Tuesday, May 17, 2011

സ്വതന്ത്ര വിപണി നയം പുനപ്പരിശോധിക്കണമെന്ന് സുപ്രിം കോടതി

വിപണിയെ സ്വതന്ത്രമാക്കിവിടുന്ന സര്‍ക്കാര്‍ നയങ്ങള്‍ പുനപ്പരിശോധിക്കേണ്ടതാണെന്ന് സുപ്രിം കോടതി. നിയന്ത്രണമില്ലാത്ത വിപണി സ്വയം തിരുത്തലുകള്‍ വരുത്തിക്കൊള്ളുമെന്ന വിശ്വാസം മൂഢമാണെന്നും അതിനെ ഭരണകൂട നിയന്ത്രണത്തില്‍ കൊണ്ടുവരികയാണ് വേണ്ടതെന്നും ജസ്റ്റിസുമാരായ ബി സുദര്‍ശന്‍ റെഡ്ഢിയും എസ് എസ് നിജ്ജാറും അഭിപ്രായപ്പെട്ടു. ആര്‍മി മെഡിക്കല്‍ കോളജ് പ്രവേശനം സംബന്ധിച്ച ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ്, സുപ്രിം കോടതി നിയോ ലിബറല്‍ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്.

സ്വയം തിരുത്തലുകള്‍ വരുത്താനും ഉചിതമായ പരിഹാരങ്ങള്‍ കണ്ടെത്താനും വിപണി സ്വയം സജ്ജമാണെന്ന വിശ്വാസം മുഢമാണ്. വിപണിവ്യവസ്ഥ വന്‍ തകര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്താനേ അത് ഇടവയ്ക്കൂ. അടുത്തിടെയുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി ഇക്കാര്യം ആവര്‍ത്തിച്ചുവ്യക്തമാക്കിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നിവയിലെ അന്ധവിശ്വാസങ്ങളും സുചിന്തിതമല്ലാത്ത നടപടികളും ആഗോളതലത്തിലുണ്ടാക്കിയ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കാണാതിരിക്കരുതെന്ന് കോടതി പറഞ്ഞു. ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും ആഗോളവല്‍ക്കരണവും ക്ഷേമത്തിലേയ്ക്കു നയിക്കുമെന്നത് തെറ്റായ കാഴ്ചപ്പാടാണ്. അത് എല്ലാവര്‍ക്കും നല്ലതു കൊണ്ടുവരില്ല. വിപണി നിയന്ത്രിക്കാത്ത സര്‍ക്കാര്‍ നിലപാട് കുറച്ചു പേര്‍ക്കുമാത്രമേ ഗുണം ചെയ്യൂ. സമൂഹത്തില്‍ വന്‍തോതില്‍ അസമത്വമുണ്ടാക്കാനാണ് ഇത് ഇടവയ്ക്കുക. വരുമാനം, സ്വത്ത്, വിഭവങ്ങള്‍ എന്നിവ ഒരു ന്യൂനപക്ഷത്തിലേക്കു മാത്രമായി ചുരുങ്ങുകയാണ് സര്‍ക്കാര്‍ നിയന്ത്രണ സംവിധാനങ്ങള്‍ പരാജയപ്പെടുന്നതിലൂടെ ഉണ്ടാവുന്നത്. നിയന്ത്രണ സംവിധാനങ്ങള്‍ മാറിനില്‍ക്കുന്നതിലൂടെയും ഇതുതന്നെയാണ് സംഭവിക്കുക. സാമൂഹ്യമായ മൂല്യങ്ങളെയും ലക്ഷ്യങ്ങളെയും പരിഗണിക്കുമ്പോള്‍ സ്വകാര്യമേഖലയെ നിയന്ത്രിക്കുന്നതില്‍നിന്ന് മാറിനില്‍ക്കുന്ന സര്‍ക്കാര്‍ നയത്തെ അനുകൂലിക്കാനാവില്ല. ധാര്‍മികമായ ഒരു അധികാരസ്ഥാപനമാവാനുള്ള സര്‍ക്കാരിന്റെ കഴിവാണ് ഇവിടെ ഇല്ലാതാവുന്നത്. വിപണിയുടെ പേരില്‍, ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്ന ഭരണഘടനാപരമായ ഉത്തവാദിത്വത്തില്‍നിന്ന് സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജനയുഗം 150511

1 comment:

  1. വിപണിയെ സ്വതന്ത്രമാക്കിവിടുന്ന സര്‍ക്കാര്‍ നയങ്ങള്‍ പുനപ്പരിശോധിക്കേണ്ടതാണെന്ന് സുപ്രിം കോടതി. നിയന്ത്രണമില്ലാത്ത വിപണി സ്വയം തിരുത്തലുകള്‍ വരുത്തിക്കൊള്ളുമെന്ന വിശ്വാസം മൂഢമാണെന്നും അതിനെ ഭരണകൂട നിയന്ത്രണത്തില്‍ കൊണ്ടുവരികയാണ് വേണ്ടതെന്നും ജസ്റ്റിസുമാരായ ബി സുദര്‍ശന്‍ റെഡ്ഢിയും എസ് എസ് നിജ്ജാറും അഭിപ്രായപ്പെട്ടു. ആര്‍മി മെഡിക്കല്‍ കോളജ് പ്രവേശനം സംബന്ധിച്ച ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ്, സുപ്രിം കോടതി നിയോ ലിബറല്‍ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്.

    ReplyDelete