പണിമുടക്ക് നിരോധിക്കാന്‍ മമത നിയമനിര്‍മാണത്തിന്
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പണിമുടക്ക് നിരോധിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിയമനിര്‍മാണത്തിനൊരുങ്ങുന്നു. ഉത്തരബംഗാളില്‍ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികള്‍ ന്യായമായ വേതനം ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയ പശ്ചാത്തലത്തിലാണ് മമത നിയമത്തെക്കുറിച്ച് ആലോചിക്കുന്നത്.
"പണിമുടക്കിന്റെ രാഷ്ട്രീയം തുടരാന്‍ അനുവദിക്കില്ല. തേയിലത്തോട്ടങ്ങളില്‍ നിരവധി പ്രശ്നമുണ്ടാകാം. എന്നാല്‍ , പണിമുടക്കല്ല അതിനുള്ള പരിഹാരം"- മമത പറഞ്ഞു.
ഉത്തരബംഗാളിലെ തരായ്, ദുവാര്‍സ് മേഖലകളിലെ ഇരുനൂറിലധികം തേയിലത്തോട്ടത്തില്‍ വേതനവര്‍ധന ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമരത്തിലാണ്. അടച്ചിട്ട നിരവധി തേയിലത്തോട്ടം ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് തുറന്നിരുന്നു. ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് തോട്ടം തൊഴിലാളികള്‍ക്ക് തീരുമാനിച്ച നിയമപരമായ വേതനം 180 രൂപയാണ്. ഇപ്പോള്‍ കിട്ടുന്നത് 67 രൂപ. മമത അധികാരമേറ്റ ഉടന്‍ പല കാരണം നിരത്തി വേതനം വെട്ടിക്കുറച്ചു. രണ്ടുമാസത്തിനുള്ളില്‍ കുറച്ചത് 60 രൂപ. വ്യവസായം നേരിടുന്ന പ്രതിസന്ധിയുടെ പേരിലാണ് തോട്ടമുടമകള്‍ വേതനം അടിക്കടി വെട്ടിക്കുറയ്ക്കുന്നത്. തോട്ടമുടമകളുടെ ചൂഷണത്തിന് ഒത്താശചെയ്യുകയാണ് മമതസര്‍ക്കാര്‍ .
സാല്‍ബണി സ്റ്റീല്‍ പ്ലാന്റ് നിര്‍മാണം തടസ്സപ്പെടുത്താന്‍ മമതയുടെ ശ്രമം
കൊല്‍ക്കത്ത: ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം ആരംഭിച്ച സാല്‍ബണിയിലെ ജിന്‍ഡാള്‍ സ്റ്റീല്‍ പ്ലാന്റിന്റെ നിര്‍മാണം തടസ്സപ്പെടുത്താന്‍ മമത സര്‍ക്കാര്‍ ശ്രമം തുടങ്ങി. പ്ലാന്റിന് ഏറ്റെടുത്ത ഭൂമിയില്‍ 294 ഏക്കര്‍ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍ കമ്പനിയോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയ ഭൂമിക്കു പുറമെ സ്വകാര്യ വ്യക്തികളില്‍നിന്ന് കമ്പനി നേരിട്ടു വാങ്ങിയ ഭൂമിയുടെ വിശദാംശം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 4334 ഏക്കര്‍ ഭൂമിയാണ് ഇവിടെ ജിന്‍ഡാലിന്റെ കൈവശമുള്ളത്. ഇതില്‍ 294 ഏക്കര്‍ ഭൂമിക്ക് പ്രത്യേക അനുമതി നല്‍കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അത് നടപ്പാക്കാന്‍ കഴിഞ്ഞില്ല.
35000 കോടി രൂപ മുതല്‍മുടക്കുള്ള സാല്‍ബനി സ്റ്റീല്‍ പ്ലാന്റ് ഇടതുമുന്നണി സര്‍ക്കാരിന്റെ വ്യവസായപദ്ധതികളില്‍ ഏറ്റവും വലുതായിരുന്നു. 2008 നവമ്പര്‍ രണ്ടിന് പ്ലാന്റിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചശേഷം കൊല്‍ക്കത്തയ്ക്ക് മടങ്ങുമ്പോഴാണ് ബുദ്ധദേവ് ഭട്ടാചാര്യക്കു നേരെ വധശ്രമം ഉണ്ടായത്. തുടക്കംമുതല്‍ സിംഗൂരിലെപ്പോലെ സാല്‍ബണിയിലും വ്യവസായവല്‍ക്കരണത്തെ എതിര്‍ക്കുന്ന നിലപാടാണ് മമത സ്വീകരിച്ചത്.
