Tuesday, March 18, 2014

നെറികേടിനെതിരെ നേരിന്റെ പക്ഷം

കൊല്ലം: കറുപ്പും വെളുപ്പുമെന്നപോലെ വേര്‍തിരിഞ്ഞുനില്‍ക്കുന്ന പക്ഷങ്ങള്‍. കൊല്ലത്ത് രാഷ്ട്രീയത്തിലെ നെറിയും നെറികേടും നേര്‍ക്കുനേര്‍ പോരാടുന്നു. ജനപക്ഷ നിലപാടിന്റെ കൊടിയേന്തി എം എ ബേബി ഒരുവശത്ത്. അധികാരമോഹത്താല്‍ അന്ധത ബാധിച്ച് സ്വന്തം നിലപാടുകള്‍ വലിച്ചെറിഞ്ഞ് വലതുപക്ഷകൂടാരത്തിലെത്തിയ എന്‍ കെ പ്രേമചന്ദ്രന്‍ മറുഭാഗത്ത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍നിന്ന് സിപിഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം മത്സരിക്കുന്ന ഏക മണ്ഡലം കൊല്ലമാണ്. ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടണമെന്ന വാശിയോടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൈമെയ് മറന്ന് രംഗത്ത്. സിറ്റിങ് എംപിയെ മാറ്റിനിര്‍ത്തിയാണ് യുഡിഎഫ് പ്രേമചന്ദ്രനെ പരീക്ഷിക്കുന്നത്. ഒറ്റനാള്‍കൊണ്ടുള്ള ചുവടുമാറ്റത്തിലൂടെ ഇന്നലെവരെ പറഞ്ഞതെല്ലാം തള്ളിപ്പറയുന്ന സ്ഥാനാര്‍ഥി. ആര്‍എസ്പി എന്ന പ്രസ്ഥാനത്തെ വലതുപക്ഷത്തിന്റെ തൊഴുത്തില്‍ക്കെട്ടിയ വഞ്ചനയ്ക്ക് പ്രതിഫലമായി ലഭിച്ച സ്ഥാനാര്‍ഥിവേഷത്തെ തിരിച്ചറിഞ്ഞ് ശിക്ഷിക്കാന്‍ കൊല്ലം ജനതയ്ക്കുള്ള സന്ദര്‍ഭവുമാണിത്.

പുരോഗമന പ്രസ്ഥാനത്തിന്റെ ശക്തിദുര്‍ഗമാണ് കൊല്ലം. തൊഴിലാളികളുടെ നാട്. ഈ നാടിന്റെ പുത്രന്‍ മാത്രമല്ല; അഭിമാനവുമാണ് എം എ ബേബി. വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ കേരളത്തിന്റെയും ഇന്ത്യയുടെയും തൊഴിലാളിവര്‍ഗ നേതൃത്വത്തിലേക്ക് ചുവടുവച്ച നേതാവ്. 12 വര്‍ഷം രാജ്യസഭാംഗമായും അഞ്ചുവര്‍ഷം സംസ്ഥാനമന്ത്രിയായും പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തിളക്കത്തില്‍ ബേബി വോട്ട് തേടിയെത്തുമ്പോള്‍ അപരിചിതത്വമില്ല; അകല്‍ച്ചയില്ല-തങ്ങളിലൊരാളായി കൊല്ലത്തുകാര്‍ ബേബിയെ സ്വീകരിക്കുന്നു. ഇന്നലെയും ഇന്നും ഒരേ കൊടിയുയര്‍ത്തി, രാഷ്ട്രീയ സ്ഥൈര്യത്തിന്റെ പ്രതീകമായാണ് ബേബി എത്തുന്നതെങ്കില്‍, യുഡിഎഫ് സ്ഥാനാര്‍ഥി അവരുടെ പാളയത്തില്‍ തീര്‍ത്തും അപരിചിതന്‍. കോണ്‍ഗ്രസിനെയും അതിന്റെ നയങ്ങളെയും നിശിത വിമര്‍ശത്തിനിരയാക്കിയ "ശത്രുരാഷ്ട്രീയ"ക്കാരനുവേണ്ടി വോട്ടുതേടുന്നവരെ നയിക്കുന്നത് ജാള്യം മാത്രം.

