തങ്ങ, കുറിച്ച്യാട്, ബത്തേരി റെയിഞ്ചുകള്‍ ചേര്‍ന്ന് വയനാട് വന്യജീവി കേന്ദ്രം രൂപീകരിച്ചതോടെ കര്‍ഷകരുടെയും വനത്തോട് ചേര്‍ന്ന് താമസിക്കുന്ന മറ്റ് ജനവിഭാഗങ്ങളുടെയും സൈ്വര്യ ജീവിതം തകര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടത്താതെയുള്ള വന്യജീവി സങ്കേത പ്രഖ്യാപനം കര്‍ഷകരെ ഏറെ ദോഷകരമായാണ് ബാധിച്ചത്. വന്യജീവികളുടെ ആക്രമണത്തില്‍ കോടിക്കണക്കിന് രൂപയുടെ കൃഷി നാശം കര്‍ഷകര്‍ക്കുണ്ടായി. ഇതിന് പുറമെ ഇതുവരെയായി നൂറുകണക്കിന് പേരുടെ ജീവഹാനിക്കും അനേകം പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുന്നതിനും വന്യജീവി ശല്ല്യം കാരണമായി. വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും കര്‍ഷകരെയും സ്വത്തുവകകളെയും സംരക്ഷിക്കുകയെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അധികൃതരുടെയും ഭരണാധികാരുടെയും ഭാഗത്തു നിന്നും പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല.

സര്‍ക്കാര്‍ രേഖകളില്‍ കോടികള്‍ ചെലവായ കണക്കുകള്‍ നിരത്തുമ്പോള്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ കടുത്ത വന്യജീവി ശല്ല്യം കൊണ്ട് പൊറുതിമുട്ടി കഴിയുന്ന സ്ഥിതി തുടരുന്നു. കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടെ നാലു റെയിഞ്ചുകള്‍ മാത്രം ഉള്‍പ്പെടുന്ന വയനാട് വന്യജീവി കേന്ദ്രത്തിന്റെ പരിധിയില്‍ വന്യമൃഗ ശല്ല്യത്തില്‍ കൊല്ലപ്പെട്ട ഗ്രാമീണരുടെ എണ്ണം സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 24 ആണ്. മാരകമായി പരിക്കേറ്റവരുടെ എണ്ണം 57 ഉം വീടുകള്‍ നശിച്ചത് 37ഉം വളര്‍ത്തുമൃഗങ്ങളുടെ നഷ്ടം 348ഉം കാര്‍ഷിക വിളകള്‍ക്കുണ്ടായ നാശത്തിന്റെ കണക്ക് 3992 ഉം ആണ്. ജില്ലയിലെ മറ്റ് വനം ഡിവിഷനുകളിലും ഇതിന് സമാനമായ രീതിയില്‍ തന്നെയാണ് അവസ്ഥ.

വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ മേല്‍നോട്ടത്തിലായിട്ടും വനത്തെയും വന്യമൃഗങ്ങളെയും സംരക്ഷിക്കുന്നതിനും വനാതിര്‍ത്തിയില്‍ താമസക്കാരായവര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ കേന്ദ്ര ഫണ്ടുകളൊന്നും തന്നെ ലഭ്യമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറും അഞ്ചു വര്‍ഷം ജില്ലയെ പ്രതിനിധീകരിച്ച പാര്‍ലമെന്റംഗവും തികഞ്ഞ പരാജയമായി. ഇതിനിടെ വയനാട് വന്യജീവി സങ്കേതം കടുവാ സങ്കേതമാക്കാനും നീക്കം നടന്നു. കഴിഞ്ഞ വര്‍ഷം ജില്ലയിലെ അഞ്ചു പഞ്ചായത്തുകളില്‍ കടുവയിറങ്ങി നിരവധി മനുഷ്യരെയും വന്യമൃഗങ്ങളെയും ആക്രമിച്ചു. ബത്തേരി തഹസില്‍ദാറായിരുന്ന കെ കെ വിജയനുള്‍പ്പെടെ മാരകമായി പരിക്കേറ്റു. ഡസന്‍കണക്കിന് കന്നുകാലികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. മാരക പരിക്കേറ്റ കന്നുകാലികളുടെ ഉടമസ്ഥരില്‍ പലര്‍ക്കും ഇതേവരെ പ്രഖ്യാപിക്കപ്പെട്ട നഷ്ടപരിഹാരം ലഭ്യമായില്ല. നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനൊടുവിലാണ് കടുവാ സങ്കേത പ്രഖ്യാപനം താല്‍ക്കാലികമായെങ്കിലും ഒഴിവായതെങ്കിലും കടുവാ സങ്കേത പ്രഖ്യാപന ഭീഷണിയില്‍ നിന്നും അതിര്‍ത്തി ഗ്രാമങ്ങള്‍ ഇനിയും മോചിതമായിട്ടില്ല. 2011-12 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ജില്ലയിലെ വന്യമൃഗ ശല്ല്യം പരിഹരിക്കുന്നതിന് പ്രഖ്യാപിച്ച എലിഫന്റ് സ്ക്വാഡും ആറോളം ഫോറസ്റ്റ് സ്റ്റേഷനുകളും ഇനിയും പ്രായോഗികമായില്ല. എലിഫന്റ് സ്ക്വാഡിന് ഒരു റെയിഞ്ച് ഓഫീസറെ നിയമിച്ചതല്ലാതെ മറ്റ് നടപടികളൊന്നുമുണ്ടായില്ല. രണ്ട് ഫോറസ്റ്റ് സ്റ്റേഷനുകളുടെ നിര്‍മാണം മാത്രമാണ് നടന്നത്. വനം വകുപ്പില്‍ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടപ്പുണ്ടെങ്കിലും വര്‍ഷങ്ങളായി സ്ഥിരം നിയമനം നടക്കുന്നില്ല. മിക്കയിടത്തും താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. വേനല്‍ കടുത്തതോടെ വയനാടന്‍ കാടുകളില്‍ കാട്ടുതീ പടരുകയാണ്. ഇതോടൊപ്പം വന്യജീവി ശല്ല്യവും പെരുകുന്നു. കാട്ടുതീ തടയുന്നതിനുള്ള ഫയര്‍ലൈന്‍ തെളിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ മൂന്ന് വര്‍ഷമായി നിലച്ചിട്ട്.

