Monday, August 1, 2011

ഡീസല്‍, എല്‍ പി ജി വിലനിയന്ത്രണം നീക്കും: പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: ഡീസലിന്റെയും പാചക വാതകത്തിന്റെയും വില നിയന്ത്രണം നീക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി. രാജ്യാന്തര വിപണിയിലെ വിലമാറ്റങ്ങള്‍ക്കനുസരിച്ച് ആഭ്യന്തര വിപണിയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമുണ്ടാവണമെന്നാണ് സര്‍ക്കാര്‍ നയമെന്ന് മുഖര്‍ജി വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

പെട്രോള്‍ വിലനിയന്ത്രണം ഇതിനകം തന്നെ എടുത്തുകളഞ്ഞിട്ടുണ്ടെന്ന് മുഖര്‍ജി ചൂണ്ടിക്കാട്ടി. ഇതേ മാതൃകയില്‍ ഡീസല്‍, പാചക വാതക വില നിയന്ത്രണം നീക്കുന്ന കാര്യമാണ് ആലോചനയിലുള്ളത്. മണ്ണെണ്ണയുടെ വില നിയന്ത്രണം നീക്കല്‍ പരിഗണനയിലില്ലെന്ന് മുഖര്‍ജി പറഞ്ഞു. വൈദ്യുതി എത്താത്ത പ്രദേശങ്ങളില്‍ ആളുകള്‍ വെളിച്ചത്തിനു വേണ്ടി പ്രധാനമായും മണ്ണെണ്ണ വിളക്കുകളെയാണ് ആശ്രയിക്കുന്നത്. അവര്‍ക്ക് സബ്‌സിഡി നിരക്കില്‍ തുടര്‍ന്നും മണ്ണെണ്ണ നല്‍കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വിലനിര്‍ണയത്തില്‍നിന്ന് പിന്മാറിയ ശേഷം ഒന്‍പതു തവണ എണ്ണ കമ്പനികള്‍ പെട്രോള്‍ വില കൂട്ടിയിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ വിലവര്‍ധനയുടെ കണക്കുവച്ചു നോക്കുമ്പോള്‍ ഇപ്പോഴും പെട്രോള്‍ വില്‍പ്പന നഷ്ടത്തിലാണെന്നു ചൂണ്ടിക്കാട്ടി വീണ്ടും വില ഉയര്‍ത്തുന്ന കാര്യം കമ്പനികള്‍ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. വിലനിയന്ത്രണം നീക്കുന്നതോടെ ഡീസലിന് ചുരുങ്ങിയത് അഞ്ചു രൂപയുടെയും എല്‍ പി ജിക്ക് 400 രൂപയുടെയും വര്‍ധനയുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ഇന്ധന സബ്‌സിഡിയില്‍നിന്ന് പിന്മാറുന്നതു സംബന്ധിച്ച് വിവിധ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാരിനു മുന്നിലുണ്ട്. കിരീത് പരീഖ് സമിതി റിപ്പോര്‍ട്ട് അനുസരിച്ചാണ് പെട്രോള്‍ വിലനിയന്ത്രണം സ്വതന്ത്രമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മറ്റ് ഇന്ധനങ്ങളുടെയും വില നിര്‍ണയിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പരീഖ് സമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. സബ്‌സിഡി നിരക്കില്‍ നല്‍കുന്ന പാചക വാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്യുന്ന പെട്രോളിയം മന്ത്രാലയത്തിന്റെ ആവശ്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

സബ്‌സിഡികള്‍ നേരിട്ട് ഉപഭോക്താക്കള്‍ക്കു നല്‍കണമെന്ന നന്ദന്‍ നിലേഖനി സമിതിയുടെ ശുപാര്‍ശ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. പൈലറ്റ് പദ്ധതി നടപ്പാക്കിയശേഷം അതിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ തിരുത്തലുകളോടെ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. തമിഴ്‌നാട്, അസം, മഹാരാഷ്ട്ര, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ ഒക്‌ടോബര്‍ മുതല്‍ പൈലറ്റ് പദ്ധതി നടപ്പാക്കും.

janayugom 010811

1 comment:

  1. ഡീസലിന്റെയും പാചക വാതകത്തിന്റെയും വില നിയന്ത്രണം നീക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി. രാജ്യാന്തര വിപണിയിലെ വിലമാറ്റങ്ങള്‍ക്കനുസരിച്ച് ആഭ്യന്തര വിപണിയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമുണ്ടാവണമെന്നാണ് സര്‍ക്കാര്‍ നയമെന്ന് മുഖര്‍ജി വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

    ReplyDelete