തൃണമൂല്‍ സംഘടനയില്‍ ചേരാത്തതിന് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചു
കൊല്‍ക്കത്ത: തങ്ങളുടെ വിദ്യാര്‍ഥി സംഘടനയായ തൃണമൂല്‍ ഛാത്ര പരിഷത്തില്‍ (ടിഎംസിപി) ചേരാത്തതിന് തൃണമൂലുകാര്‍ കോളേജ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചു. കൈയില്‍ ബ്ലേഡ് കൊണ്ടു വരഞ്ഞ് മുറിവേല്‍പ്പിച്ചു. സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് മോചിപ്പിച്ചു. ഹൂഗ്ലി ജില്ലയിലെ താരകേശ്വറിലാണ് സംഭവം.
ചമ്പഡാംഗ രവീന്ദ്ര കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി പമ്പാബേരയെ താരകേശ്വറിലെ കംപ്യൂട്ടര്‍ പരിശീലന കേന്ദ്രത്തിലേക്ക് പോകുംവഴിയാണ് തൃണമൂല്‍ ഛാത്ര പരിഷത്ത് സംഘം തടഞ്ഞുനിര്‍ത്തിയത്. കോളേജില്‍ തൃണമൂല്‍ സംഘടനയില്‍ ചേരാത്തതിന് പരസ്യമായി അപമാനിച്ച സംഘം പെണ്‍കുട്ടിയുടെ മുടി മുറിച്ചുകളഞ്ഞശേഷം ബ്ലേഡ് കൊണ്ട് ഇരു കൈകളിലും മുറിവേല്‍പ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് ആറ് ഛാത്ര പരിഷത്ത് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. താരകേശ്വര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ഉത്തം കുണ്ഡു, കൗണ്‍സിലര്‍ മുഹമ്മദ് നൈം എന്നിവരുടെ നേതൃത്വത്തിലെത്തിയ തൃണമൂല്‍ പ്രവര്‍ത്തകരാണ് സ്റ്റേഷന്‍ വളഞ്ഞ് പൊലീസുകാരെ ആക്രമിച്ച് പ്രതികളെ രക്ഷപ്പെടുത്തിയത്. സ്റ്റേഷന്‍ ആക്രമണത്തിനു നേതൃത്വം നല്‍കിയ നഗരസഭാ വൈസ് ചെയര്‍മാനും ഒരു തൃണമൂല്‍ നേതാവും അറസ്റ്റിലായി.
സിപിഐ എം അനുഭാവിയെന്ന കാരണത്താല്‍ പെണ്‍കുട്ടിയുടെ അച്ഛനെ നേരത്തേ തൃണമൂല്‍ സംഘം ആക്രമിച്ചിരുന്നു. ഇവരുടെ ഭൂമി പിടിച്ചെടുക്കാനും ശ്രമം നടത്തി. പൂര്‍വ മേദിനിപ്പുരില്‍ തൃണമൂല്‍ അക്രമത്തെ തുടര്‍ന്ന് പലായനം ചെയ്ത അധ്യാപകന്‍ അനാദിനന്ദന്‍ റാവത്ത് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി. പാര്‍ടി ഓഫീസുകളില്‍ കുറേക്കാലം താമസിച്ച റാവത്ത് ഇപ്പോള്‍ കൊല്‍ക്കത്ത ബെഹാലയിലെ ബന്ധുവീട്ടിലാണ് താമസം.
(വി ജയിന്‍)
ദേശാഭിമാനി 150811
തങ്ങളുടെ വിദ്യാര്‍ഥി സംഘടനയായ തൃണമൂല്‍ ഛാത്ര പരിഷത്തില്‍ (ടിഎംസിപി) ചേരാത്തതിന് തൃണമൂലുകാര്‍ കോളേജ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചു. കൈയില്‍ ബ്ലേഡ് കൊണ്ടു വരഞ്ഞ് മുറിവേല്‍പ്പിച്ചു. സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് മോചിപ്പിച്ചു. ഹൂഗ്ലി ജില്ലയിലെ താരകേശ്വറിലാണ് സംഭവം.
ReplyDelete