വലതുപക്ഷത്തിന്റെ കെണിയില്‍ അകപ്പെട്ട് രാഷ്ട്രീയ ആത്മഹത്യ വരിച്ച എന്‍ കെ പ്രേമചന്ദ്രനെ വേട്ടയാടുന്നത് ഭൂതകാലംതന്നെ. താന്‍ യുഡിഎഫിനെതിരെ ഉന്നയിച്ച ആരോപണങ്ങളെ തള്ളിപ്പറഞ്ഞാല്‍ കാപട്യം പുറത്തുവരും; പറയാതിരുന്നാല്‍ യുഡിഎഫ് പിണങ്ങും. രണ്ടായാലും ദോഷംതന്നെ. ആര്‍എസ്പിയുടെ ചിഹ്നംപോലും ഇക്കുറി സഹായത്തിനില്ല. 34 വര്‍ഷമായി കോണ്‍ഗ്രസിലെ ഐ വിഭാഗം മത്സരിക്കുന്ന മണ്ഡലമാണ് കൊല്ലം. മാസങ്ങള്‍ക്ക് മുമ്പ് ജലോത്സവത്തിനിടെ ഉദ്ഘാടനത്തിനെത്തിയ സിനിമാനടിയെ അപമാനിച്ച സിറ്റിങ് എംപി പീതാംബരക്കുറുപ്പിനാകട്ടെ അഞ്ചുവര്‍ഷത്തിനിടെ മണ്ഡലത്തിനുവേണ്ടി ചെയ്തവയില്‍ ഒന്നും അക്കമിട്ട് നിരത്താനുമില്ല. ഭരണപരാജയത്തിനും കാലുമാറ്റത്തിനും ഉത്തരം പറയാനാകാതെ ഒളിച്ചോടുകയാണ് യുഡിഎഫ്. ഐ ഗ്രൂപ്പ് നേതാവായ ഐഎന്‍ടിയുസി സംസ്ഥാനപ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്ലഭിക്കേണ്ട സീറ്റാണ് എ വിഭാഗത്തിന്റെ പിന്തുണയോടെ പ്രേമചന്ദ്രന്‍ കൈക്കലാക്കിയത്. പ്രേമചന്ദ്രന്‍ തങ്ങളുടെ രാഷ്ട്രീയ അസ്തിത്വം ചോദ്യംചെയ്തത് ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ളവരെ ചൊടിപ്പിച്ചു. സാന്നിധ്യമറിയിക്കാന്‍ ബിജെപി സ്ഥാനാര്‍ഥി പി എം വേലായുധനും വന്നതോടെ മണ്ഡലത്തില്‍ പ്രചാരണത്തിന് ചുടും ചൂരും വന്നു.

വോട്ടര്‍മാരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. കശുവണ്ടി, കയര്‍, മത്സ്യബന്ധനം തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണ് പ്രധാന വിഷയം. വീട്ടമ്മമാരെ കണ്ണീരണിയിക്കുന്ന വിലക്കയറ്റം, പാചകവാതക വിലവര്‍ധന, സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമം, ക്രമസമാധാനത്തകര്‍ച്ച, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മലയോരജനത നേരിടുന്ന പ്രതിസന്ധി ഇവയെല്ലാം ചര്‍ച്ചാവിഷയമാണ്. അതോടൊപ്പം കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ മറീനുകളെ രക്ഷപ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന കള്ളക്കളികളും എല്‍ഡിഎഫ് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്നു. ദേശീയരാഷ്ട്രീയത്തിന്റെ അലകും പിടിയും മാറ്റി ഇടതു-മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ മുന്നേറ്റം യാഥാര്‍ഥ്യമാക്കാന്‍ എം എ ബേബിയുടെ വിജയം സുനിശ്ചിതമാക്കും എന്ന പ്രതിജ്ഞയിലാണ് കൊല്ലം മണ്ഡലത്തിലെ സമ്മതിദായകര്‍. എം എ ബേബിയുടെ വിപുലമായ സൗഹൃദ വലയവും കക്ഷി-രാഷ്ട്രീയ-മത-ജാതി പരിഗണനകള്‍ക്കതീതമായ സ്വീകാര്യതയും ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

എം സുരേന്ദ്രന്‍ deshabhimani

No comments:

Post a Comment