Monday, August 1, 2011

മീനച്ചില്‍ പദ്ധതി ധനമന്ത്രിയുടെ സങ്കുചിത താല്‍പര്യം: ബിനോയ് വിശ്വം

മൂവാറ്റുപുഴ: നിര്‍ദ്ദിഷ്ട മീനച്ചില്‍ പദ്ധതിക്കുപിന്നില്‍ ധനമന്ത്രിയുടെ സങ്കുചിത താല്‍പര്യമാണെന്ന് മുന്‍ വനംമന്ത്രി ബിനോയ്‌വിശ്വം പറഞ്ഞു. എഐവൈഎഫ് ജില്ലാകമ്മിറ്റി മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച ബഹുജനകണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  ഈ പദ്ധതി മൂവാറ്റുപുഴയാറിനെ തകര്‍ക്കും. യുഡിഎഫ്‌സര്‍ക്കാര്‍ മീനച്ചിലാറിനെയും മൂവാറ്റുപുഴയാറിനെയും സംയോജിപ്പിക്കാന്‍ നടത്തുന്ന നീക്കം അന്തര്‍സംസ്ഥാനപദ്ധതിയായ അച്ചകോവിലാര്‍-വൈപ്പാര്‍ പദ്ധതിയില്‍ കേരളം സ്വീകരിച്ച നിലപാടിനെ ദുര്‍ബലപ്പെടുത്തും. പ്രകൃതിയും ജലസ്രോതസുകളും സംരക്ഷിക്കുന്ന വികസനമാണ് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

മൂവാറ്റുപുഴയാറില്‍ ഇപ്പോള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മൂന്ന് വന്‍കിട കുടിവെള്ളപദ്ധതികളളെയും  16 ചെറുകിട കുടിവെള്ളപദ്ധതികളെയും, 27 ജലസേചന പദ്ധതികളെയും അട്ടിമറിക്കുന്നതാണ് നിര്‍ദ്ദിഷ്ട പദ്ധതി. നൂറുകണക്കിന് ഹെക്ടര്‍ കാര്‍ഷികമേഖല ആശ്രയിക്കുന്ന മൂവാററുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടും പ്രതിസന്ധിയിലാകും. എറണാകുളം ജില്ലയില്‍ മാത്രമല്ല, വൈക്കം, ചേര്‍ത്തല, ഏറ്റുമാനൂര്‍ എന്നീ പ്രദേശങ്ങളിലേക്കും കുടിവെള്ളം നല്‍കുന്നത് നിലവില്‍ മൂവാറ്റുപുഴയാറില്‍നിന്നാണ്. ഇവയെല്ലാം താറുമാറാക്കുന്ന മീനച്ചില്‍ പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് കണ്‍വെന്‍ഷന്‍ അംഗീകരിച്ച സമരപ്രഖ്യാപന രേഖയില്‍ പറഞ്ഞു.

വിവിധ തുടര്‍പ്രക്ഷോഭങ്ങള്‍ക്ക് കണ്‍വെന്‍ഷന്‍ രൂപംനല്‍കി. പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അഡ്വ. കെ എന്‍ സുഗതന്‍ ചെയര്‍മാനും ടി എം ഹാരിസ് കണ്‍വീനറുമായി മൂവാറ്റുപുഴയാര്‍ സംരക്ഷണസമിതിക്കും രൂപംനല്‍കി. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ടി എം ഹാരിസ് അധ്യക്ഷതവഹിച്ചു. മുന്‍ എംഎല്‍എ ബാബുപോള്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഇ എ കുമാരന്‍, അഡ്വ. കെ എന്‍ സുഗതന്‍, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍, എഐവൈഎഫ് ജില്ലാ സെക്രട്ടറി ടി സി സന്‍ജിത്ത്, എല്‍ദോ എബ്രഹാം, അഡ്വ. ജിന്‍സണ്‍ വി പോള്‍  എന്നിവര്‍ പ്രസംഗിച്ചു.

janayugom 010811

1 comment:

  1. മൂവാറ്റുപുഴയാറില്‍ ഇപ്പോള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മൂന്ന് വന്‍കിട കുടിവെള്ളപദ്ധതികളളെയും 16 ചെറുകിട കുടിവെള്ളപദ്ധതികളെയും, 27 ജലസേചന പദ്ധതികളെയും അട്ടിമറിക്കുന്നതാണ് നിര്‍ദ്ദിഷ്ട പദ്ധതി. നൂറുകണക്കിന് ഹെക്ടര്‍ കാര്‍ഷികമേഖല ആശ്രയിക്കുന്ന മൂവാററുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടും പ്രതിസന്ധിയിലാകും. എറണാകുളം ജില്ലയില്‍ മാത്രമല്ല, വൈക്കം, ചേര്‍ത്തല, ഏറ്റുമാനൂര്‍ എന്നീ പ്രദേശങ്ങളിലേക്കും കുടിവെള്ളം നല്‍കുന്നത് നിലവില്‍ മൂവാറ്റുപുഴയാറില്‍നിന്നാണ്. ഇവയെല്ലാം താറുമാറാക്കുന്ന മീനച്ചില്‍ പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് കണ്‍വെന്‍ഷന്‍ അംഗീകരിച്ച സമരപ്രഖ്യാപന രേഖയില്‍ പറഞ്ഞു.

    ReplyDelete