Monday, August 22, 2011

ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് "വീക്ഷണ"ത്തില്‍ 24 മുതല്‍ പണിമുടക്ക്

കൊച്ചി: കോണ്‍ഗ്രസിലെ ഗ്രൂപ്പ്പോരില്‍ സാമ്പത്തികപ്രതിസന്ധിയിലായ വീക്ഷണം പത്രത്തില്‍ പണിമുടക്കം. വീക്ഷണം കൊച്ചി യൂണിറ്റിലെ തൊഴിലാളികളാണ് ശമ്പളകുടിശ്ശിക ആവശ്യപ്പെട്ട് പണിമുടക്കാരരംഭിക്കുന്നത്. മൂന്നു മാസത്തെ ശമ്പളകുടിശ്ശിക ആവശ്യപ്പെട്ട് 24 മുതല്‍ പണിമുടക്കിന് തൊഴിലാളികള്‍ നോട്ടീസ് നല്‍കി. അച്ചടിക്കൂലി കുടിശ്ശികയായതിനെത്തുടര്‍ന്ന് 22 മുതല്‍ പത്രത്തിന്റെ അച്ചടി നിര്‍ത്തിവയ്ക്കുമെന്ന് കൊച്ചിയിലെ പ്രമുഖ പ്രിന്റിങ് കമ്പനി മാനേജ്മെന്റിനെ അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ കരുത്താര്‍ജിച്ച കോണ്‍ഗ്രസിലെ ഗ്രൂപ്പ്പോര് നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് വീക്ഷണത്തെ ശ്വാസംമുട്ടിച്ചത്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മറികടന്ന് എ ഗ്രൂപ്പുകാരനായ എംഡി ബെന്നി ബഹനാന്‍ എട്ടുമാസംമുമ്പ് നിയമിച്ച എക്സിക്യൂട്ടീവ് ഡയറക്ടറുടെ ധൂര്‍ത്തും അശാസ്ത്രീയ പരിഷ്കാരങ്ങളും വീക്ഷണത്തെ തളര്‍ത്തിയെന്നാണ് ആരോപണം. കെപിസിസി നല്‍കിയിരുന്ന സാമ്പത്തികസഹായങ്ങള്‍ ഗ്രൂപ്പ് വൈരത്തിന്റെ പേരില്‍ നിര്‍ത്തി. ആദ്യം മുതല്‍ക്കേ വീക്ഷണത്തോട് താല്‍പ്പര്യമില്ലാത്ത ഉമ്മന്‍ചാണ്ടി ഇപ്പോഴും അതേ നിലപാടില്‍ത്തന്നെയാണ്.

നിലവിലുള്ള നാല് യൂണിറ്റുകളില്‍ തിരുവനന്തപുരമൊഴികെയുള്ളവ കടുത്ത പ്രതിസന്ധിയിലാണ്. കൊച്ചിയൂണിറ്റില്‍ ശമ്പളകുടിശ്ശിക ഇനത്തില്‍മാത്രം എട്ടരലക്ഷമാണ് ബാധ്യത. അച്ചടിക്കൂലിയായി വരാപ്പുഴ അതിരൂപതയ്ക്കുകീഴിലുള്ള വിയാനി പ്രിന്റേഴ്സിനു കൊടുക്കാനുള്ളത് 16 ലക്ഷം. മറ്റുള്ളവകൂടി ചേര്‍ത്താല്‍ ബാധ്യത അരക്കോടിയിലേറെയാകും. ശമ്പളകുടിശ്ശിക ആവശ്യപ്പെട്ട് വീക്ഷണം എംപ്ലോയീസ് യൂണിയന്‍ മാനേജ്മെന്റിനും കെപിസിസി പ്രസിഡന്റിനും പലവട്ടം കത്തു നല്‍കി. അനുകൂലമായ നീക്കമുണ്ടാകാത്തതിനാലാണ് 24 മുതല്‍ പണിമുടക്കാന്‍ തീരുമാനിച്ചത്. ആറുമാസത്തിനുള്ളില്‍ പത്രം ലാഭത്തിലാക്കുമെന്നു പ്രഖ്യാപിച്ചാണ് എക്സിക്യൂട്ടീവ് ഡയറക്ടറെ നിയമിച്ചത്. എ ഗ്രൂപ്പുകാരനെന്ന നിലയില്‍ ഇദ്ദേഹത്തോടുള്ള താല്‍പ്പര്യക്കുറവും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുംകൂടിയായപ്പോള്‍ കെപിസിസിയില്‍നിന്നുള്ള സഹായം രമേശ് ചെന്നിത്തല നിര്‍ത്തി. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമുണ്ടായ നിരാശകൂടിയായപ്പോള്‍ ചെന്നിത്തല വീക്ഷണത്തെ പാടേ ഉപേക്ഷിക്കുകയായിരുന്നു.

deshabhimani 220811

1 comment:

  1. കോണ്‍ഗ്രസിലെ ഗ്രൂപ്പ്പോരില്‍ സാമ്പത്തികപ്രതിസന്ധിയിലായ വീക്ഷണം പത്രത്തില്‍ പണിമുടക്കം. വീക്ഷണം കൊച്ചി യൂണിറ്റിലെ തൊഴിലാളികളാണ് ശമ്പളകുടിശ്ശിക ആവശ്യപ്പെട്ട് പണിമുടക്കാരരംഭിക്കുന്നത്. മൂന്നു മാസത്തെ ശമ്പളകുടിശ്ശിക ആവശ്യപ്പെട്ട് 24 മുതല്‍ പണിമുടക്കിന് തൊഴിലാളികള്‍ നോട്ടീസ് നല്‍കി. അച്ചടിക്കൂലി കുടിശ്ശികയായതിനെത്തുടര്‍ന്ന് 22 മുതല്‍ പത്രത്തിന്റെ അച്ചടി നിര്‍ത്തിവയ്ക്കുമെന്ന് കൊച്ചിയിലെ പ്രമുഖ പ്രിന്റിങ് കമ്പനി മാനേജ്മെന്റിനെ അറിയിച്ചു.

    ReplyDelete