Monday, August 1, 2011

മദ്യനയം: ടൂറിസത്തിന്റെ മറവില്‍ ബാറുകള്‍ വ്യാപകമാകും

യുഡിഎഫ് യോഗം ഇന്ന്: പുലിവാല് പിടിച്ച് മദ്യനയം

തിങ്കളാഴ്ച വൈകിട്ട് ചേരുന്ന യുഡിഎഫ് യോഗത്തില്‍ മദ്യനയവും അക്കാദമി അധ്യക്ഷന്‍മാരുടെ നിയമനവും ചര്‍ച്ചയാകും. യുഡിഎഫില്‍ വിശദമായി ചര്‍ച്ചചെയ്യാതെ മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിനെതിരെ മുസ്ലിംലീഗും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. വി എം സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് കെപിസിസിയും മദ്യനയത്തെ തള്ളിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലീഗിന്റെ രംഗപ്രവേശം. മന്ത്രിസഭ ചര്‍ച്ചചെയ്ത് അംഗീകരിച്ചതാണെങ്കിലും ഇത് മുന്നണിയില്‍ ചര്‍ച്ചചെയ്തില്ലെന്നാണ് പ്രധാന വിമര്‍ശം.
ബോര്‍ഡ്-കോര്‍പറേഷന്‍ വിഭജനത്തെച്ചൊല്ലി ഘടകകക്ഷികള്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഈ പ്രതിഷേധം തിങ്കളാഴ്ചത്തെ യോഗത്തില്‍ ഉന്നയിക്കുമെങ്കിലും കോണ്‍ഗ്രസ് നിലപാട് മാറ്റാനിടയില്ല. നിയമനങ്ങളില്‍ കോണ്‍ഗ്രസിലും തര്‍ക്കം രൂക്ഷമാണ്. അക്കാദമികളില്‍ ഏകപക്ഷീയമായി കോണ്‍ഗ്രസ് നിയമനം നടത്തിയതില്‍ സോഷ്യലിസ്റ്റ് ജനത, ജെഎസ്എസ്, സിഎംപി കക്ഷികള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. ഈ അമര്‍ഷം മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും അറിയിച്ച ഘടകകക്ഷികള്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട പദവികളുടെ പട്ടികയും നല്‍കിയിട്ടുണ്ട്. ഈ പട്ടികയില്‍ തിങ്കളാഴ്ച പൂര്‍ണധാരണയിലെത്താന്‍ കഴിയില്ലെന്നാണ് സൂചന. വീണ്ടും ഉഭയകക്ഷി നടത്തിയാകും തീരുമാനം. 19നകം ബോര്‍ഡ്-കോര്‍പറേഷന്‍ വിഭജനം പൂര്‍ത്തിയാക്കുമെന്നാണ് യുഡിഎഫ് നേതൃത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ , ഇത് യാഥാര്‍ഥ്യമാകാന്‍ ഇടയില്ല. നിയമസഭയില്‍ വോട്ടിങ് സമയത്ത് ഭരണകക്ഷി അംഗങ്ങള്‍ മുങ്ങിയതിനെത്തുടര്‍ന്ന് നാണക്കേടുണ്ടായ സംഭവവും യോഗത്തില്‍ ചര്‍ച്ചയാകും.

മദ്യനയം ലീഗ് മന്ത്രിമാര്‍ അംഗീകരിച്ചത് വിവാദത്തില്‍

മലപ്പുറം: വിവാദമായ മദ്യനയം മന്ത്രിസഭാ യോഗത്തില്‍ അംഗീകരിച്ച മുസ്ലിംലീഗ് മന്ത്രിമാര്‍ വെട്ടില്‍ . യോഗത്തില്‍ എല്ലാ വ്യവസ്ഥകള്‍ക്കും പൂര്‍ണ പിന്തുണ നല്‍കിയ മന്ത്രിമാരുടെ നടപടി മുസ്ലിംലീഗില്‍ കടുത്ത വിമര്‍ശത്തിന് കാരണമായി. ഇക്കാര്യത്തില്‍ ലീഗ് മന്ത്രിമാര്‍ ജാഗ്രത കാണിച്ചില്ലെന്നാണ് വിലയിരുത്തല്‍ . പാണക്കാട്ട് ഞായറാഴ്ച ചേര്‍ന്ന അനൗപചാരിക യോഗം ഈ വിഷയം ചര്‍ച്ചചെയ്തു. മന്ത്രിമാര്‍ പാര്‍ടി നിലപാട് പറയുന്നതില്‍ വീഴ്ചവരുത്തിയെന്നും വിമര്‍ശനം ഉയര്‍ന്നു. തിങ്കളാഴ്ച യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്ന പി കെ കുഞ്ഞാലിക്കുട്ടി മദ്യനയത്തില്‍ ലീഗിന്റെ അഭിപ്രായം അറിയിക്കും.

