Wednesday, August 24, 2011

റമദാന്‍ ചന്ത 2 ദിവസംമാത്രം

സംസ്ഥാനത്ത് ഇക്കുറി സപ്ലൈകോയുടെ റമദാന്‍ ചന്തകള്‍ പ്രവര്‍ത്തിക്കുക രണ്ടുദിവസംമാത്രം. 27 മുതല്‍ സപ്ലൈകോയുടെ എല്ലാ വിതരണകേന്ദ്രവും ഓണക്കിറ്റ് വിതരണകേന്ദ്രങ്ങളാക്കുന്നതിനെത്തുടര്‍ന്നാണ് അഞ്ചു ദിവസത്തേക്ക് തീരുമാനിച്ച റമദാന്‍ചന്തകള്‍ രണ്ടു ദിവസത്തേക്ക് ചുരുങ്ങുന്നത്. മുന്‍ വര്‍ഷങ്ങളില്‍ റമദാന്‍ ചന്ത രണ്ടാഴ്ചയിലേറെ പ്രവര്‍ത്തിച്ചിരുന്നു.

ഇതിനിടെ, കേരളമൊഴിച്ചുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലോറിസമരം തുടര്‍ന്നാല്‍ റമദാന്‍ -ഓണം വിപണികളുടെ പ്രവര്‍ത്തനം താളം തെറ്റുമെന്ന് സപ്ലൈകോ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഭക്ഷ്യവകുപ്പിന്റെ പിടിപ്പുകേടുമൂലം ഉത്സവകാലയളവില്‍ നിത്യോപയോഗസാധനങ്ങള്‍ മതിയായ അളവില്‍ സംഭരിക്കാനായിട്ടില്ല. ഏതാനും ദിവസങ്ങള്‍കൂടി വിതരണത്തിനുള്ള പലവ്യഞ്ജനങ്ങള്‍ മാത്രമേ സംഭരണകേന്ദ്രങ്ങളിലുള്ളൂ. ലോറിസമരം നീണ്ടാല്‍ മതിയായതോതില്‍ സാധനങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരാനാകാത്ത സ്ഥിതിയുണ്ടാകും. വിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കും. പലവ്യഞ്ജനങ്ങളുടെ ടെന്‍ഡര്‍ അംഗീകരിച്ചശേഷം പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കാതെ 15 ദിവസം പിടിച്ചുവച്ച ഭക്ഷ്യവകുപ്പിന്റെ നടപടിയാണ് ഈ സ്ഥിതിയുണ്ടാക്കിയത്.

റമദാന്‍ വ്രതം 29ന് അവസാനിക്കാനിരിക്കെ റമദാന്‍ ചന്ത 25 മുതല്‍ ആരംഭിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. എന്നാല്‍ ,27 മുതല്‍ ഓണക്കിറ്റ് വിതരണത്തിനുള്ള സാധനങ്ങള്‍ എത്തുന്നതോടെ ഈ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ അവ കവറുകളിലാക്കാനും വിതരണംചെയ്യാനുള്ള പ്രവര്‍ത്തനങ്ങളിലേക്കു തിരിയും. റമദാന്‍ ചന്തകളുടെ പ്രവര്‍ത്തനം അതോടെ അവസാനിക്കും. 25നും 26നും മാത്രമാകും റമദാന്‍ ചന്തകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുക. 46 കേന്ദ്രത്തില്‍ മാത്രമാണ് റമദാന്‍ ചന്തയുള്ളത്. ഇക്കുറി ബിരിയാണി അരിക്ക് സബ്സിഡി പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്തെ അഞ്ച് മെട്രോ പീപ്പിള്‍ ബസാറും 11 ടൗണ്‍ ബസാറും വ്യാഴാഴ്ച പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും. പീപ്പിള്‍ ബസാര്‍ ഒഴികെയുള്ള താലൂക്കുകേന്ദ്രങ്ങളിലെ ഓണംവിപണികളും സൂപ്പര്‍മാര്‍ക്കറ്റ്, മാവേലിസ്റ്റോര്‍ എന്നിവയടക്കമുള മിനി ഫെയറുകളും അഞ്ചു ദിവസവും പ്രവര്‍ത്തിക്കും.

deshabhimani 240811

1 comment:

  1. സംസ്ഥാനത്ത് ഇക്കുറി സപ്ലൈകോയുടെ റമദാന്‍ ചന്തകള്‍ പ്രവര്‍ത്തിക്കുക രണ്ടുദിവസംമാത്രം. 27 മുതല്‍ സപ്ലൈകോയുടെ എല്ലാ വിതരണകേന്ദ്രവും ഓണക്കിറ്റ് വിതരണകേന്ദ്രങ്ങളാക്കുന്നതിനെത്തുടര്‍ന്നാണ് അഞ്ചു ദിവസത്തേക്ക് തീരുമാനിച്ച റമദാന്‍ചന്തകള്‍ രണ്ടു ദിവസത്തേക്ക് ചുരുങ്ങുന്നത്. മുന്‍ വര്‍ഷങ്ങളില്‍ റമദാന്‍ ചന്ത രണ്ടാഴ്ചയിലേറെ പ്രവര്‍ത്തിച്ചിരുന്നു.

    ReplyDelete