Wednesday, August 24, 2011

2ജി: ലേലം ഒഴിവാക്കിയത് പ്രധാനമന്ത്രിയും ചിദംബരവും- കനിമൊഴി

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം ലൈസന്‍സ് ലേലംചെയ്യേണ്ടെന്ന് തീരുമാനിച്ചത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരവും ചേര്‍ന്നാണെന്ന് ഡിഎംകെ എംപി കനിമൊഴി പ്രത്യേക സിബിഐ കോടതിയില്‍ പറഞ്ഞു. മന്‍മോഹന്‍സിങ്, ചിദംബരം, അന്നത്തെ ടെലികോംമന്ത്രി എ രാജ എന്നിവര്‍ പ്രത്യേക യോഗം ചേര്‍ന്നാണ് ലേലം വേണ്ടെന്ന് തീരുമാനിച്ചതെന്ന് 2ജി അഴിമതിക്കേസില്‍ പ്രതിയായ കനിമൊഴിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ സുശീല്‍കുമാര്‍ പറഞ്ഞു. യോഗത്തിന്റെ മിനിറ്റ്സ് പ്രത്യേക ജഡ്ജി ഒ പി സെയ്നി മുമ്പാകെ സുശീല്‍കുമാര്‍ ഹാജരാക്കി.

സ്പെക്ട്രം ലൈസന്‍സ് ലേലംചെയ്യാതിരുന്നതിനാല്‍ ഖജനാവിന് വന്‍നഷ്ടം വന്നെന്നാണ് സിബിഐ കേസ്. എന്നാല്‍ , ഇത് ശരിയല്ലെന്ന് സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രിയെയും മുന്‍ ധനമന്ത്രിയെയും സാക്ഷികളായി വിസ്തരിച്ചാല്‍മാത്രം മതിയാകും. സ്പെക്ട്രം ഇടപാടില്‍ ഖജനാവിന് നഷ്ടമുണ്ടായില്ലെന്ന് ഇവരെല്ലാം പാര്‍ലമെന്റില്‍ പലവട്ടം പറഞ്ഞിട്ടുണ്ട്-കനിമൊഴിയുടെ അഭിഭാഷകന്‍ അവകാശപ്പെട്ടു. ഇടപാടില്‍ നഷ്ടം സംഭവിച്ചിട്ടില്ലെന്ന് തെളിയുന്ന ഘട്ടത്തില്‍തന്നെ വഞ്ചനക്കുറ്റവും ഇല്ലാതാകും. സ്പെക്ട്രം ഇടപാടില്‍ സിബിഐയും സിഎജിയും കണക്കാക്കിയ നഷ്ടവും ശരിയല്ല. സിഎജി റിപ്പോര്‍ട്ട് 2010 നവംബറില്‍ പാര്‍ലമെന്റില്‍ വച്ചതാണ്. ഇതുവരെ പാര്‍ലമെന്റ് അംഗീകരിച്ചിട്ടില്ല. ലൈസന്‍സ് ലേലംചെയ്തിരുന്നെങ്കില്‍ സര്‍ക്കാരിന് കൂടുതല്‍ പണം കിട്ടുമായിരുന്നു എന്നാണ് സിബിഐ കുറ്റപത്രം പറയുന്നത്. ആയിരുന്നു എന്ന വാക്ക് ഒരു സാധ്യതമാത്രമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിചാരണ മുന്നോട്ടുകൊണ്ടുപോകാനാകില്ല. ഓഹരിവില്‍പ്പനക്കാര്യവും പ്രധാനമന്ത്രിയും ചിദംബരവും ചര്‍ച്ചചെയ്തിരുന്നു. കോര്‍പറേറ്റ് നിയമപ്രകാരം ഓഹരി വില്‍ക്കുന്നത് ലൈസന്‍സ് വില്‍പ്പനയായി വരില്ലെന്ന് ചിദംബരംതന്നെ യോഗത്തില്‍ പ്രധാനമന്ത്രിയെ അറിയിച്ചു. അതല്ലെങ്കില്‍ പ്രധാനമന്ത്രി ഇക്കാര്യം നിഷേധിക്കട്ടെ- സുശീല്‍കുമാര്‍ വാദിച്ചു.
(എം പ്രശാന്ത്)

deshabhimani 240811

1 comment:

  1. 2ജി സ്പെക്ട്രം ലൈസന്‍സ് ലേലംചെയ്യേണ്ടെന്ന് തീരുമാനിച്ചത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരവും ചേര്‍ന്നാണെന്ന് ഡിഎംകെ എംപി കനിമൊഴി പ്രത്യേക സിബിഐ കോടതിയില്‍ പറഞ്ഞു. മന്‍മോഹന്‍സിങ്, ചിദംബരം, അന്നത്തെ ടെലികോംമന്ത്രി എ രാജ എന്നിവര്‍ പ്രത്യേക യോഗം ചേര്‍ന്നാണ് ലേലം വേണ്ടെന്ന് തീരുമാനിച്ചതെന്ന് 2ജി അഴിമതിക്കേസില്‍ പ്രതിയായ കനിമൊഴിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ സുശീല്‍കുമാര്‍ പറഞ്ഞു. യോഗത്തിന്റെ മിനിറ്റ്സ് പ്രത്യേക ജഡ്ജി ഒ പി സെയ്നി മുമ്പാകെ സുശീല്‍കുമാര്‍ ഹാജരാക്കി.

    ReplyDelete