ബാറുകളുടെ പ്രവര്‍ത്തനം രാത്രി 12വരെയാക്കിയ തീരുമാനത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുത്ത ലീഗ് മന്ത്രിമാര്‍ എതിര്‍ത്തിരുന്നില്ല. ബാര്‍ ലൈസന്‍സ് ഇഷ്ടംപോലെ നല്‍കുന്ന വ്യവസ്ഥക്ക്പിന്തുണനല്‍കിയ മന്ത്രിമാര്‍ മദ്യവര്‍ജനമെന്ന ലീഗിന്റെ നിലപാടിനെക്കുറിച്ചും മിണ്ടിയില്ല. മദ്യലൈസന്‍സ് നല്‍കാനുളള അധികാരം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന പ്രഖ്യാപിത നിലപാടും വിഴുങ്ങി. ഒടുവില്‍ വിവാദ തീരുമാനങ്ങള്‍ പുറത്തുവന്നപ്പോഴാണ് ഗത്യന്തരമില്ലാതെ ലീഗ് മലക്കംമറിഞ്ഞത്. പ്രതിപക്ഷത്തിനൊപ്പം മുസ്ലിം സാമുദായിക സംഘടനകളും ഈ വിഷയം ഏറ്റെടുത്തതോടെ ലീഗ് അപകടം മണത്തു. ഇതോടെയാണ് മദ്യനയം തിരുത്തണമെന്ന് അഭിപ്രായവുമായി ജനറല്‍ സെക്രട്ടറി കെപിഎ മജീദ് രംഗത്തുവന്നത്.

മന്ത്രി കെ ബാബു നിയമസഭയില്‍ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായിരുന്നു മന്ത്രിസഭാ തീരുമാനമെന്ന് ലീഗ് എംഎല്‍എമാര്‍ അഭിപ്രായപ്പെട്ടു. എക്സൈസ് മന്ത്രി അവതരിപ്പിച്ച കരട് നയത്തിലെ എല്ലാ വ്യവസ്ഥകളോടും മന്ത്രിസഭായോഗത്തില്‍ ലീഗ് മന്ത്രിമാര്‍ എന്തിന് യോജിച്ചുവെന്നത് ഇപ്പോഴും ദുരൂഹമാണ്. പി കെ കുഞ്ഞാലിക്കുട്ടിയുമായും മന്ത്രി ബാബു ചര്‍ച്ചനടത്തിയിരുന്നു. എന്നാല്‍ ഒരു എതിര്‍പ്പും അന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞില്ല. കരട് നയത്തിലെ വ്യവസ്ഥകള്‍ സംസ്ഥാനത്ത് മദ്യമൊഴുക്കിന് വഴിയൊരുക്കുമെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ നിലപാട്. മദ്യലോബിയെ സഹായിക്കുന്ന നയമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതിനാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച മദ്യനയം പൂര്‍ണമായും തള്ളണമെന്നാണ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ നേതൃത്വംനല്‍കുന്ന വിഭാഗത്തിന്റെ നിലപാട്.
(ആര്‍ രഞ്ജിത്)

