Monday, August 1, 2011

സിറിയയില്‍ പോരാട്ടം രൂക്ഷമായി: മരണം 45ലേറെ

ഡമാസ്‌കസ്: സിറിയയില്‍ വിമതരും സര്‍ക്കാര്‍ സൈന്യവും തമ്മിലുളള പോരാട്ടം രൂക്ഷമായി. വടക്കന്‍ നഗരമായ ഹമായില്‍ ഇരു പക്ഷവും തമ്മിലുളള ഏറ്റുമുട്ടലില്‍ 45 ലേറെപ്പേര്‍ മരിച്ചു. പ്രക്ഷോഭകരെ തുരത്താന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. സായുധരായ അക്രമിസംഘം സിറിയയിലെങ്ങും കലാപം സൃഷ്ടിക്കാനുളള ശ്രമത്തിലാണെന്നും ഇതിനെ ശക്തമായി അടിച്ചമര്‍ത്തുമെന്നും സിറിയന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു. വിമതര്‍ പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുകയും പൊതുസ്വത്ത് കൊളളയടിക്കുകയും ചെയ്തതായും വക്താവ് പറഞ്ഞു. രണ്ട് സൈനികരെ സായുധസംഘം കൊലപ്പെടുത്തുകയും ചെയ്തതോടെയാണ് കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്ന് വക്താവ് വെളിപ്പെടുത്തി.

ഇതിനിടെ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന സിറിയന്‍ സര്‍ക്കാരിനെതിരെ അന്താരാഷ്ട്രതലത്തില്‍ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന ആവശ്യവുമായി അമേരിക്ക രംഗത്തെത്തി. കാലാനുസൃതമായ രീതിയില്‍ രാജ്യത്തെ ജനാധിപത്യനടപടിക്രമങ്ങള്‍ പരിഷ്‌കരിക്കുമെന്നും സേവന വേതനവ്യവസ്ഥകള്‍ പരിഷ്‌കരിക്കുമെന്നും പ്രക്ഷോഭകര്‍ക്ക് അസദ് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പാശ്ചാത്യശക്തികളുടെ പിന്തുണ ലഭിച്ച പ്രക്ഷോഭകര്‍ ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ തളളിക്കളയുകയായിരുന്നു. അസദ് സ്ഥാനമൊഴിയാതെ ഒരൊത്തുതീര്‍പ്പിനും തയ്യാറല്ലെന്ന നിലപാടിലാണ് വിമതര്‍. അടുത്തുവരുന്ന പരിശുദ്ധ റംസാന്‍ മാസത്തില്‍ പ്രക്ഷോഭം ശക്തിപ്രാപിക്കാനുളള സാധ്യത മുന്നില്‍ കണ്ട് സൈനികനടപടികള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് മധ്യത്തോടെ ആരംഭിച്ച സംഘര്‍ഷങ്ങളില്‍ പ്രക്ഷോഭകരും സൈനികരും സാധാരണക്കാരുമുള്‍പ്പെടെ 1500 ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

janayugom 010811

1 comment:

  1. സിറിയയില്‍ വിമതരും സര്‍ക്കാര്‍ സൈന്യവും തമ്മിലുളള പോരാട്ടം രൂക്ഷമായി. വടക്കന്‍ നഗരമായ ഹമായില്‍ ഇരു പക്ഷവും തമ്മിലുളള ഏറ്റുമുട്ടലില്‍ 45 ലേറെപ്പേര്‍ മരിച്ചു. പ്രക്ഷോഭകരെ തുരത്താന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. സായുധരായ അക്രമിസംഘം സിറിയയിലെങ്ങും കലാപം സൃഷ്ടിക്കാനുളള ശ്രമത്തിലാണെന്നും ഇതിനെ ശക്തമായി അടിച്ചമര്‍ത്തുമെന്നും സിറിയന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു. വിമതര്‍ പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുകയും പൊതുസ്വത്ത് കൊളളയടിക്കുകയും ചെയ്തതായും വക്താവ് പറഞ്ഞു. രണ്ട് സൈനികരെ സായുധസംഘം കൊലപ്പെടുത്തുകയും ചെയ്തതോടെയാണ് കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്ന് വക്താവ് വെളിപ്പെടുത്തി.

    ReplyDelete