Monday, August 1, 2011

വിദേശനിക്ഷേപം കാര്‍ഷിക ചൂഷണത്തിനും വഴിയൊരുക്കും: എസ് ആര്‍ പി

ചാലക്കുടി: ചില്ലറ വ്യപാരരംഗത്തേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം വരുന്നത് കാര്‍ഷിക മേഖലയുള്‍പ്പെടെ എല്ലാ മേഖലയിലും ചൂഷണത്തിന് അവസരമൊരുക്കുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭാ പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. കിസാന്‍സഭ 75-ാം വാര്‍ഷികത്തിന്റെ തൃശൂര്‍ ജില്ലാ ആഘോഷം കുറ്റിച്ചിറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തു നടപ്പാക്കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങളും ഭരണവീഴ്ചയുമാണ് കര്‍ഷകരുടെ ദുരിതത്തിന് കാരണം. ചരിത്രത്തില്‍ ഉണ്ടാവാത്തവിധം ഗുരുതരമായ കാര്‍ഷിക-സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. കടം കയറി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ബാക്കിപത്രം. ഒരുഭാഗത്ത് കൃഷി അനാദായകരമായി മാറുമ്പോള്‍ മറുഭാഗത്ത് ഉല്‍പ്പാദനക്ഷമത കുറയുന്നു. കടക്കെണിയിലാകുന്ന കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. കൊള്ളപ്പലിശക്കാരില്‍ നിന്ന് കടം വാങ്ങാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയാണ്. തിരിച്ചുകൊടുക്കാനാവാതെ ആത്മഹത്യയിലേക്കും നീങ്ങുന്നു. നവ ഉദാരവല്‍ക്കരണകാലം തുടങ്ങിയ ശേഷം രണ്ടുലക്ഷത്തോളം കര്‍ഷകര്‍ആത്മഹത്യ ചെയ്തു. ഭൂരിഭാഗംപേര്‍ക്കും കൃഷി നഷ്ടമായതോടെ ഭൂമിയും കന്നുകളും വില്‍ക്കുന്നു. ആഗോളവല്‍ക്കരണം തുടങ്ങിയശേഷം ഭൂമിയില്ലാത്തവരുടെ എണ്ണം 21 ശതമാനത്തില്‍നിന്നും 41 ശതമാനമായി. കോര്‍പറേറ്റുകള്‍ ഭൂമി കൈയടക്കിയതുമൂലം 10 കോടി കര്‍ഷകര്‍ സ്വന്തം മണ്ണില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. സ്വന്തം വിളകള്‍ പേറ്റന്റ് അവകാശംവഴി കുത്തകകള്‍ കൈയടക്കുന്നു. വിത്ത് ഉല്‍പ്പാദിപ്പിക്കാനും ഉപയോഗിക്കാനും വിതരണം ചെയ്യാനുമുള്ള കര്‍ഷകരുടെ അവകാശം ഇല്ലാതാക്കുന്ന വിത്തുബില്‍ നടപ്പാക്കാനാണ് കേന്ദ്രനീക്കം. കേന്ദ്രസര്‍ക്കാര്‍ സബ്സിഡി ഉപേക്ഷിച്ചതോടെ വളത്തിന് വില വര്‍ധിച്ചു പൂഴ്ത്തിവയ്പുമൂലം വളം വിപണിയിലും ഊഹക്കച്ചവടം ശക്തമാണ്. കീടനാശിനിയും കാര്‍ഷിക ഉപകരണങ്ങളുമെല്ലാം കോര്‍പറേറ്റുകള്‍ കൈയടക്കി. ഇതിനെതിരെ കര്‍ഷകപ്രസ്ഥാനം പ്രക്ഷോഭം ശക്തമാക്കണമെന്നും എസ്ആര്‍പി പറഞ്ഞു.

deshabhimani 010811

1 comment:

  1. ല്ലറ വ്യപാരരംഗത്തേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം വരുന്നത് കാര്‍ഷിക മേഖലയുള്‍പ്പെടെ എല്ലാ മേഖലയിലും ചൂഷണത്തിന് അവസരമൊരുക്കുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭാ പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. കിസാന്‍സഭ 75-ാം വാര്‍ഷികത്തിന്റെ തൃശൂര്‍ ജില്ലാ ആഘോഷം കുറ്റിച്ചിറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete