Tuesday, August 2, 2011

കോണ്‍ഗ്രസ് ഒറ്റപ്പെട്ടു; മദ്യനയം തിരുത്തും

സര്‍ക്കാരിന്റെ മദ്യനയത്തിന് യുഡിഎഫ് യോഗത്തില്‍ നിശിതവിമര്‍ശം. ഇതേത്തുടര്‍ന്ന് നയം മാറ്റാന്‍ തീരുമാനിച്ചു. മദ്യഷാപ്പ് അനുവദിക്കുന്നതിന് പഞ്ചായത്തിന് അധികാരം നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി മുസ്ലിംലീഗും കള്ളുവ്യവസായം സംരക്ഷിക്കാന്‍ നടപടിവേണമെന്ന നിര്‍ദേശവുമായി ജെഎസ്എസും എത്തി. ബാറുകളുടെ പ്രവര്‍ത്തനസമയം അര്‍ധരാത്രിവരെ നീട്ടിയതിനെതിരെ മറ്റു കക്ഷികളും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചു. വേണ്ടത്ര ആലോചനയില്ലാതെ നയം മന്ത്രിസഭയില്‍ കൊണ്ടുവന്നതിലും രൂക്ഷമായ എതിര്‍പ്പുണ്ടായി. ഇതെല്ലാം പരിഗണിക്കുമെന്നും ആവശ്യമായ മാറ്റംവരുത്താമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കി. നയം മാറ്റുമെന്ന് മുന്നണി കണ്‍വീനര്‍ പി പി തങ്കച്ചന്‍ പിന്നീട് വാര്‍ത്താലേഖകരെയും അറിയിച്ചു.

ബോര്‍ഡ്-കോര്‍പറേഷന്‍ പുനഃസംഘടനയില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കിയ വിമര്‍ശമാണ് യോഗത്തിലുയര്‍ന്നത്. ഏകപക്ഷീയമായി നിയമനം നടത്തിയ കോണ്‍ഗ്രസ് നടപടിയെ ഘടകകക്ഷികള്‍ എതിര്‍ത്തു. എന്നാല്‍ , സാംസ്കാരിക സ്ഥാപനങ്ങളിലെ നിയമനങ്ങളെ രാഷ്ട്രീയ നിയമനമായി കാണരുതെന്നായിരുന്നു കോണ്‍ഗ്രസ് വിശദീകരണം. വ്രണിത ഹൃദയരായാണ് തങ്ങള്‍ ഈ യോഗത്തില്‍ പങ്കെടുക്കുന്നതെന്നാണ് സോഷ്യലിസ്റ്റ് ജനത പ്രതിനിധി വറുഗീസ് ജോര്‍ജ് പറഞ്ഞത്. അന്തസ്സായ പെരുമാറ്റം യുഡിഎഫില്‍ നിന്ന് കിട്ടുമെന്നാണ് കരുതിയത്. അതുണ്ടായില്ല. മുന്നണി ഞങ്ങളുടേതു കൂടിയാണെന്നു കരുതാന്‍ പാകത്തിലല്ല ഭരണവും മുന്നണിയും പോകുന്നത്. മുന്നണി ഒറ്റക്കെട്ടാണെന്ന തോന്നല്‍ ഇപ്പോള്‍ ഞങ്ങള്‍ക്കില്ല. അതിനു മാറ്റം വേണമെന്ന സോഷ്യലിസ്റ്റ് ജനതയുടെ ആവശ്യത്തെ കോണ്‍ഗ്രസും ലീഗും ഒഴികെയുള്ള കക്ഷികള്‍ പിന്താങ്ങി. ഇതേത്തുടര്‍ന്ന് ബോര്‍ഡ്, കോര്‍പറേഷന്‍ പുനഃസംഘടനയ്ക്ക് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച ബുധന്‍ , വ്യാഴം ദിവസങ്ങളില്‍ നടത്താന്‍ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി.

ബാലകൃഷ്ണപിള്ളയുടെ ജയില്‍മോചനവും തര്‍ക്കവിഷയമായി. പിള്ളയെ മോചിപ്പിക്കണമെന്ന നിലപാട് കേരള കോണ്‍ഗ്രസ് ബി നേതാവ് വേണുഗോപാലന്‍നായര്‍ ആവര്‍ത്തിച്ചു. മറ്റു കക്ഷിക്കാരും പൊതുവില്‍ പിന്താങ്ങി. എന്നാല്‍ , ഉടന്‍ മോചനം അസാധ്യമാണെന്നും ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാമെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. അടുത്ത യോഗം 16ന് ചേരും.

ബസ് ചാര്‍ജ് വര്‍ധനയ്ക്ക് യുഡിഎഫ് അംഗീകാരം

ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് യുഡിഎഫ് യോഗം അംഗീകാരം നല്‍കിയതായി കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മിനിമം ചാര്‍ജ് അഞ്ചുരൂപയായി വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. ആറു രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. ഈ ആവശ്യം കൂടി പരിഗണിച്ച് ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ വേണ്ട തീരുമാനമെടുക്കണം. നിരക്ക് അഞ്ചുരൂപയ്ക്ക് മുകളിലേക്കുപോകുമോ എന്ന ചോദ്യത്തിന് അഞ്ചിനും ആറിനുമിടയ്ക്കാകാമല്ലോ എന്നായിരുന്നു മറുപടി. വിദ്യാര്‍ഥികളുടെ യാത്രാനിരക്കില്‍ മിനിമം ചാര്‍ജ് 50 പൈസയായി തുടരും. എന്നാല്‍ , അതിനു മുകളിലുള്ള നിരക്ക് ഉയരും.

