Sunday, August 14, 2011

ആഗോള തീവ്രവാദം: മുഖ്യഹേതു യുഎസ് നടപടികള്‍ -എ കെ പാഷ

കോഴിക്കോട്: പലസ്തീനെതിരായ യു എസ് നടപടികളാണ് മേഖലയെ ആഗോള തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമാക്കുന്നതെന്ന് ജെഎന്‍യുവിലെ സെന്റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് വിഭാഗം പ്രൊഫസര്‍ എ കെ പാഷ. പശ്ചിമേഷ്യയില്‍ ഇസ്രയേലിനെ ശക്തിപ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. ഇസ്രയേലിന്റെ ആക്രമണങ്ങളെ ചെറുത്തുനില്‍ക്കാനുള്ള പലസ്തീന്‍ ജനതയുടെ അവകാശംപോലും യു എസ് ചോദ്യംചെയ്യുകയാണ്. സി എച്ച് കണാരന്‍ ജന്മ ശതാബ്ദിയോടനുബന്ധിച്ച് കേളു ഏട്ടന്‍ പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാറില്‍ ശീതയുദ്ധാനന്തര സാമ്രാജ്യത്വ ഇടപെടല്‍ എന്ന സെഷനില്‍ "പലസ്തീന്‍ , സയണിസം, എണ്ണ രാഷ്ട്രീയം" എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ആണവായുധം നിര്‍മിക്കുന്നെന്ന് ആരോപിച്ച് ഇറാനെതിരെ യുദ്ധം നയിക്കാനൊരുങ്ങുന്ന അമേരിക്ക ഇസ്രയേലിന്റെ ആണവായുധശേഷി വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇസ്രയേലിനെ മറയാക്കി മധ്യധരണ്യാഴിയിലെ എണ്ണ സമ്പത്തിന്റെ പൂര്‍ണാവകാശം സ്വന്തമാക്കുകയാണ് ലക്ഷ്യം. ലോക രാഷ്ട്രങ്ങളിലെല്ലാം ആഭ്യന്തര പ്രശ്നമായി ഉയരുന്ന തീവ്രവാദത്തിന് അന്താരാഷ്ട്ര മുഖം നല്‍കി ആഗോള ശക്തിയാകുകയെന്നതാണ് യു എസ് അജന്‍ഡ. തീവ്രവാദത്തിനെതിരാണെന്ന വ്യാജേന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുഎസ് അധിനിവേശം തുടരുകയാണ്. അത് നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തിവരെയെത്തി. അടുത്ത ലക്ഷ്യം ഇന്ത്യയാണ്. അയല്‍രാജ്യമായ ചൈനയെ നമ്മുടെ ശത്രുപക്ഷത്ത് നിര്‍ത്താനാണ് യുഎസ് ശ്രമിക്കുന്നത്- പാഷ പറഞ്ഞു. ജനാധിപത്യം കോര്‍പറേറ്റിസത്തിന്റെ മുന്നില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇന്നുള്ളതെന്ന് സെമിനാറില്‍ മോഡറേറ്ററായിരുന്ന ഡോ. കെ എന്‍ ഗണേശ് പറഞ്ഞു.

deshabhimani 140811

1 comment:

  1. പലസ്തീനെതിരായ യു എസ് നടപടികളാണ് മേഖലയെ ആഗോള തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമാക്കുന്നതെന്ന് ജെഎന്‍യുവിലെ സെന്റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് വിഭാഗം പ്രൊഫസര്‍ എ കെ പാഷ. പശ്ചിമേഷ്യയില്‍ ഇസ്രയേലിനെ ശക്തിപ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. ഇസ്രയേലിന്റെ ആക്രമണങ്ങളെ ചെറുത്തുനില്‍ക്കാനുള്ള പലസ്തീന്‍ ജനതയുടെ അവകാശംപോലും യു എസ് ചോദ്യംചെയ്യുകയാണ്. സി എച്ച് കണാരന്‍ ജന്മ ശതാബ്ദിയോടനുബന്ധിച്ച് കേളു ഏട്ടന്‍ പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാറില്‍ ശീതയുദ്ധാനന്തര സാമ്രാജ്യത്വ ഇടപെടല്‍ എന്ന സെഷനില്‍ "പലസ്തീന്‍ , സയണിസം, എണ്ണ രാഷ്ട്രീയം" എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete