സ. എം കെ പന്ഥെ സ്മരണയായി. തൊഴിലാളിവര്‍ഗത്തിന്റെ കരുത്തനും സമുന്നതനുമായ നേതാവാണ് വിടവാങ്ങിയത്. തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനത്തിന് ആശയതലത്തിലും സംഘടനാതലത്തിലും കരുത്തുപകരാന്‍ ജീവിതത്തിലുടനീളം അക്ഷീണം പരിശ്രമിച്ച നേതാവാണ് പന്ഥെ. അദ്ദേഹത്തിന്റെ സ്മരണയ്ക്കുമുമ്പില്‍ ഞങ്ങള്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. തൊഴിലാളിപ്രസ്ഥാനത്തിനു മുമ്പില്‍ നിരവധി പാഠങ്ങള്‍ തുറന്നുവയ്ക്കുന്ന ഒരു പുസ്തകംപോലെയായിരുന്നു ആ ജീവിതം. വൈഷമ്യമേറിയ പ്രതിസന്ധികളെ മുറിച്ചുകടക്കേണ്ടതെങ്ങനെ, തൊഴിലാളി വര്‍ഗപ്രസ്ഥാനത്തെ ഛിദ്രീകരിക്കാന്‍ ശത്രുക്കള്‍ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയുകയും ചെറുക്കുകയും ചെയ്യേണ്ടതെങ്ങനെ, പ്രതികൂല സാഹചര്യങ്ങളില്‍ തൊഴിലാളിപ്രസ്ഥാനം പടുത്തുയര്‍ത്തേണ്ടതെങ്ങനെ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ ജീവിതംകൊണ്ടും രചനകള്‍കൊണ്ടും പുതുപാഠങ്ങള്‍ പങ്കുവച്ചു സ. എം കെ പന്ഥെ.
എഴുപതുകളുടെ സമാപനഘട്ടത്തില്‍ ദേശീയാടിസ്ഥാനത്തില്‍ ട്രേഡ് യൂണിയനുകളുടെ ഐക്യവും സംയുക്ത സമരപ്രസ്ഥാനവും വളര്‍ത്തിയെടുക്കുന്നതില്‍ സിഐടിയു നേതാവ് എന്ന നിലയ്ക്ക് പന്ഥെ വഹിച്ച നേതൃപരമായ പങ്ക് ചരിത്രപ്രാധാന്യമുള്ളതാണ്. ആ അടിത്തറയില്‍ പിന്നീട് എത്രയോ യോജിച്ച മുന്നേറ്റങ്ങളുണ്ടായി. തൊഴിലാളിപ്രസ്ഥാനത്തിന്റെ എത്രയോ വിപുലമായ ഐക്യനിരയുണ്ടായി. ഇന്ത്യന്‍ തൊഴിലാളിപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി ഇന്ന് അടയാളപ്പെടുത്തപ്പെടുന്നുണ്ട് അന്നത്തെ ഐക്യപ്രസ്ഥാനം. തൊഴിലാളികള്‍ പല വിഭാഗങ്ങളായി ഭിന്നിച്ചുനില്‍ക്കുന്നതിനെതിരായ രാഷ്ട്രീയബോധം വളര്‍ത്തുന്നതില്‍ പന്ഥെ വഹിച്ച പങ്കും എടുത്തുപറയേണ്ടതാണ്. ഭിന്നതകള്‍ക്കതീതമായി അടിസ്ഥാനപരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി തൊഴിലാളികള്‍ ഒരുമിക്കണമെന്ന സന്ദേശവുമായി അദ്ദേഹം ഇന്ത്യയിലാകെ ഓടിനടന്നു പ്രവര്‍ത്തിച്ചു. ആ പ്രവര്‍ത്തനങ്ങള്‍ വലിയ തോതിലുള്ള ഫലങ്ങള്‍ ഉളവാക്കുകയുംചെയ്തു.