വൈദ്യുതി നിരക്ക് യൂണിറ്റിന് 25 പൈസ വീതം വര്‍ധിപ്പിക്കാനുള്ള തീരുമാനം ഒക്ടോബര്‍ ഒന്നിന് നടപ്പാക്കിയാല്‍മതിയെന്ന് യോഗം നിര്‍ദേശിച്ചു. ബാലകൃഷ്ണപിള്ളയെ മോചിപ്പിക്കുന്ന വിഷയം യുഡിഎഫില്‍ ചര്‍ച്ചചെയ്യേണ്ട വിഷയമല്ല. മന്ത്രിസഭയാണ് തീരുമാനിക്കേണ്ടത്.

ഐടി മേഖലയെ പരിഗണിച്ചാണ് ബാര്‍ തുറന്നുവയ്ക്കാനുളള സമയം രാത്രി 12 വരെ നീട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയം പിന്‍വലിക്കണം: കെസിബിസി

കൊച്ചി: കേരളത്തില്‍ മദ്യലഭ്യത വര്‍ധിപ്പിക്കുന്ന സര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്ന് കേരള കത്തോലിക്ക മെത്രാന്‍സമിതി (കെസിബിസി) ആവശ്യപ്പെട്ടു. ടൂറിസത്തിന്റെ മറവില്‍ ഇനിയും ബാറുകള്‍ തുറക്കാനുള്ള നീക്കം ന്യായീകരിക്കാനാവില്ല. ചില വിദേശരാജ്യങ്ങളെപ്പോലെ ലൈംഗികതയും മയക്കുമരുന്നും മദ്യവും വിറ്റ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നത് അധാര്‍മികവും ജനവഞ്ചനയുമാണ്. ബാറുകളിലെ വരുമാനത്തിന്റെ ഭൂരിഭാഗവും മദ്യമുതലാളിമാരിലാണ് എത്തുന്നതെന്നത് സര്‍ക്കാര്‍ തിരിച്ചറിയണം.

മദ്യശാല വേണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കണം. രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയായി പ്രവര്‍ത്തനസമയം പരിമിതപ്പെടുത്തണം. ഭരണഘടനയുടെ 47-ാം അനുഛേദപ്രകാരം ഔഷധാവശ്യത്തിനു മാത്രമേ മദ്യം ഉല്‍പ്പാദിപ്പിക്കാവു. 1975-ലെ സുപ്രീംകോടതിവിധിപ്രകാരം മദ്യമുണ്ടാക്കാന്‍ സര്‍ക്കാരിനുപോലും അവകാശമില്ല. മദ്യത്തിന്റെ അമിത ഉപയോഗംമൂലം മലയാളികളില്‍ നല്ലൊരു ഭാഗം മാനസികരോഗികളായിത്തീരുന്നു. റോഡപകടങ്ങളും ആത്മഹത്യകളും വര്‍ധിക്കുന്നു. മദ്യവില്‍പ്പനയിലൂടെ ഭീമമായ വരുമാനം പ്രതീക്ഷിച്ച് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത് ജനദ്രോഹമാണെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ , സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 020811

1 comment:

  1. സര്‍ക്കാരിന്റെ മദ്യനയത്തിന് യുഡിഎഫ് യോഗത്തില്‍ നിശിതവിമര്‍ശം. ഇതേത്തുടര്‍ന്ന് നയം മാറ്റാന്‍ തീരുമാനിച്ചു. മദ്യഷാപ്പ് അനുവദിക്കുന്നതിന് പഞ്ചായത്തിന് അധികാരം നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി മുസ്ലിംലീഗും കള്ളുവ്യവസായം സംരക്ഷിക്കാന്‍ നടപടിവേണമെന്ന നിര്‍ദേശവുമായി ജെഎസ്എസും എത്തി. ബാറുകളുടെ പ്രവര്‍ത്തനസമയം അര്‍ധരാത്രിവരെ നീട്ടിയതിനെതിരെ മറ്റു കക്ഷികളും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചു. വേണ്ടത്ര ആലോചനയില്ലാതെ നയം മന്ത്രിസഭയില്‍ കൊണ്ടുവന്നതിലും രൂക്ഷമായ എതിര്‍പ്പുണ്ടായി. ഇതെല്ലാം പരിഗണിക്കുമെന്നും ആവശ്യമായ മാറ്റംവരുത്താമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കി. നയം മാറ്റുമെന്ന് മുന്നണി കണ്‍വീനര്‍ പി പി തങ്കച്ചന്‍ പിന്നീട് വാര്‍ത്താലേഖകരെയും അറിയിച്ചു.

    ReplyDelete