Monday, August 22, 2011

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനെ പുരോഗതിയിലേക്ക് നയിച്ച ആള്‍ക്ക് സസ്പെന്‍ഷന്‍

അനധികൃതമായി കൈപ്പറ്റിയ ലക്ഷങ്ങള്‍ പലിശയടക്കംസ്ഥാപനത്തിന് തിരികെ അടയ്ക്കേണ്ട എം ആര്‍ തമ്പാനെ വീണ്ടും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിച്ചപ്പോള്‍ സ്ഥാപനത്തെ വന്‍ നഷ്ടത്തില്‍നിന്ന് കരകയറ്റിയ മുന്‍ ഡയറക്ടര്‍ ഡോ. പി കെ പോക്കര്‍ക്ക് സസ്പെന്‍ഷന്‍ . ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനെ വിലകുറഞ്ഞ രാഷ്ട്രീയ പകപോക്കലിന്റെ വേദിയാക്കിയിരിക്കയാണ് യുഡിഎഫ് സര്‍ക്കാര്‍ . എം ആര്‍ തമ്പാന്‍ മുമ്പ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആയിരിക്കെ അനധികൃതമായി 8.15 ലക്ഷം രൂപ കൈപ്പറ്റിയെന്ന് ധനവകുപ്പിന്റെ 2008ലെ പരിശോധനയില്‍ വെളിപ്പെട്ടിരുന്നു. തുടര്‍ന്ന് പലിശസഹിതം പണം തിരിച്ചടയ്ക്കാന്‍ സാംസ്കാരിക ഡയറക്ടറേറ്റ് ഉത്തരവ് ഇറക്കി. പലിശയടക്കം ഇപ്പോള്‍ ഇത് 15 ലക്ഷം രൂപയിലധികം വരും. ഇതിനെ ചോദ്യംചെയ്ത് അദ്ദേഹം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പായിട്ടില്ല. ഇതൊന്നും മുഖവിലയ്ക്കെടുക്കാതെയാണ് യുഡിഎഫ് സര്‍ക്കാര്‍ തമ്പാനെ വീണ്ടും ഡയറക്ടറാക്കിയത്. ഇതോടെ തമ്പാനെതിരായ കേസ് ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടി ഇനി തമ്പാന്‍തന്നെ നടത്തും.

1995 ഏപ്രില്‍ ഒന്നിനാണ് തമ്പാന്‍ ഡയറക്ടറായത്. 2000 ഒക്ടോബര്‍ 30ന് വിരമിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു വിരമിച്ച ആളെ വീണ്ടും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറാക്കുന്ന കീഴ്വഴക്കം ഇല്ല. എന്‍സൈക്ലോപീഡിയ ഡയറക്ടറായും എം എം ഹസ്സന്‍ മന്ത്രിയായപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായും തമ്പാന്‍ പ്രവര്‍ത്തിച്ചിരുന്നു. കെപിസിസിയുടെ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ സെക്രട്ടറിയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ച് തമ്പാന്‍ എഡിറ്റുചെയ്ത പുസ്തകം പ്രകാശനം ചെയ്തതിന് തൊട്ടു പിന്നാലെയാണ് ഡയറക്ടറായുള്ള നിയമനം. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തമ്പാന്‍ നടത്തിയ ക്രമക്കേടുകള്‍ മറച്ചുപിടിക്കാനാണ് ഡോ.പി കെ പോക്കറിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് നടപടിയെന്ന് ഇതോടെ വ്യക്തമാകുന്നു.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരിക്കെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ഫിലോസഫി വിഭാഗം പ്രൊഫസര്‍ സ്ഥാനത്തുനിന്നാണ് കലിക്കറ്റ് സര്‍വകലാശാല ഡോ. പി കെ പോക്കറെ സസ്പെന്‍ഡ് ചെയ്തത്. സ്വകാര്യ വ്യക്തിയുടെ പരാതിയില്‍ വിജിലന്‍സ് കമീഷണര്‍ നടത്തിയ അന്വേഷണത്തില്‍ ഡോ. പോക്കര്‍ക്കെതിരെ സാമ്പത്തിക ക്രമക്കേട് ഒന്നുംതന്നെ കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് തിരുവനന്തപുരം സിജെഎം കോടതിയും ആരോപണം തള്ളി. തെളിയിക്കപ്പെടാത്ത ആരോപണത്തിന്റെ പേരിലുള്ള നടപടി യുഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കല്‍ വ്യക്തമാക്കുന്നു. ഡോ.പോക്കര്‍ ഡയറക്ടര്‍ ആയിരിക്കെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വന്‍ നേട്ടമാണ് കൈവരിച്ചത്. നിരവധി ഗവേഷണ ഗ്രന്ഥങ്ങളടക്കം നൂറുകണക്കിന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും കോടിക്കണക്കിനു രൂപയുടെ വിറ്റുവരവുണ്ടാക്കുകയുംചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ടിനെ ലാഭത്തിലെത്തിക്കാനും കഴിഞ്ഞ ഭരണകാലയളവില്‍ സാധിച്ചു.

deshabhimani 220811

2 comments:

  1. അനധികൃതമായി കൈപ്പറ്റിയ ലക്ഷങ്ങള്‍ പലിശയടക്കംസ്ഥാപനത്തിന് തിരികെ അടയ്ക്കേണ്ട എം ആര്‍ തമ്പാനെ വീണ്ടും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിച്ചപ്പോള്‍ സ്ഥാപനത്തെ വന്‍ നഷ്ടത്തില്‍നിന്ന് കരകയറ്റിയ മുന്‍ ഡയറക്ടര്‍ ഡോ. പി കെ പോക്കര്‍ക്ക് സസ്പെന്‍ഷന്‍ . ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനെ വിലകുറഞ്ഞ രാഷ്ട്രീയ പകപോക്കലിന്റെ വേദിയാക്കിയിരിക്കയാണ് യുഡിഎഫ് സര്‍ക്കാര്‍ . എം ആര്‍ തമ്പാന്‍ മുമ്പ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആയിരിക്കെ അനധികൃതമായി 8.15 ലക്ഷം രൂപ കൈപ്പറ്റിയെന്ന് ധനവകുപ്പിന്റെ 2008ലെ പരിശോധനയില്‍ വെളിപ്പെട്ടിരുന്നു. തുടര്‍ന്ന് പലിശസഹിതം പണം തിരിച്ചടയ്ക്കാന്‍ സാംസ്കാരിക ഡയറക്ടറേറ്റ് ഉത്തരവ് ഇറക്കി. പലിശയടക്കം ഇപ്പോള്‍ ഇത് 15 ലക്ഷം രൂപയിലധികം വരും. ഇതിനെ ചോദ്യംചെയ്ത് അദ്ദേഹം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പായിട്ടില്ല. ഇതൊന്നും മുഖവിലയ്ക്കെടുക്കാതെയാണ് യുഡിഎഫ് സര്‍ക്കാര്‍ തമ്പാനെ വീണ്ടും ഡയറക്ടറാക്കിയത്. ഇതോടെ തമ്പാനെതിരായ കേസ് ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടി ഇനി തമ്പാന്‍തന്നെ നടത്തും.

    ReplyDelete
  2. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന പി കെ പോക്കറെ കോഴിക്കോട് സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സര്‍വകലാശാല ഫിലോസഫിവിഭാഗം പ്രൊഫസറായ തന്നെ സസ്പെന്‍ഡ്ചെയ്യാന്‍ വൈസ് ചാന്‍സലറുടെ ചുമതല വഹിച്ചിരുന്ന ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് അധികാരമില്ലെന്നു പരാതിപ്പെട്ട് പി കെ പോക്കര്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ജസ്റ്റിസ് ടി ആര്‍ രാമചന്ദ്രന്‍നായരുടെ ഉത്തരവ്. വൈസ്ചാന്‍സലര്‍ നിയമിതനായതിനുശേഷമാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വൈസ്ചാന്‍സലറുടെ അധികാരമുപയോഗിച്ച് സസ്പെന്‍ഷന്‍ ഉത്തരവിട്ടത്. സസ്പെന്‍ഷന് കാരണമില്ലെന്നും രാഷ്ട്രീയപ്രേരിതമായ നടപടിയാണ് തനിക്കെതിരെ സ്വീകരിച്ചതെന്നും ഹര്‍ജിയില്‍ പറഞ്ഞു. ഹര്‍ജിയില്‍ സര്‍ക്കാരിനും കോഴിക്കോട് സര്‍വകലാശാലയ്ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു.

    ReplyDelete