മദ്യനയം: മതിയായ ചര്‍ച്ച നടന്നിട്ടില്ല- മന്ത്രി ആര്യാടന്‍

മലപ്പുറം: മദ്യനയം സംബന്ധിച്ച് യുഡിഎഫിനകത്തും മന്ത്രിസഭയിലും അഭിപ്രായ ഭിന്നത തലപൊക്കുന്നു. മദ്യനയം സംബന്ധിച്ച്കോണ്‍ഗ്രസിലും യുഡിഎഫിലും മതിയായ ചര്‍ച്ച നടന്നിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് മലപ്പുറത്ത് പറഞ്ഞു. മലപ്പുറം പ്രസ്ക്ലബ്ബിന്റെ " മീറ്റ് ദ മിനിസ്റ്റര്‍" പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്യാടന്‍ . യുഡിഎഫിന്റെ പ്രകടനപത്രികയില്‍ ബാറുകള്‍ തുടങ്ങാനുള്ള അധികാരം തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞിരുന്നു. പുതിയ മദ്യനയം ഇതിനെതിരാണ്. മദ്യനയത്തിലെ പോരായ്മകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു

അതിനിടെ, മദ്യനയത്തില്‍ പാര്‍ടി മന്ത്രിമാര്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് മുസ്ലീം ലീഗില്‍ വിമര്‍ശനമുയര്‍ന്നു. മദ്യനയം വേണ്ടരീതിയില്‍ ചര്‍ച്ചചെയ്തില്ലെന്ന ആക്ഷേപം കോണ്‍ഗ്രസിലെ ചിലര്‍ക്കുമുണ്ട്. ബാര്‍ തുടങ്ങാന്‍ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിബന്ധനവയ്ക്കുമെന്ന് യുഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. ഇത് പുതിയ മദ്യനയത്തിലില്ല. ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയതിലും അഭിപ്രായവ്യത്യാസമുണ്ട്.

ഇതിനിടെ, ആദ്യഘട്ടത്തില്‍ പിന്തുണച്ചിരുന്ന ലത്തിന്‍ കത്തോലിക്കസഭയും മദ്യനയത്തിനെതിരെ രംഗത്തുവന്നു. ഇടക്കൊച്ചിയില്‍ കേരള റീജണല്‍ ലാറ്റിന്‍ കത്തോലിക് കൗണ്‍സിലിന്റെ ജനറല്‍ അസംബ്ലി സമാപനത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം മദ്യനയത്തെ വിമര്‍ശിച്ചു. പുതിയ സര്‍ക്കാരിന്റെ മദ്യനയം അപാകം നിറഞ്ഞതാണ്. ഇതു തിരുത്തണമെന്നും ബിഷപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മദ്യനയം: ടൂറിസത്തിന്റെ മറവില്‍ ബാറുകള്‍ വ്യാപകമാകും

ടൂറിസംമേഖലയില്‍ ബാര്‍ അനുവദിക്കുന്നതില്‍ ഇളവ് നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം കേരളത്തില്‍ ബാര്‍ ഹോട്ടലുകള്‍ വ്യാപകമാകാന്‍ വഴിവയ്ക്കും. നിലവില്‍ പത്ത് ടൂറിസ്റ്റ് മേഖലയ്ക്കാണ് നയത്തില്‍ ഇളവ് നല്‍കിയത്. ബേക്കല്‍ , വൈത്തിരി, ആലപ്പുഴ, കുമരകം, ഫോര്‍ട്ടുകൊച്ചി, കുമളി, മൂന്നാര്‍ , വര്‍ക്കല, കോവളം, അഷ്ടമുടി എന്നിവിടങ്ങളില്‍ എല്ലാ ത്രീ സ്റ്റാര്‍ ഹോട്ടലിനും ലൈസന്‍സ് നല്‍കുമെന്നാണ് മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തില്‍ പറയുന്നത്. ബാറുകള്‍ തമ്മിലെ ദൂരനിബന്ധനപോലും ഇവിടെ ബാധകമല്ല. ടൂറിസ്റ്റ് മേഖല എന്ന പദവി നല്‍കുന്നത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരമാണ്. കേരളത്തില്‍ ഏറ്റവും സാധ്യതയുള്ള സാമ്പത്തിക വികസനമേഖല എന്നനിലയില്‍ ടൂറിസത്തിന് ഊന്നല്‍ നല്‍കുന്ന നയം രൂപീകരിക്കണമെന്നതാണ് 12-ാം ധനകമീഷന്റെ പ്രധാന നിബന്ധന. ഈ സ്ഥിതിയില്‍ കേരളത്തെ ഒറ്റ യൂണിറ്റായി കണ്ട് ടൂറിസം വികസനപദ്ധതികള്‍ക്ക് രൂപംനല്‍കേണ്ടിവരും. അതോടെ പുതിയ മദ്യനയം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ഭാവിയില്‍ നിയന്ത്രണമില്ലാതെ ആര്‍ക്കും ബാര്‍ ലൈസന്‍സ് ലഭിക്കും.

ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കുമാത്രമായി പുതിയ ബാര്‍ ലൈസന്‍സ് പരിമിതപ്പെടുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഫോര്‍ സ്റ്റാര്‍ ബാര്‍ ഹോട്ടലുകളുടെ ദൂരപരിധി 50ല്‍നിന്ന് 200 മീറ്ററാക്കാനും തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നതിനാല്‍ നടപ്പാക്കാനായില്ല. പുതിയ മദ്യനയത്തില്‍ ദുഃഖവെള്ളിയാഴ്ച ഡ്രൈ ഡേ ആയിരിക്കുമെന്ന് പ്രഖ്യാപിക്കുന്നു. 2007 മുതല്‍ ഇത് നിലവിലുള്ളതാണ്. കൂടുതല്‍ ബാറിന് ലൈസന്‍സ് കൊടുക്കേണ്ടിവരുമെന്ന് പറയുന്ന മന്ത്രി, ബിവറേജസ് കോര്‍പറേഷന്റെ വില്‍പ്പനകേന്ദ്രങ്ങള്‍ക്ക് ഇനി അനുമതി നല്‍കില്ലെന്നും പറയുന്നു. ബാര്‍ ഉടമകളെ സഹായിക്കുന്നതിനൊപ്പം വ്യാജമദ്യത്തിന്റെ ഒഴുക്കിനും ഈ നയം വഴിതെളിക്കുമെന്ന് മുന്‍ എക്സൈസ്മന്ത്രി പി കെ ഗുരുദാസന്‍ ചൂണ്ടിക്കാട്ടി.
(ജി രാജേഷ്കുമാര്‍)

deshabhimani 010811

1 comment:

  1. ടൂറിസംമേഖലയില്‍ ബാര്‍ അനുവദിക്കുന്നതില്‍ ഇളവ് നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം കേരളത്തില്‍ ബാര്‍ ഹോട്ടലുകള്‍ വ്യാപകമാകാന്‍ വഴിവയ്ക്കും. നിലവില്‍ പത്ത് ടൂറിസ്റ്റ് മേഖലയ്ക്കാണ് നയത്തില്‍ ഇളവ് നല്‍കിയത്. ബേക്കല്‍ , വൈത്തിരി, ആലപ്പുഴ, കുമരകം, ഫോര്‍ട്ടുകൊച്ചി, കുമളി, മൂന്നാര്‍ , വര്‍ക്കല, കോവളം, അഷ്ടമുടി എന്നിവിടങ്ങളില്‍ എല്ലാ ത്രീ സ്റ്റാര്‍ ഹോട്ടലിനും ലൈസന്‍സ് നല്‍കുമെന്നാണ് മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തില്‍ പറയുന്നത്. ബാറുകള്‍ തമ്മിലെ ദൂരനിബന്ധനപോലും ഇവിടെ ബാധകമല്ല. ടൂറിസ്റ്റ് മേഖല എന്ന പദവി നല്‍കുന്നത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരമാണ്. കേരളത്തില്‍ ഏറ്റവും സാധ്യതയുള്ള സാമ്പത്തിക വികസനമേഖല എന്നനിലയില്‍ ടൂറിസത്തിന് ഊന്നല്‍ നല്‍കുന്ന നയം രൂപീകരിക്കണമെന്നതാണ് 12-ാം ധനകമീഷന്റെ പ്രധാന നിബന്ധന. ഈ സ്ഥിതിയില്‍ കേരളത്തെ ഒറ്റ യൂണിറ്റായി കണ്ട് ടൂറിസം വികസനപദ്ധതികള്‍ക്ക് രൂപംനല്‍കേണ്ടിവരും. അതോടെ പുതിയ മദ്യനയം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ഭാവിയില്‍ നിയന്ത്രണമില്ലാതെ ആര്‍ക്കും ബാര്‍ ലൈസന്‍സ് ലഭിക്കും.

    ReplyDelete