Monday, August 1, 2011

എരുത്വാപ്പുഴ കോളനിക്കാര്‍ ഊരുമൂപ്പനെ തെരഞ്ഞെടുത്തത് ബാലറ്റിലൂടെ...

കാഞ്ഞിരപ്പള്ളി: വോട്ടുകള്‍ പലതു ചെയ്തിട്ടുണ്ടെങ്കിലും കന്നിവോട്ട് ചെയ്യുന്നതിന്റെ ത്രില്ലിലായിരുന്നു എരുത്വാപ്പുഴ മലവേടര്‍ കോളനിവാസികള്‍ . ബാലറ്റിലൂടെ ഊരുമൂപ്പനെ തെരഞ്ഞെടുക്കാനുളള പോരാട്ടത്തില്‍ വാശിയോടെ അവര്‍ പങ്കാളികളായി. ഒടുവില്‍ വരണാധികാരിയുടെ അനൗണ്‍സ്മെന്റെത്തി "44 വോട്ടു നേടിയ സി കെ തങ്കപ്പനെ തെരഞ്ഞെടുത്തതായി ഞാന്‍ പ്രഖ്യാപിക്കുന്നു". മൂപ്പന്‍ തെരഞ്ഞെടുപ്പില്‍ ജനാധിപത്യം നടപ്പായതിന്റെ ആഘോഷത്തിലായി പിന്നെ കോളനിക്കാര്‍ .

എരുമേലി മുക്കൂട്ടുതറയ്ക്ക് സമീപമാണ് മലവേടസമുദായം പാര്‍ക്കുന്ന എരുത്വാപ്പുഴ കോളനി. വര്‍ഷങ്ങളായി ഇവിടെ ഊരുമൂപ്പനെ തെരഞ്ഞെടുത്തിരുന്നത് പൊതുനിര്‍ദേശപ്രകാരമായിരുന്നു. കഴിഞ്ഞദിവസം ഏരുമേലി പഞ്ചായത്ത് ഗ്രാമസഭായോഗത്തിന്റെ ഭാഗമായി ചേര്‍ന്ന ഊരുകൂട്ടത്തിലാണ് ഇനിമുതല്‍ മൂപ്പനെ ബാലറ്റിലൂടെ തെരഞ്ഞെടുക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. എല്ലാവരും ഇത് അംഗീകരിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പ്ചര്‍ച്ച ആരംഭിച്ചു. ആകെ വോട്ടര്‍മാര്‍ 147. മത്സരിക്കാന്‍ രംഗത്തിറങ്ങിയത് അഞ്ചുപേര്‍ . കസേര, നിലവിളക്ക്, ശംഖ്, സുര്യന്‍ , ഷട്ടില്‍ബാറ്റ് എന്നിങ്ങനെ ചിഹ്നങ്ങളും നിശ്ചയിച്ചു. തങ്കപ്പനെ കൂടാതെ പി ജി കേശവന്‍ , എം ജി ജയന്‍ , അമ്മിണി മണിയന്‍ , സരസമ്മ കുട്ടപ്പന്‍ എന്നിവരും തെരഞ്ഞെടുപ്പില്‍ ഒരു കൈ പയറ്റി. കോളനിയിലെ ഏക ബിരുദധാരി രതീഷ് ഗോപി വരണാധികാരിയായി തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ പോസ്റ്റല്‍ ബാലറ്റ്പോലും അസാധുവാകുന്ന കാലത്ത് മലവേടര്‍ കോളനിയിലെ വോട്ടെടുപ്പില്‍ ആകെയുണ്ടായ അസാധു നാലെണ്ണം മാത്രം. 147 പേര്‍ക്കായിരുന്നു വോട്ടവകാശമെങ്കിലും വിനിയോഗിച്ചത് 120 പേര്‍ .
ഞായറാഴ്ച രാവിലെ ഏഴിനാരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്ക് ഒന്നോടെ അവസാനിച്ചു. വാശിയോടെയായിരുന്നു തെരഞ്ഞെടുപ്പു പ്രചാരണവും. ആകര്‍ഷകമായ ഫ്ളക്സ് ബോര്‍ഡോ പ്രകടനപത്രികയോ ഇല്ലെങ്കിലും കൈയെഴുത്തുപോസ്റ്ററുകള്‍ കോളനിയുടെ മുക്കിലും മൂലയിലും സ്ഥാനം പിടിച്ചു. വിവിധ പ്രദേശങ്ങളിലായി ചിന്നിച്ചിതറി കിടന്നിരുന്ന മലവേടര്‍ക്ക് 28 വര്‍ഷം മുമ്പാണ് എരുത്വാപ്പുഴയില്‍ കോളനി അനുവദിച്ചത്. അന്ന് 88 കുടുംബങ്ങള്‍ക്ക് 15 സെന്റ് സ്ഥലം വീതം അനുവദിച്ചെങ്കിലും 68 കുടുംബങ്ങള്‍ മാത്രമാണ് ഇവിടേയ്ക്ക് മാറി താമസിച്ചത്. മറ്റുള്ളവര്‍ വനത്തില്‍ കഴിഞ്ഞുകൂടി. ലിപികളില്ലാത്ത പ്രത്യേകതരം ഭാഷയാണ് ഇവര്‍ കോളനിയില്‍ സംസാരിക്കുന്നത്. എന്നാല്‍ നാട്ടുകാരോട് കലര്‍പ്പില്ലാത്തത മലയാളംതന്നെ സംസാരിക്കും. മലവേടര്‍ക്ക് മുന്നിലുള്ള നിരവധി പ്രള്നങ്ങള്‍ക്ക് പരിഹാരം തേടാനുള്ള നിയോഗമാണ് പുതിയ ഊരുമൂപ്പനു മുന്നിലുള്ളത്.
(ഇക്ബാല്‍ ഇല്ലത്തുപറമ്പില്‍)

deshabhimani 010811

1 comment:

  1. വോട്ടുകള്‍ പലതു ചെയ്തിട്ടുണ്ടെങ്കിലും കന്നിവോട്ട് ചെയ്യുന്നതിന്റെ ത്രില്ലിലായിരുന്നു എരുത്വാപ്പുഴ മലവേടര്‍ കോളനിവാസികള്‍ . ബാലറ്റിലൂടെ ഊരുമൂപ്പനെ തെരഞ്ഞെടുക്കാനുളള പോരാട്ടത്തില്‍ വാശിയോടെ അവര്‍ പങ്കാളികളായി. ഒടുവില്‍ വരണാധികാരിയുടെ അനൗണ്‍സ്മെന്റെത്തി "44 വോട്ടു നേടിയ സി കെ തങ്കപ്പനെ തെരഞ്ഞെടുത്തതായി ഞാന്‍ പ്രഖ്യാപിക്കുന്നു". മൂപ്പന്‍ തെരഞ്ഞെടുപ്പില്‍ ജനാധിപത്യം നടപ്പായതിന്റെ ആഘോഷത്തിലായി പിന്നെ കോളനിക്കാര്‍ .

    ReplyDelete