കേന്ദ്ര ട്രേഡ്യൂണിയന്‍ സംഘടനകള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കാനും വിവിധ വ്യവസായമേഖലകള്‍ക്കിടയിലുള്ള ഐക്യപ്രസ്ഥാനം വളര്‍ത്തിയെടുക്കാനും അദ്ദേഹം അക്ഷീണം പ്രവര്‍ത്തിച്ചു. കല്‍ക്കരി, ഉരുക്ക് എന്നീ വ്യവസായമേഖലകളിലും ബിഎച്ച്ഇഎല്ലിലും ഒക്കെയുണ്ടായ അത്തരം ഐക്യത്തിനുപിന്നില്‍ പന്ഥെ വിശ്രമമില്ലാതെ നടത്തിയ പ്രവര്‍ത്തനങ്ങളുണ്ട്. സിഐടിയുവിനെ, അതിന്റെ പ്രാരംഭഘട്ടത്തില്‍ത്തന്നെ ഞെരിച്ചുകൊല്ലാനുള്ള ശ്രമങ്ങള്‍ സ്ഥാപിതതാല്‍പ്പര്യക്കാര്‍ നടത്തിയിട്ടുണ്ട്. കേന്ദ്രജീവനക്കാരുടെയും ഇന്‍ഷുറന്‍സ് ജീവനക്കാരുടെയും ഒക്കെ സംഘടനകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് പന്ഥെ മുന്‍കൈയെടുത്തു നടത്തിയ ശ്രമങ്ങളാണ് അത്തരം നീക്കങ്ങളെ പരാജയപ്പെടുത്തിയത്. ട്രേഡ് യൂണിയനുകളുടെ രാഷ്ട്രീയ പ്രചാരണ സമിതി, ട്രേഡ് യൂണിയനുകളുടെ സ്പോണ്‍സറിങ് സമിതി, വിപുലമായ കേന്ദ്രട്രേഡ് യൂണിയന്‍ ഐക്യം തുടങ്ങിയവ സാധിതമാക്കിയെടുക്കുന്നതില്‍ പന്ഥെ വഹിച്ച പങ്ക് വളരെ വലുതാണ്. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ക്രമരഹിതമായ സ്വകാര്യവല്‍ക്കരണത്തിന്റെയും നയങ്ങളുടെ ആപത്തിനെക്കുറിച്ച് രാജ്യത്തെയാകെ ബോധവല്‍ക്കരിക്കുന്നതിനും ആ ആപത്തു മുന്‍നിര്‍ത്തി തൊഴിലാളിസംഘടനകളെയാകെ രാഷ്ട്രീയ ഉള്ളടക്കം കൊടുത്ത് സമരസജ്ജരാക്കിയെടുക്കുന്നതിനും പന്ഥെ നടത്തിയ ശ്രമങ്ങള്‍ എടുത്തുപറയേണ്ടതാണ്. തൊഴിലാളിവര്‍ഗ സാര്‍വദേശീയതയുടെ പതാകവാഹകനായി എന്നും നിന്ന കമ്യൂണിസ്റ്റ് നേതാവായിരുന്നു എം കെ പന്ഥെ. തൊഴിലാളിവര്‍ഗത്തിന്റെ സാര്‍വദേശീയതലത്തിലെ ഒരുമയെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ അന്താരാഷ്ട്രവേദികളിലുണ്ടായ സന്ദര്‍ഭങ്ങളിലൊക്കെ വിട്ടുവീഴ്ചയില്ലാതെ അതു തുറന്നുകാട്ടാനും ചെറുത്തുതോല്‍പ്പിക്കാനും മുന്‍നിന്നു പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
സാമ്രാജ്യത്വശക്തികള്‍ക്കെതിരായി വിപുലമായ ഐക്യനിരയുണ്ടാവേണ്ട ഘട്ടത്തില്‍ അതിനെ ക്ഷീണിപ്പിക്കാന്‍ ശ്രമിച്ചവരോട് അദ്ദേഹം വിട്ടുവീഴ്ച കാട്ടിയില്ല. സാമ്രാജ്യത്വ കോയ്മക്കെതിരായ ഐക്യനിര കെട്ടിപ്പടുക്കാനുള്ള താല്‍പ്പര്യത്തിന്റെ സൃഷ്ടിയാണ് ഡബ്ല്യുഎഫ്ടിയുവിലെ സിഐടിയുവിന്റെ അംഗത്വം. അത് നേടിയെടുക്കാന്‍ താല്‍പ്പര്യപൂര്‍വം ശ്രമിച്ചവരുടെ മുന്‍നിരയിലുണ്ടായിരുന്നു സ. പന്ഥെ. ലോക തൊഴിലാളിപ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള അറിവ്, അന്താരാഷ്ട്ര തൊഴില്‍നിയമങ്ങളെക്കുറിച്ചുള്ള അറിവ് തുടങ്ങിയവയൊക്കെ ഇന്ത്യയില്‍ കൂട്ടായ വിലപേശലിനുള്ള തൊഴിലാളിശക്തിക്കു പ്രയോജനപ്പെടുന്ന തരത്തില്‍ വ്യാഖ്യാനിച്ച് അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സവിശേഷമായ പ്രാഗത്ഭ്യമുണ്ടായിരുന്നു. 1990 മുതല്‍ 99 വരെ സിഐടിയു ജനറല്‍ സെക്രട്ടറിയായും പിന്നീട് 2010 വരെ പ്രസിഡന്റായും പ്രവര്‍ത്തിച്ച ഘട്ടത്തില്‍ സിഐടിയുവിന്റെ സ്വീകാര്യത തൊഴിലാളിമേഖലകളില്‍ കാര്യമായ തോതില്‍ വ്യാപിക്കുന്നതു നാം കണ്ടു. സിപിഐ എമ്മിന്റെ സമുന്നതനായ നേതാവ് എന്ന നിലയില്‍ പാര്‍ടിയെ ആശയപരമായ ആക്രമണങ്ങളില്‍ പ്രതിരോധിക്കുന്നതിലും സംഘടനാപരമായി ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമാണ്. വലതുപക്ഷ റിവിഷനിസ്റ്റ് സമീപനങ്ങള്‍ക്കും അതിതീവ്ര ഇടതുപക്ഷ സാഹസിക സമീപനങ്ങള്‍ക്കുമെതിരായി മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാതയിലൂടെ പാര്‍ടിയെ നയിച്ചുകൊണ്ടുപോകുന്നതില്‍ സ. പന്ഥെ തന്റേതായ പങ്കു വഹിച്ചു. അടിയന്തരാവസ്ഥപോലുള്ള ജനാധിപത്യവിരുദ്ധ ഘട്ടങ്ങളില്‍ പാര്‍ടിയെ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ആശയരംഗത്തും സംഘടനാരംഗത്തും സ. പന്ഥെ വഹിച്ച പങ്ക് പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. കുറെക്കാലമായി അര്‍ബുദത്തിന്റെ പിടിയിലായിരുന്നു പന്ഥെ. രോഗഗ്രസ്തനാണെന്ന അറിവ് അദ്ദേഹത്തെ സംഘടനാപ്രവര്‍ത്തനങ്ങളില്‍നിന്നു പിന്തിരിപ്പിച്ചില്ലെന്നു മാത്രമല്ല, കൂടുതല്‍ ഊര്‍ജസ്വലതയോടെ സംഘടനാപ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ് ആ ഘട്ടത്തില്‍ ചെയ്തത്.
മരണത്തിനു തൊട്ടുമുമ്പുവരെ കര്‍മനിരതനായിരുന്നു അദ്ദേഹം. നവ ഉദാരവല്‍ക്കരണത്തിനെതിരായി കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഏഴിന് നടന്ന അഖിലേന്ത്യാ പണിമുടക്കിന്റെയും ഈവര്‍ഷം ഫെബ്രുവരി 23നു നടന്ന റാലിയുടെയും തുടര്‍ച്ചയായി നടത്തേണ്ട പ്രക്ഷോഭപരിപാടികളെക്കുറിച്ച് ആലോചിക്കാന്‍ സെപ്തംബര്‍ ഏഴിന് ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ നിശ്ചയിച്ചശേഷമാണ് അദ്ദേഹം മരണത്തിലേക്ക് വഴുതിവീണത്. പുണെയിലെ പ്രശസ്തമായ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആന്‍ഡ് ഇക്കണോമിക്സില്‍നിന്ന് ലേബര്‍ ഇക്കണോമിക്സില്‍ ചെറുപ്പത്തില്‍ത്തന്നെ ഡോക്ടറേറ്റ് എടുത്ത പന്ഥെയ്ക്ക് ആ സര്‍വകലാശാലയിലോ പുറത്തുള്ള സര്‍വകലാശാലകളിലോ പ്രൊഫസറായി പോകാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാല്‍ , സ്വന്തം ജീവിതത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചല്ല, സമൂഹത്തിന്റെയാകെ ജീവിത സുരക്ഷയെക്കുറിച്ചാണ് അദ്ദേഹം ചിന്തിച്ചത്. തൊഴിലാളികള്‍ക്കു മനുഷ്യോചിതമായി ജീവിക്കാന്‍ കഴിയുന്ന ഒരു സാമൂഹ്യാവസ്ഥ ഉണ്ടാക്കിയെടുക്കാനുള്ള പോരാട്ടങ്ങളിലാണ് അദ്ദേഹം വ്യാപൃതനായത്. ആ പ്രതിബദ്ധതയും ആത്മാര്‍ഥതയും ജീവിതത്തിന്റെ അവസാന നിമിഷംവരെ പുലര്‍ത്തി. സ. എം കെ പന്ഥെയെപ്പോലുള്ളവരുടെ നേതൃഗുണങ്ങളും സംഘടനാശേഷിയുമൊക്കെ ഏറെ ആവശ്യമുള്ള സമരഭരിതമായ ഒരു കാലത്തിലേക്കാണ് ഇന്ത്യന്‍ തൊഴിലാളിവര്‍ഗവും ജനങ്ങളും നീങ്ങുന്നത്. ആ ഘട്ടത്തിലാണ് ഈ വിയോഗമെന്നത് നഷ്ടത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്നു. പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കരുത്തുപകരുന്നതാകും ആ സ്മരണ എന്നതു നാം മനസ്സില്‍ ആവര്‍ത്തിച്ചുറപ്പിക്കുക.
deshabhimani editorial 220811
സ. എം കെ പന്ഥെ സ്മരണയായി. തൊഴിലാളിവര്‍ഗത്തിന്റെ കരുത്തനും സമുന്നതനുമായ നേതാവാണ് വിടവാങ്ങിയത്. തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനത്തിന് ആശയതലത്തിലും സംഘടനാതലത്തിലും കരുത്തുപകരാന്‍ ജീവിതത്തിലുടനീളം അക്ഷീണം പരിശ്രമിച്ച നേതാവാണ് പന്ഥെ. അദ്ദേഹത്തിന്റെ സ്മരണയ്ക്കുമുമ്പില്‍ ഞങ്ങള്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. തൊഴിലാളിപ്രസ്ഥാനത്തിനു മുമ്പില്‍ നിരവധി പാഠങ്ങള്‍ തുറന്നുവയ്ക്കുന്ന ഒരു പുസ്തകംപോലെയായിരുന്നു ആ ജീവിതം. വൈഷമ്യമേറിയ പ്രതിസന്ധികളെ മുറിച്ചുകടക്കേണ്ടതെങ്ങനെ, തൊഴിലാളി വര്‍ഗപ്രസ്ഥാനത്തെ ഛിദ്രീകരിക്കാന്‍ ശത്രുക്കള്‍ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയുകയും ചെറുക്കുകയും ചെയ്യേണ്ടതെങ്ങനെ, പ്രതികൂല സാഹചര്യങ്ങളില്‍ തൊഴിലാളിപ്രസ്ഥാനം പടുത്തുയര്‍ത്തേണ്ടതെങ്ങനെ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ ജീവിതംകൊണ്ടും രചനകള്‍കൊണ്ടും പുതുപാഠങ്ങള്‍ പങ്കുവച്ചു സ. എം കെ പന്ഥെ.
ReplyDelete