പി മോഹനന്‍

ആനക്കലിയുടെ ദുരിതം വിട്ടൊഴിയാതെ കോളനി നിവാസികള്‍

ബത്തേരി: ആനക്കലിയുടെ ദുരിതം വിട്ടൊഴിയാതെ ആനക്യാമ്പ് കോളനി. മുത്തങ്ങ വന്യജീവി സങ്കേതം ഓഫീസിനോട് ചേര്‍ന്നുള്ള ആദിവാസി കോളനിയാണ് ആനക്യാമ്പ്. ഒരു മാസത്തിനിടെ രണ്ട് പേരാണ് ഇവിടെ ആനകളുടെ കോപത്തിനിരയായി മരിച്ചത്. കഴിഞ്ഞ മാസം 15ന് ആനക്യാമ്പിലെ പാപ്പാന്‍ കുമിഴി ചുക്കാലിക്കുനി കാട്ടുനായ്ക്ക കോളനിയിലെ അപ്പു വനം വകുപ്പിലെ വളര്‍ത്താനയായ സൂര്യയുടെ കുത്തേറ്റ് മരിച്ചു. ശനിയാഴ്ച രാവിലെ കോളനിയിലെ മാരന്റെ ഭാര്യ അമ്മിണി കാട്ടാനയുടെ ആക്രമണത്തിലും മരിച്ചു. അമ്മിണിയെ കാട്ടാന കൊലപ്പെടുപ്പെടുത്തിയതിന്റെ നൂറ് മീറ്റര്‍ അകലെയാണ് അപ്പുവിനെ വളര്‍ത്താന കൊന്നത്. തുടര്‍ച്ചയായി നടന്ന രണ്ടു മരണങ്ങള്‍ കോളനിവാസികളെ തളര്‍ത്തി.

മുത്തങ്ങ ആനപന്തിയില്‍ ഡസന്‍ കണക്കിന് വളര്‍ത്താനകളുണ്ടായിരുന്ന കാലത്ത് ആന പാപ്പാന്‍മാരായ കാട്ടുനായ്ക്കരെ കുടിയിരുത്തുന്നതിനാണ് പന്തിയോട് ചേര്‍ന്ന് കോളനി സ്ഥാപിച്ചത്. ഇവിടുത്തെ പുരുഷന്‍മാര്‍ തലമുറകളായി ആനകളെ പരിചരിച്ചാണ് കഴിഞ്ഞുവരുന്നത്. വളര്‍ത്താനകള്‍ക്ക് ഭക്ഷണം നല്‍കിയും കുളിപ്പിച്ചും മറ്റ് വിധ പരിചരണവും നല്‍കിവരുന്ന ഇവരും ആനക്കലിയുടെ പേരില്‍ ദുരിതത്തിലാവുകയാണ്. മുത്തങ്ങ പന്തിയില്‍ ഇപ്പോള്‍ രണ്ട് വളര്‍ത്താനകള്‍ മാത്രമാണുള്ളത്. ഇതിനാല്‍ പുരുഷന്‍മാരില്‍ അധികവും മറ്റ് വനപരിചരണ ജോലികളിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. കോളനി വനത്തിനകത്തായതിനാല്‍ കാട്ടാനകളുടെ ശല്ല്യം ഏറെയാണ്. വനവും കോളനിയും തമ്മില്‍ വേര്‍തിരിക്കുന്നതിന് മതിലുകളോ കിടങ്ങുകളോ ഇല്ലാത്തത് കോളനിക്കാരുടെ ദുരിതം ഇരട്ടിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പും കോളനിയിലെ ഒണക്കന്‍ എന്ന പാപ്പാനെ ആന കൊന്നിരുന്നു. പിന്നീട് പലപ്പോഴായി കാളന്‍, കുള്ളന്‍, ബൊമ്മന്‍, മാരന്‍ എന്നിവരും കാട്ടാനകളുടെയും പോറ്റാനകളുടെയും ആക്രമണത്തിനിരയായി പരിക്കേറ്റവരാണ്. 15-ഓളം വീടുകളും അങ്കണവാടിയുമാണ് കോളനിയിലുള്ളത്.

deshabhimani

No comments:

Post a Comment